ന്യൂഡല്‍ഹി: നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം ബോംബയ്ക്കുമെതിരെ മാനനഷ്ടകേസുമായി യുവാവ് രംഗത്ത്. ഫൈസൻ അൻസാരിയെന്ന യുവാവാണ് ഇരുവർക്കുമെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നടിയുടെ വ്യാജമരണവാർത്തയുമായി ബന്ധപ്പെട്ടാണ് കേസ്.
അതേസമയം സെർവിക്കല്‍ കാൻസർ ബാധിതയായി പൂനം മരിച്ചെന്ന വാർത്ത അനേകം ആരാധകരുടെ സങ്കടത്തിന് കാരണമായെന്നും കാൻസർ പോലൊരു മാരകരോഗത്തെ തമാശയായി ചിത്രീകരിച്ചെന്നും ആരോപിച്ചാണ് യുവാവ് ഇരുവർക്കുമെതിരെ പരാതി നല്‍കി രംഗത്ത് എത്തിയിരിക്കുന്നത്.
ഈ മാസം രണ്ടിനാണ് പൂനം കാൻസർ ബാധിച്ച് മരിച്ചെന്ന വ്യാജ വാർത്ത താരം തന്നെ പുറത്തു വിട്ടത്. താരത്തിന്റെ മരണവിവരം പൂനത്തിന്റെ തന്നെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി വന്നത്. സെർവിക്കല്‍ കാൻസറിനെ തുടർന്ന് പൂനം ഏറെ നാളുകളായി ചികിത്സയിലായിരുന്നുവെന്നായിരുന്നു പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്. നിരവധി ആരാധകരാണ് നടിയുടെ മരണത്തില്‍ പ്രതികരണവുമായി എത്തിയത്.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ താൻ മരിച്ചിട്ടില്ലെന്ന പോസ്റ്റുമായി പൂനം സോഷ്യല്‍മീഡിയയില്‍ എത്തുകയായിരുന്നു. സെർവിക്കല്‍ കാൻസർഎന്ന മാരകരോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായാണ് മരണവാർത്ത വ്യാജമായി സൃഷ്ടിച്ചതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. 'മരണവാർത്തയില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. നമ്മള്‍ വലിയ രീതിയില്‍ ശ്രദ്ധ നല്‍കാത്ത സെർവിക്കല്‍ കാൻസർ എന്ന വിഷയത്തെക്കുറിച്ച് അടിയന്തരമായി ചർച്ച ചെയ്യുക എന്നതായിരുന്നു മരണവാർത്തകളിലൂടെ എന്റെ ഉദ്ദേശം. ഞാൻ എന്റെ മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു' എന്നാണ് പൂനം പങ്കുവച്ച വീഡിയോ പോസ്റ്റില്‍ പറയുന്നത്. എന്തായാലും പുതിയ കേസിനെ കൊറിച്ചു താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്