നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര. തനിക്കും വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണവുമായി നയന്‍താര രംഗത്തെത്തിയിരിക്കുന്നത്. നയൻതാര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച തുറന്ന കത്തിലാണ് ധനുഷിനെതിരെയുളള വെളിപ്പെടുത്തലുകള്‍.
നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നില്‍ ധനുഷാണെന്ന് നയന്‍താരയുടെ കുറിപ്പില്‍ ആരോപിക്കുന്നു.
2022ലായിരുന്നു നയന്‍താര-വിഘ്‌നേശ് വിവാഹം. നയൻതാരയുടെ കരിയറിനെ ആധാരമാക്കി ഒരുക്കിയ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഉപയോഗിക്കുന്നതിന് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വർഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് കുറിപ്പില്‍ പറയുന്നു.
വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. നയന്‍താരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാൻ വിസമ്മതിക്കുകയായിരുന്നു.
നടപടികള്‍ക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. ഇക്കാരണത്താല്‍ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയൻതാരയുടെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഒടുവിലായി ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് നയൻതാരക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈർഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.
ഇന്റർനെറ്റില്‍ ഇതിനോടകം പ്രചരിച്ചിരുന്ന ചില ദൃശ്യങ്ങളാണ് ട്രെയിലറില്‍ താൻ ഉപയോഗിച്ചതെന്നും ബി.ടി.എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് എങ്ങനെ പകർപ്പവകാശ ലംഘനമാകുമെന്നും നയൻതാര ചോദിക്കുന്നു. മുമ്ബും ധനുഷിന്റെ പ്രവൃത്തികള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുളളതായി കത്തില്‍ വെളിപ്പെടുത്തലുണ്ട്.
സിനിമാ ചിത്രീകരണ സമയത്ത് ധനുഷിൻ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു. സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് ചിത്രം വലിയ വിജയമായപ്പോള്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്