ഒരു കാലത്ത് യുവാക്കൾക്കിടയിൽ ഹരമായി മാറിയ മലയാളത്തിന്റെ സ്വന്തം അനശ്വര നടൻ ജയൻറെ ഓർമ്മകൾക്ക് ഇന്ന് 44 വയസ്സ്. മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണം ജയൻ കഴിഞ്ഞിട്ടേ മറ്റൊരാൾക്കുള്ളൂ. 1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുന്നു.
വിടവാങ്ങിയിട്ട് നാലരപതിറ്റാണ്ടിനോട് അടുക്കുമ്പോഴും ആ ജയൻ തരംഗം തെല്ലും കുറയാതെ തലമുറകളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു.
‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. 120-ലധികം സിനിമകൾ അഭിനയിച്ച പാരമ്പര്യമുള്ള ജയൻ പിന്നീട് നിത്യഹരിത നടനായി തുടർന്നു. 1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിൽ ജനിച്ച കൃഷ്ണൻനായർ 15 വർഷത്തെ നാവികസേനയിലെ സേവനത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. 1974ൽ ശാപമോക്ഷത്തിലൂടെ അരങ്ങേറ്റം. ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന കല്ലിയൂർ ശശി ജയന്റെ മരണത്തിൽ കലാശിച്ച അപകടത്തെ കുറിച്ച് മുൻപ് വെളിപ്പെടുത്തിയിരുന്നു.
ഒരു ടേക്ക് കൂടി വേണമെന്ന് ജയൻ നിർബന്ധിച്ചരുന്നത്രെ. ഇത് അദ്ദേഹത്തിന്റെ അവസാനത്തേതായി മാറുകയും ചെയ്തു. ആദ്യത്തെ മൂന്ന് ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ചലിക്കുന്ന മോട്ടോർബൈക്കിൽ നിന്ന് ഹെലികോപ്റ്ററിൽ തന്റെ കാൽ ചുറ്റിക്കയറാൻ ജയൻ ശ്രമിച്ചു. അങ്ങനെ കയറാനും വില്ലനെ പിടിക്കാനും ആ രംഗം തയ്യാറാക്കുകയായിരുന്നു ലക്‌ഷ്യം. അത്തരമൊരു അപകടകരമായ നീക്കത്തിൽ നിന്ന് ജയനെ പിന്തിരിപ്പിക്കാൻ ബാലൻ കെ. നായർ ശ്രമിച്ചെങ്കിലും ജയൻ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.
എന്നിരുന്നാലും, ഇത് എല്ലാ ഭാരവും ഒരു വശത്തേക്ക് ചരിയാൻ കാരണമായി. ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടുകയും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള ഷോളവാരം എയർസ്ട്രിപ്പിൽ ഇടിക്കുകയും ചെയ്തു. പൈലറ്റും ബാലനും വശങ്ങളിൽ നിന്ന് തെറിച്ചുവീണപ്പോൾ, നിർഭാഗ്യവശാൽ ജയന് അതിനു കഴിഞ്ഞില്ല.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തന്റെ സിനിമാ ജീവിതത്തിൽ, അദ്ദേഹം പ്രാഥമികമായി ഒരു ആക്ഷൻ താരമായിരുന്നു. കൂടാതെ തന്റെ മാച്ചോ ഇമേജിനും അതുല്യമായ ശൈലിക്കും പ്രത്യേകിച്ചും ശ്രദ്ധേയനായിരുന്നു. അപകടകരമായ സ്വഭാവമുള്ള സ്റ്റണ്ടുകൾ സ്വന്തമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. 1970-കളുടെ അവസാനത്തോടെ, അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ സൂപ്പർ സ്റ്റാർ, നായക നടൻ എന്ന നിലയിലെത്തി. കൂടാതെ മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന ബഹുമതിയും നേടി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായാണ് ജയൻ അറിയപ്പെടുന്നത്. സത്യൻ മാഷും പ്രേംനസീറും കത്തിനിൽക്കുന്ന കാലത്ത് വില്ലൻ വേഷത്തിലൂടെ തന്റെ തനതായ സ്റ്റൈലിലൂടെ ജയൻ പുതിയ വഴി വെട്ടി. ശരപഞ്ജരത്തിലൂടെ സൂപ്പർ താരപദവിയും താരം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്