കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃനിരയില്‍ വൻ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് സൂചന. കാല്‍നൂറ്റാണ്ടായി അമ്മയുടെ നേതൃനിരയിലുള്ള നടൻ ഇടവേള ബാബു സ്ഥാനമൊഴിയുമെന്ന കടുത്ത നിലപാടിലാണ്.
പുതിയ നേതൃത്വം വരട്ടെ എന്നും മാറ്റം അനിവാര്യമാണെന്നും താനായിട്ട് മാറിയെങ്കിലേ നടക്കൂ എന്നുമാണ് ബാബുവിന്‍റെ നിലപാട്. നിലവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.
ബാബുവിനൊപ്പം പ്രസിഡന്‍റ് മോഹൻലാലും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഇരുവരും സ്ഥാനമൊഴിഞ്ഞാല്‍ നേതൃനിരയിലേക്ക് പുതിയതായി ആര് എത്തുമെന്നതാണ് താരസംഘടനയിലെ പ്രധാന ചർച്ച.
ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്‍ററിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്നു മുതല്‍ പത്രികകള്‍ സ്വീകരിക്കും.
1994-ല്‍ താരസംഘടന രൂപീകൃതമായ ശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ഇടവേള ബാബു നേതൃനിരയിലുണ്ട്. ഇന്നസെന്‍റ് പ്രസിഡന്‍റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ജോയിന്‍റ് സെക്രട്ടറിയായാണ് അദ്ദേഹം പ്രവർത്തനം തുടങ്ങിയത്.
മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചപ്പോള്‍ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയത്. കഴിഞ്ഞ തവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സംഘടനയുടെ കൂട്ടായ ആവശ്യപ്രകാരം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ എത്ര സമ്മർദ്ദമുണ്ടായാലും സ്ഥാനമൊഴിയുമെന്ന നിലപാടിലാണ് ഇടവേള ബാബു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്