രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. ഡിസംബർ 17ന് 550 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ആയി 17 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 555.75 കോടി രൂപയായി ഉയർന്നു.
എന്നാൽ ധുരന്ധറിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ യൂടൂബർ ധ്രുവ് റാഠി പങ്കുവെച്ച റിവ്യൂ വിഡിയോ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഡിസ് ലൈക്കുകൾ കൊണ്ട് നിറഞ്ഞ വിഡിയോക്ക് വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ. വിഡിയോക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ ഉണ്ടായിട്ടും തന്‍റെ കാഴ്ചക്കാരിൽ 90 ശതമാനം പേരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ടെന്ന് യുടൂബ് സ്റ്റുഡിയോ സ്ക്രീൻ ഷോട്ടുകൾ നിരത്തി ധ്രുവ് വ്യക്തമാക്കി.
എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സിനിമയുടെ റിവ്യൂ വിഡിയോക്കെതിരെ അറിഞ്ഞുകൊണ്ട് ഒരു വിഭാഗം വിദ്വേഷ കാംപെയ്ൻ നടത്തിയെന്നാണ് ദ്രുവ് ആരോപിക്കുന്നത്. വിഡിയോക്ക് താഴെ അറിഞ്ഞുകൊണ്ട് ആളുകൾ മോശം കമന്‍റുകൾ കൊണ്ട് നിറക്കുകയും കൂട്ടത്തോടെ ഡിസ് ലൈക്ക് ചെയ്യുകയുമായിരുന്നുവെന്ന് ദ്രുവ് പറയുന്നു. ധുരന്ധറിന്‍റെ നിർമാതാവ് ആദിത്യ ബി.ജെ.പി അനുഭാവിയും പ്രൊപഗൻഡ സിനിമകളുടെ നിർമാതാവുമാണെന്നും ദ്രുവ് ആരോപിക്കുന്നു.
വാട്സാപ്പ് ,റെഡിറ്റ്, എക്സ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തന്‍റെ സിനിമ റിവ്യൂ ചെയ്യുന്ന വിഡിയോ റിപ്പോർട്ട് ചെയ്യാനും ഡിസ് ലൈക്ക് ചെയ്യാനും സംഘടിത ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തതെന്നാണ് ദ്രുവ് ആരോപിക്കുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്താൽ മാത്രം കമന്‍റ് ചെയ്യാൻ കഴിയുന്ന സംവിധാനം ഓണാക്കിയത് വിദ്വേഷകരെ കൂടുതൽ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ ദ്രുവ് അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
അതേസമയം ആഭ്യന്തര നെറ്റ് കളക്ഷനിൽ എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ധുരന്ധർ ഇടം നേടി. പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന രൺബീർ കപൂറിന്റെ 'അനിമൽ' എന്ന ചിത്രത്തെ മറികടന്നാണ് 'ധുരന്ധർ' പട്ടികയിൽ കയറിയത്. 553 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് 'അനിമൽ' കളക്ട് ചെയ്തത്. സണ്ണി ഡിയോളിന്റെ 2024 ലെ ഹിറ്റ് ചിത്രമായ 'ഗദർ 2' (525 കോടി രൂപ), ഷാരൂഖ് ഖാന്റെ 'പത്താൻ' (543 കോടി രൂപ) എന്നീ ചിത്രങ്ങളേയും ഞായറാഴ്ച രൺവീർ സിംഗ് ചിത്രം മറികടന്നു. മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്യാതെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ആദ്യ വാരാന്ത്യത്തിൽ തന്നെ 103 കോടി രൂപ നേടി ശക്തമായ പ്രകടനമാണ് 'ധുരന്ധർ' കാഴ്ചവച്ചത്. ആദ്യ വാരത്തിൽ, വെള്ളിയാഴ്ച 28 കോടി രൂപ, ശനിയാഴ്ച 32 കോടി രൂപ, ഞായറാഴ്ച 43 കോടി രൂപ എന്നിങ്ങനെയാണ് കളക്ഷൻ. ഇത് രണ്ടാം ആഴ്ചയിലും തുടർന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. അടുത്ത വർഷം 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
