സിനിമ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ ആരാധകരുടെ കൂട്ടായ്മയെ സാമൂഹിക സേവനത്തിനായി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് തമിഴ് നടനും സംവിധായകനുമായ ധനുഷ്.
ചെന്നൈയിൽ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ വിജയ് സിനിമയിൽ നിന്ന് വിടപറഞ്ഞ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ, ധനുഷിന്റെ ഈ പരാമർശം അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
"ഇത്രയധികം ആളുകൾ ഒരുമിച്ച് ഒരിടത്ത് ഒത്തുകൂടുമ്പോൾ അവിടെ വലിയൊരു ശക്തിയുണ്ട്. ആ കൂട്ടായ്മയ്ക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. ഓഡിയോ ലോഞ്ചുകളിലും ഫാൻസ് മീറ്റുകളിലും മാത്രം ഇത് ഒതുങ്ങരുത്. നിങ്ങളുടെ പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് സാധ്യമായ സഹായങ്ങൾ ചെയ്യുക. സമൂഹത്തിന് തണലാകുന്ന ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാകുക. നിങ്ങളെയോർത്ത് എനിക്ക് കൂടുതൽ അഭിമാനം തോന്നണം," എന്ന് ധനുഷ് ആരാധകരോട് പറഞ്ഞു.
ധനുഷിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെയും നെറ്റിസൺസിന്റെയും വിലയിരുത്തൽ. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടിയുമായി ചേർന്നായിരിക്കുമോ അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. എന്നാൽ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് ധനുഷ് ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
