നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായി മുഖാ മുഖം പരിപാടി നടത്തിവരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടിയിൽ നടൻ അർജുൻ അശോക് ഉന്നയിച്ച ചോദ്യമാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ അവസരത്തിന് കൊതിക്കുന്ന യുവാക്കൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ചെയ്യാനാകുമോയെന്നാണ് നടൻ അർജുൻ അശോക് ചോദിച്ചത്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചില സഹായങ്ങൾ നൽകുന്നുണ്ടെന്നും കൂടുതൽ ചെയ്യാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നുമാണ് മുഖ്യമന്ത്രി ഈ ചോദ്യത്തിന് നൽകിയ മറുപടി.
ഐ.എഫ്.എഫ്.കെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കഴിയുമോയെന്ന നടി അനശ്വര രാജന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളുള്ളതിനാൽ കൂടുതൽ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഗായകൻ ഇഷാൻ ദേവ് ഉന്നയിച്ച വിഷയം പേരിനൊപ്പം ജാതി ചേർക്കുന്ന പ്രവണത വർധിച്ചു വരുന്നു എന്നതായിരുന്നു. തന്റെ കുട്ടിയോട് സ്‌കൂളിൽ ചില കുട്ടികൾ ജാതി ഏതാണെന്നു ചോദിക്കുന്നുവെന്ന് ഇഷാൻ ഉയർത്തിക്കാട്ടിയ പ്രശ്നം നാട്ടിൽ വരുന്ന വലിയൊരു പ്രവണതയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. തന്റെ പേരിനൊപ്പമുണ്ടായിരുന്ന ഒരു ഭാഗം ഉപേക്ഷിച്ചാണ് മന്നത്തു പത്മനാഭൻ നവോത്ഥാനത്തിനു നേതൃത്വം നൽകുന്ന നേതാവായി നിലകൊണ്ടത്.
പിന്നീടുള്ള കാലം ജാതി വ്യക്തമാക്കുന്ന തരത്തിലുള്ള പേരുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടി പഠിക്കാൻ ചെല്ലുമ്പോൾ പേരിനു പിന്നാലെ ഒരു ജാതിപ്പേര് കൂടി ചേർക്കുകയാണ്. അച്ഛനും അമ്മയും ജാതിയുടെ പേരിൽ അറിയപ്പെട്ടിട്ടില്ല. പക്ഷേ അവർ തന്നെ കുട്ടിക്ക് ഇതു ചാർത്തിക്കൊടുക്കുകയാണ്. ഇതു നവോത്ഥാന മൂല്യങ്ങളിൽ വരുന്ന കുറവാണ്. മനുഷ്യത്വമാണു ജാതിയെന്നതാണു നാട് പഠിച്ചു വന്നത്. ആ നിലയിലേക്ക് ഉയരാൻ കഴിയണം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം പേരിന്റെയോ ജാതിചിന്തയുടേയോ കാര്യത്തിൽ മാത്രമല്ല സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകൾക്കെതിരെ കൂടിയായിരുന്നു. അത് കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്