പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'എമ്പുരാന്' എതിരെ രംഗത്തെത്തി പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . 'എമ്പുരാൻ' കണ്ട ഒരാൾ പോലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. എങ്കിലും, സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി.യെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ 'എമ്പുരാൻ' വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ പ്രചാരം (ഹൈപ്പ്) ചിത്രത്തിന്റെ അണിയറപ്രവർത്തകർ നല്ല രീതിയിൽ ഉപയോഗിച്ചുവെന്നും അടൂർ അഭിപ്രായപ്പെട്ടു. 'ഒരുപാട് ബൂസ്റ്റ് ചെയ്തൊരു പടമായിരുന്നു എമ്പുരാൻ. അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ഒരാളെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ അവർ ആ ചിത്രത്തെ നന്നായി മാർക്കറ്റ് ചെയ്തു. സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്ന ചില രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. വലിയ വാർത്തയായി അപ്പോൾ എല്ലാവർക്കും കാണാൻ തോന്നി, കൂടാതെ റീ സെൻസറിങ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ അതിന് മുൻപ് ഇറക്കിയ പതിപ്പ് കാണാൻ ജനങ്ങൾ തിയേറ്ററിലേക്ക് എത്തി. എന്നിട്ടും ആരും സിനിമ കൊള്ളാമെന്ന് പറഞ്ഞില്ല.
ഒരു അത്ഭുതം നടക്കുന്ന പോലൊരു പബ്ലിസിറ്റി കൊടുത്തു പത്രത്തിൽ പരസ്യം കൊടുക്കണ്ട ആവശ്യംപോലും വേണ്ടി വന്നില്ല. കാരണം അതായിരുന്നല്ലോ വാർത്ത. പരസ്യത്തേക്കാൾ ക്രെഡിബിലിറ്റി ഈ വാർത്തകൾക്ക് ഉണ്ടായിരുന്നു. വളരെ ബുദ്ധിപരമായി അവർ ആ വിഷയം കൈകാര്യം ചെയ്തു. പക്ഷേ ആ ബുദ്ധി സിനിമ എടുത്തപ്പോഴും ഉണ്ടാവണമായിരുന്നു', അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
നിരവധി വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു എമ്പുരാൻ. മാർച്ച് 27നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.
അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു സിനിമ നേടിയത്. ലോകമെമ്പാട് നിന്നും 268 കോടിയോളമാണ് എമ്പുരാൻ കളക്ട് ചെയ്തത്. ഇതിൽ തന്നെ 142 കോടിയോളം രൂപ എമ്പുരാൻ കളക്ട് ചെയ്തത് ഓവർസീസിൽ നിന്നുമാണ്. മോളിവുഡിന്റെ മാർക്കറ്റ് വളർച്ചയെ അടയാളപ്പെടുത്തുന്ന നമ്പറുകളാണ് ഇത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്