ന്യൂഡെല്‍ഹി: ഹരിയാനയിലെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിലയിരുത്തി വരികയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹരിയാനയിലെ ഞെട്ടിപ്പിക്കുന്ന തിരിച്ചടിയില്‍ ഒരു ദിവസം കഴിഞ്ഞാണ് രാഹുലിന്റെ പ്രതികരണം.
ഹരിയാനയിലെ ചില നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
'ഞങ്ങള്‍ ഹരിയാനയിലെ അപ്രതീക്ഷിത ഫലം വിശകലനം ചെയ്യുകയാണ്. പല നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന പരാതികളെക്കുറിച്ച് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങള്‍ക്കും അശ്രാന്തപരിശ്രമത്തിന് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ നന്ദി. അവകാശങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവുമായ നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങള്‍ തുടരും,' രാഹുല്‍ പറഞ്ഞു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 65 സീറ്റുകളിലും പ്രാരംഭ ലീഡ് നേടിയ കോണ്‍ഗ്രസിന്് പിന്നീട് ഞെട്ടിക്കുന്ന തോല്‍വി നേരിടേണ്ടി വന്നിരുന്നു. ശക്തമായ തിരിച്ചുവരവ് നടത്തിയ ബിജെപി 48 സീറ്റുകള്‍ നേടി ഹാട്രിക് വിജയം തികച്ചു. 37 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് വിജയം ഭരണഘടനയുടെ വിജയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദേശരാജ്യത്ത് സന്ദര്‍ശനത്തിലുള്ള രാഹുല്‍ തെരഞ്ഞെടുപ്പ് ഫലത്തിനെക്കുറിച്ച് പ്രതികരിക്കാഞ്ഞത് ബിജെപി വിവാദമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്