ന്യൂഡെല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര നടത്തിയ കന്നി പ്രസംഗത്തെ പിന്തുണച്ച് സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പ്രിയങ്കയുടെ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പുതിയ എംപിയെന്ന നിലയില്‍ സഭയില്‍ താന്‍ നടത്തിയ കന്നി പ്രസംഗത്തേക്കാള്‍ മികച്ചതാണ് സഹോദരിയുടെ ആദ്യ ലോക്സഭ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2004 ലാണ് രാഹുല്‍ ഗാന്ധി ആദ്യമായി എംപിയാകുന്നത്.
'അത്ഭുതകരമായ പ്രസംഗം. എന്റെ കന്നി പ്രസംഗത്തേക്കാള്‍ നല്ലത്, അത് അങ്ങനെ തന്നെ പറയാം,' രാഹുല്‍ ഗാന്ധി ലോക്‌സഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശീയ ഐക്യം, സ്ത്രീ ശാക്തീകരണം, ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയില്‍ ഊന്നിയാണ് വയനാട്ടില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗമായ പ്രിയങ്ക ലോക്‌സഭയില്‍ സംസാരിച്ചത്.
ഭരണഘടനയെ 'സുരക്ഷാ കവചം' എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ആ കവചം തകര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ, 2001ല്‍ പാര്‍ലമെന്റ് സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രിയങ്ക ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചു.
ലോക്സഭയില്‍ ജാതി സെന്‍സസ് സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടിനെ പ്രിയങ്ക വിമര്‍ശിച്ചു. 'ജാതി സെന്‍സസ് കാലഘട്ടത്തിന്റെ ആവശ്യമാണ്, എന്നിട്ടും താലി പോലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ അതിനെ നിസാരമാക്കുന്നു. ജാതി സെന്‍സസ് വേണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്,' പ്രിയങ്ക പറഞ്ഞു. വോട്ടിംഗ് മെഷീനുകള്‍ മാറ്റി ബാലറ്റില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്