ന്യൂഡെല്‍ഹി: 2012ല്‍ പ്രണബ് മുഖര്‍ജിക്ക് രണ്ടാം യുപിഎ സര്‍ക്കാരിന്റെ നേതൃത്വം നല്‍കേണ്ടതായിരുന്നുവെന്നും മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കണമായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വ്യക്തിപരമായി ഈ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അയ്യര്‍ പറഞ്ഞു.
'എ മാവെറിക്ക് ഇന്‍ പൊളിറ്റിക്സ്' എന്ന തന്റെ പുസ്തകത്തിലാണ് 83-കാരനായ നേതാവിന്റെ അഭിപ്രായ പ്രകടനം. അക്കാലത്ത് ഈ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, യുപിഎയ്ക്ക് ഭരണപരമായ പക്ഷാഘാതം ഉണ്ടാകുമായിരുന്നില്ലെന്നും സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അയ്യര്‍ പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയായി നിലനിര്‍ത്താനും മുഖര്‍ജിയെ രാഷ്ട്രപതി ഭവനിലേക്ക് ഉയര്‍ത്താനുമുള്ള കോണ്‍ഗ്രസിന്റെ തീരുമാനം യുപിഎ-മൂന്നാം സര്‍ക്കാരിന്റെ സാധ്യതകള്‍ അടച്ചെന്നും ഒന്നാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച അയ്യര്‍ അവകാശപ്പെട്ടു.
'2012ല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഒന്നിലധികം കൊറോണറി ബൈപാസ് ഓപ്പറേഷനുകള്‍ക്ക് വിധേയനായി. അദ്ദേഹം ഒരിക്കലും ശാരീരികമായി സുഖം പ്രാപിച്ചിട്ടില്ല. ഇത് അദ്ദേഹത്തെ മന്ദഗതിയിലാക്കി, ഇത് ഭരണത്തില്‍ പ്രകടമായി. അതേ സമയത്തു തന്നെ രോഗാതുരയായ കോണ്‍ഗ്രസ് അധ്യക്ഷയുടെ ആരോഗ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല,'' അയ്യര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷയുടെയും ഓഫീസുകളില്‍ ഭരണപരമായ സ്തംഭനാവസ്ഥ ഉണ്ടായിരുന്നു. അതേസമയം അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരമടക്കം നിരവധി പ്രതിസന്ധികള്‍ ഉരുണ്ടുകൂടിയെന്നും അയ്യര്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്