ന്യൂഡെല്‍ഹി: ബിജെപി എംപി ഹേമാംഗ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡെല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാര്‍ലമെന്റ് വളപ്പില്‍ നടന്ന സംഘര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി ബിജെപി എംപിമാരെ ശാരീരികമായി ആക്രമിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
സെക്ഷന്‍ 115 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 117 (സ്വമേധയാ ഗുരുതരമായ പരിക്കേല്‍പ്പിക്കുക), 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 131 (ക്രിമിനല്‍ ബലപ്രയോഗം), 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഡോ ബിആര്‍ അംബേദ്കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടിയത്. പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യാ ബ്ലോക്കിന്റെ പ്രതിഷേധത്തെ ബിജെപി എം.പിമാര്‍ എതിര്‍ത്തതോടെ സംഘര്‍ഷം വര്‍ധിച്ചു. രണ്ട് ബിജെപി എംപിമാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ രാഹുല്‍ ഗാന്ധി ആക്രമിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.
ബിജെപി നേതാക്കളായ ഹേമാംഗ് ജോഷി, അനുരാഗ് താക്കൂര്‍, ബാസുരി സ്വരാജ് എന്നിവര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കാന്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി. രാവിലെ 10:40 ഓടെയാണ് രാഹുല്‍ ഗാന്ധി എത്തിയതെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് 'സമാധാനപരമായി നിലകൊള്ളുന്ന പ്രകടനക്കാര്‍ക്ക് നേരെ ബലപ്രയോഗം' നടത്തിയെന്നും ഇത് എംപിമാരുടെ സുരക്ഷയെ അപകടത്തിലാക്കിയെന്നും ജോഷിയുടെ പരാതിയില്‍ പറയുന്നു.
'മുകേഷ് രാജ്പുതിന്റെ തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു, സാരംഗിയുടെ നെറ്റിയില്‍ പരിക്കേറ്റു,' ജോഷി പരാതിയില്‍ ആരോപിച്ചു.
ബിജെപി എംപിമാരുടെ മോശം പെരുമാറ്റം ആരോപിച്ച് ദിഗ്വിജയ സിങ്ങും മുകുള്‍ വാസ്നിക്കും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘവും പോലീസില്‍ പരാതി നല്‍കി. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്