കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കം കോണ്‍ഗ്രസ് തള്ളി. വരാനിരിക്കുന്ന പോരാട്ടത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്, രണ്ടിടങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സഖ്യത്തിന് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ടിഎംസി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഖ്യത്തില്‍ മത്സരിക്കുകയാണെങ്കില്‍ നന്ദിഗ്രാം സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ മമത തയ്യാറായിരുന്നു. പകരം ന്യൂനപക്ഷ സ്വാധീനമുള്ള രെജിനഗറില്‍ ടിഎംസിക്ക് പിന്തുണ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ല.
രെജിനഗറില്‍ മുഹമ്മദ് അബ്ദുല്ലാഹില്‍ കഫിയും നന്ദിഗ്രാമില്‍ മിലന്‍ പ്രധാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ജനവിധി തേടും. ബിജെപിയെ ആശയപരമായി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് വാതില്‍ അടച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭാങ്കര്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു സഖ്യത്തെ താഴെവീഴ്ത്താനുള്ള സാധ്യത മാത്രമാണ് ടിഎംസി കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിഎംസി ഇപ്പോള്‍ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തിലാണ്.
ശിവസേനയുടെ ചിഹ്ന തര്‍ക്കത്തിന്റെ അനുഭവം വച്ചുനോക്കിയാല്‍ ബിജെപി നിര്‍ദേശിക്കുന്നത് പോലെയാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ സാധ്യതയുമെന്ന് ശുഭാങ്കര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അവര്‍ക്ക് ചിഹ്നം നഷ്ടപ്പെട്ടാല്‍ ആവേശം നഷ്ടപ്പെടുകയും അത് കോണ്‍ഗ്രസിനെ ബാധിക്കുകയും ചെയ്യുമെന്നും അദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. ഭബാനിപുര്‍ മണ്ഡലം നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിവാക്കിയ ഒഴിവിലാണ് നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
മുന്‍പ് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തി സുവേന്ദു അധികാരി ജയിച്ച മണ്ഡലമെന്ന നിലയില്‍ നന്ദിഗ്രാം ബിജെപിയെ സംബന്ധിച്ച് അതിനിര്‍ണായകമായ അഭിമാനപ്പോരാട്ടമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
