കൊച്ചി: സ്വന്തം മുന്നണി അധികാരത്തിലെത്തുകയും സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് മന്ത്രിയാവുകയും ചെയ്ത പശ്ചാത്തലത്തില്‍, പ്രവര്‍ത്തനരീതി സമഗ്രമായി പരിഷ്‌കരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. കേവല സമരങ്ങള്‍ക്കപ്പുറം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കുന്ന പുതിയ കര്‍മ പദ്ധതിക്ക് സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണമായ ഓപ്പറേഷന്‍ തൂഫാനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവ പോരാളികളാക്കി മാറ്റും. ഇതിനൊപ്പം പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടുപോകും. സംഘടനയെ ഊര്‍ജസ്വലമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും യുണൈറ്റഡ് ഇന്ത്യ എന്ന പേരില്‍ പദയാത്രകള്‍ സംഘടിപ്പിക്കും. 14 ജില്ലകളിലും നടക്കുന്ന പദയാത്രകളില്‍ മന്ത്രി ഒ.ജെ ജനീഷ് നേരിട്ട് പങ്കെടുക്കും. പദയാത്രയുടെ മുദ്രാവാക്യവും അനുബന്ധ വിവരങ്ങളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തോളം വൈകുമെന്നാണ് വിവരം. അടുത്ത മാസങ്ങളില്‍ ആരംഭിക്കുന്ന കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷമേ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക് കടക്കൂ. പ്രായപരിധി നിബന്ധന മൂലം കെ.എസ്.യുവില്‍ നിന്ന് പുറത്തുപോകുന്ന നേതാക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ അവസരമൊരുക്കുന്ന വിധത്തിലാകും തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ക്രമീകരിക്കുക. അതുവരെ നിലവിലെ കമ്മിറ്റി തന്നെ പ്രവര്‍ത്തനം തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
