ഭരണകൂടത്തിന്റെ പരമോന്നത പീഠങ്ങളില്‍ ഇരിക്കുന്നവര്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ കുപ്പായമണിയുക എന്നത് ഏതൊരു ജനാധിപത്യ സമൂഹത്തിലും അപൂര്‍വവും ആവേശകരവുമായ കാഴ്ചയാണ്. എന്നാല്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നടന്ന 'റീ ഇമാജിനിങ് കേരളം' എന്ന നേതൃത്വ ശില്പശാല കേവലം ഒരു ഔദ്യോഗിക ചടങ്ങിനപ്പുറം, മാറുന്ന കാലത്തിനനുസരിച്ച് സ്വയം പുതുക്കാന്‍ കേരളത്തിലെ ഭരണനേതൃത്വം കാണിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷ്യപത്രമായി മാറുന്നു.
മാറുന്ന നേതൃത്വ ശൈലിയും ചോദ്യം ചോദിക്കുന്ന ഭരണാധികാരികളും
പരമ്പരാഗതമായി നയരൂപീകരണങ്ങള്‍ പലപ്പോഴും അടഞ്ഞ മുറികളിലോ കേവല രാഷ്ട്രീയ ചര്‍ച്ചകളിലോ ഒതുങ്ങിനില്‍ക്കാറാണ് പതിവ്. അവിടെനിന്നു മാറി, നിര്‍മിതബുദ്ധി, കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യം തുടങ്ങിയ സങ്കീര്‍ണ്ണ വിഷയങ്ങളില്‍ ആഗോള വിദഗ്ധരില്‍ നിന്ന് നേരിട്ട് അറിവ് നേടാന്‍ മന്ത്രിസഭ തയാറായി എന്നത് പ്രശംസനീയമാണ്.
സെഷനുകളില്‍ വെറും കേള്‍വിക്കാരാവാതെ, സംശയങ്ങള്‍ ഉന്നയിച്ചും വിയോജിപ്പുകളും യാഥാര്‍ത്ഥ്യങ്ങളും തുറന്ന് പറഞ്ഞും സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ മന്ത്രിമാര്‍ക്കായി. ജപ്പാനിലെ 98 ശതമാനം കൃത്യതയുള്ള കാലാവസ്ഥാ പ്രവചനത്തെക്കുറിച്ച് കേട്ടപ്പോള്‍, 'ഇവിടെ ഉരുള്‍പൊട്ടിയശേഷമാണ് റെഡ് അലര്‍ട്ട് വരാറുള്ളത്' എന്ന് തുറന്നുപറഞ്ഞ മന്ത്രി ടി. സിദ്ദിഖിന്റെ വാചകങ്ങളില്‍, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവമുണ്ട്. വയനാടിനെ കാലാവസ്ഥാ ആഘാതങ്ങളെ അതിജീവിക്കുന്ന ജില്ലയാക്കാന്‍ കിയോ സര്‍വകലാശാലയുടെ പങ്കാളിത്തം അവിടെവെച്ചുതന്നെ ഉറപ്പാക്കിയത് അറിവിനെ ഉടനടി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
വ്യക്തിമുദ്ര പതിപ്പിച്ച ഇടപെടലുകള്‍
അധ്യാപകരുടെ സംശയനിവാരണത്തില്‍ സജീവമായി ഇടപ്പെട്ട് ക്ലാസിലെ പഠിപ്പിപ്പട്ടത്തിലേക്ക് എത്തിയ മുഖ്യമന്ത്രി വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും ഡോ. ദേവി ഷെട്ടിയെപ്പോലൊരു വിദഗ്ധനെ തുടര്‍ച്ചര്‍ച്ചകള്‍ക്കായി കേരളത്തിലേക്ക് ക്ഷണിക്കാനും കാണിച്ച മുന്‍കൈ ഭരണപരമായ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. ഒപ്പം, എല്ലാ സെഷനുകളിലും സജീവമായി ഇടപ്പെട്ട് സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ രമേശ് ചെന്നിത്തലയും, പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച പി.കെ ബഷീറും രാഷ്ട്രീയ നേതൃത്വത്തിലെ വേറിട്ട കാഴ്ചകളായി.
അച്ചടക്കത്തിന്റെ പാഠശാല
ജനപ്രതിനിധികള്‍ എന്ന പരിഗണനകള്‍ക്കപ്പുറം സ്ഥാപനത്തിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രിമാര്‍ തയ്യാറായി എന്നത് ഐ.ഐ.എമ്മിന്റെ പ്രൊഫഷണലിസത്തെയും ഭരണാധികാരികളുടെ ജനാധിപത്യ ബോധത്തെയുമാണ് കാണിക്കുന്നത്. ക്ലാസ്മുറിയില്‍ ഫോണ്‍ അടിച്ചാല്‍ 1000 രൂപ ഫൈന്‍ അടക്കമുള്ള കര്‍ശന നിയമങ്ങള്‍ പാലിച്ച്, ഫോണുകള്‍ പുറത്തുവെച്ച് കൃത്യസമയത്ത് ഹാജരായ മന്ത്രിമാര്‍ അച്ചടക്കത്തിന്റെ മാതൃകകൂടിയായി.
വികസനത്തിന്റെ പുതിയ ദിശകള്‍
നിര്‍മിതബുദ്ധിയുടെ യുഗത്തില്‍ ഭരണം എങ്ങനെ പരിവര്‍ത്തനാത്മകമാക്കാം, കാലാവസ്ഥാ വ്യതിയാനങ്ങളെ എങ്ങനെ ചെറുക്കാം, പൊതുജനാരോഗ്യ മേഖല എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെയെല്ലാം കുറിച്ച് ഒരു കുടക്കീഴില്‍ ഇരുന്ന് ചിന്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേതൃ ശില്പശാലയുടെ വിജയം. ഇത്തരത്തിലുള്ള അക്കാദമിക്-ഭരണകൂട കൂട്ടായ്മകള്‍ കേവലം രണ്ടുദിവസത്തെ ശില്പശാലകളില്‍ അവസാനിക്കാതെ, കേരളത്തിന്റെ ഭാവി നയരൂപീകരണങ്ങളില്‍ പ്രതിഫലിച്ചാല്‍ മാത്രമേ 'റീ ഇമാജിനിങ് കേരളം' എന്ന ആശയം പൂര്‍ണ്ണതയിലെത്തുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
