തൊഴിലുറപ്പ് നിയമത്തില്‍ വന്‍ മാറ്റം: നാളെ മുതല്‍ സ്വകാര്യ നിലമൊരുക്കലില്ല; പകരം വീടുനിര്‍മാണവും ജലസംരക്ഷണവും

JUNE 30, 2026, 2:03 AM

തിരുവനന്തപുരം: സംസ്ഥാനത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ നാളെ മുതല്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. നാളെ ആരംഭിക്കുന്ന പുതിയ പദ്ധതി പ്രകാരം സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിയിലെ നിലമൊരുക്കല്‍, കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് ഇനി അനുമതിയുണ്ടാകില്ല. അതേസമയം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുനിര്‍മാണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാന്‍ അനുവാദമുണ്ടാകും.

മുന്‍പ് കേരളത്തില്‍ ഭൂനികുതി രസീത് സമര്‍പ്പിച്ച് അപേക്ഷിക്കുന്ന സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ വിവിധ വികസന ജോലികള്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ സ്വകാര്യ ഭൂമിയില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് മാത്രമേ അനുമതി നല്‍കൂ.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ പുതിയ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 318 പ്രവൃത്തികള്‍ പ്രധാനമായും നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

ജലസുരക്ഷയും സംരക്ഷണവും: കനാലുകള്‍, ഓവുചാലുകള്‍, ചെറിയ തടയണകള്‍, മഴക്കുഴികള്‍ എന്നിവയുടെ നിര്‍മാണം. കുഴല്‍ക്കിണര്‍ പുനരുദ്ധാരണം, കിണര്‍ കുഴിക്കല്‍, മണ്ണിടിച്ചില്‍ തടയാനുള്ള സംരക്ഷണ ഭിത്തി നിര്‍മാണം.

ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍: അങ്കണവാടികള്‍, ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍, ഗവ. സ്‌കൂളുകള്‍ എന്നിവയുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും. ചുറ്റുമതില്‍, ശുചിമുറികള്‍, വിശ്രമ പന്തലുകള്‍, ശ്മശാനങ്ങള്‍ എന്നിവയുടെ നിര്‍മാണം. ടാര്‍, ഇന്റര്‍ലോക്ക്, മണ്ണ് എന്നിവ ഉപയോഗിച്ചുള്ള ഗ്രാമീണ റോഡുകള്‍.

മാലിന്യസംസ്‌കരണവും വരുമാനവും: കമ്പോസ്റ്റ് കുഴികള്‍, മാലിന്യം വേര്‍തിരിക്കുന്ന ഷെഡുകള്‍, ജൈവവളം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയിലൂടെ വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍.

കാര്‍ഷിക-ജീവനോപാധി മേഖലകള്‍: കാലികള്‍ക്കുള്ള വെള്ളത്തൊട്ടി നിര്‍മാണം, മലഞ്ചെരിവുകളിലെ കൃഷിക്കായുള്ള കുഴിയെടുപ്പ്, കാര്‍ഷിക-ഗ്രാമീണ ഉല്‍പന്ന വിപണന കേന്ദ്രങ്ങളുടെ നിര്‍മാണം. പ്ലാന്റേഷന്‍, മത്സ്യവളര്‍ത്തല്‍ മേഖലകളിലെ ചെറുകിട നിര്‍മാണങ്ങളും നടീല്‍ പ്രവൃത്തികളും.

പുതിയ മാറ്റങ്ങള്‍ കേരളത്തിലെ വലിയൊരു വിഭാഗം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ കായിക അധ്വാനം ആവശ്യമുള്ള കഠിനമായ ജോലികളാണ് പുതിയ പട്ടികയില്‍ ഭൂരിഭാഗവും. കേരളത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 22 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളില്‍ 40 ശതമാനത്തോളം പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. ഇവര്‍ക്ക് കനാലുകളും തടയണകളും നിര്‍മിക്കുന്നത് പോലുള്ള കഠിന ജോലികള്‍ ചെയ്യേണ്ടി വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.

പുതിയ പദ്ധതിക്ക് കീഴിലുള്ള വേതന നിരക്കുകള്‍ കേന്ദ്ര സര്‍ക്കാരായിരിക്കും നേരിട്ട് തീരുമാനിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam