മലപ്പുറം: സംസ്ഥാനത്തെ വനിതകൾക്ക് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സ്ഥിരവരുമാനവും സർക്കാർ സേവന ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. പദ്ധതി പുനഃപരിശോധിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 23-ാം വാർഡിലെ മുസ്ലിം ലീഗ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.കെ. ഖമറുദീനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രിയദർശിനി പദ്ധതി പുനഃപരിശോധിച്ച് നയപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അതോടൊപ്പം സ്വകാര്യ ബസ് മേഖലയുടെയും ബസ് തൊഴിലാളികളുടെയും ഉപജീവനം സംരക്ഷിക്കുന്ന തരത്തിലുള്ള സമതുലിതമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് സർവീസുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിവിധ സംഘടനകൾ പരാതിപ്പെടുന്നുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ, മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവർ വരുമാനനഷ്ടവും തൊഴിൽസുരക്ഷാ പ്രശ്നങ്ങളും നേരിടുന്നതായും എ.കെ. ഖമറുദീൻ പറഞ്ഞു.
സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം അർഹരായവർക്ക് ലഭ്യമാക്കുന്നതിനൊപ്പം സ്വകാര്യ ബസ് മേഖലയെയും അതിനെ ആശ്രയിക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ നയപരമായ മാറ്റങ്ങൾ പരിഗണിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
