തിരുവനന്തപുരം: ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിനായി 13.88 കോടി രൂപയുടെ പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു.
തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക എന്നതാണ് അടിയന്തരമായി നടപ്പിലാക്കുന്ന ഈ പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ സമർപ്പിച്ച 60 റോഡ് സുരക്ഷാ പ്രവൃത്തികൾക്കായി 13.19 കോടി രൂപയ്ക്കും പത്തനംതിട്ട ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ സമർപ്പിച്ച പ്രത്യേക പദ്ധതികൾക്കായി 69.79 ലക്ഷം രൂപയ്ക്കുമാണ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും ഭരണാനുമതി നൽകിയത്.
കൊടുംവളവുകളിലും കൊക്കകളിലുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡബ്ല്യു ബീം മെറ്റൽ ക്രാഷ് ബാരിയറുകൾ പാതകളിൽ സ്ഥാപിക്കും. രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പ്രിസ്മാറ്റിക് റോഡ് സ്റ്റഡുകൾ, തെർമോപ്ലാസ്റ്റിക് ലൈൻ മാർക്കിങ്ങുകൾ, ഇൻ്റൻസിറ്റി ടേപ്പുകൾ, ഒബ്ജക്റ്റ് ഹസാർഡ് മാർക്കറുകൾ, ഷെവ്റോൺ കർവ് ഇൻഡിക്കേറ്ററുകൾ എന്നിവയും സജ്ജീകരിക്കും.
പ്രധാന ജങ്ഷനുകളിൽ സോളാർ സിഗ്നൽ സംവിധാനങ്ങളും സോളാർ ബ്ലിങ്കറുകളും സ്ഥാപിക്കുന്നതിനൊപ്പം ദിശാസൂചക ബോർഡുകളും കോൺവെക്സ് മിററുകളും അപകട മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കും. റോഡുകളുടെ അനുബന്ധ അറ്റകുറ്റപ്പണികളും ഉപരിതല ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമാണവും പദ്ധതിയുടെ ഭാഗമായി നടക്കും.
ഇടുക്കി, കൊല്ലം, കോട്ടയം, മൂവാറ്റുപുഴ, പത്തനംതിട്ട എന്നീ അഞ്ച് പൊതുമരാമത്ത് ഡിവിഷനുകളിലെയും പൊൻകുന്നം, കൊട്ടാരക്കര കെ.എസ്.ടി.പി ഡിവിഷനുകളിലെയും തീർത്ഥാടന പാതകളിലാണ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നത്. തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുൻപായി അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി സി.പി ജോൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
