തിരുവനന്തപുരം: സർക്കാർ ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. സർക്കാർ വാഹനങ്ങൾക്ക് നിർബന്ധമായും ലോഗ് ബുക്ക് സൂക്ഷിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് വീഴ്ച.
വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര ദൂരം സഞ്ചരിച്ചു തുടങ്ങിയ വിവരങ്ങൾ ലോഗ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. സർക്കാർ വാഹനങ്ങളുടെ ലോഗ് ബുക്ക് ഏത് സമയത്തും പരിശോധിക്കാൻ ധനകാര്യ വകുപ്പിന് അധികാരവുമുണ്ട്. എന്നാൽ ലോഗ് ബുക്ക് സൂക്ഷിക്കാത്തതിന്റെ കാരണം ചെയർമാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ എവിടെയൊക്കെ യാത്ര ചെയ്തെന്നും എത്ര ദൂരം സഞ്ചരിച്ചെന്നും സംബന്ധിച്ച ഔദ്യോഗിക രേഖകൾ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.
മുൻ പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറും ഔദ്യോഗിക വാഹനത്തിന്റെ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം. തുടർച്ചയായി ഒൻപത് വർഷത്തോളം ലോഗ് ബുക്ക് സൂക്ഷിക്കാത്ത സാഹചര്യം ഉണ്ടായിട്ടും ധനകാര്യ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം നടക്കുകയും ചെയർമാൻ ഉൾപ്പെടെയുള്ളവർ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട ചട്ടലംഘനവും പുറത്തുവരുന്നത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട നൂറിലേറെ പരാതികളാണ് എസ്‌ഐടി പരിശോധിക്കുന്നത്.
ഔദ്യോഗിക വാഹനത്തിന്റെ യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം എന്താണെന്നും ഇത്രയും കാലം ചട്ടലംഘനം തുടർന്നിട്ടും പരിശോധന നടക്കാതിരുന്നതെങ്ങനെയെന്നും വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ഗവർണറാണെന്നാണ് ചട്ടപ്രകാരം വ്യക്തമാക്കപ്പെടുന്നത്. അതേസമയം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
