തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഫോൾഡർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 35 ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സർക്കാർ നിലപാടിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ നേരിട്ട് കാണാൻ സമരപ്പന്തലിലെത്തിയ റിയാസ്, സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
ഉദ്യോഗാർഥികളെ ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിക്കാൻ പോലും സർക്കാർ തയ്യാറാകാത്തത് ഗൗരവമുള്ള വിഷയമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് പോലും വിളിക്കാത്തത് അംഗീകരിക്കാനാകില്ലെന്നും റിയാസ് പറഞ്ഞു. കോൺഗ്രസിനുള്ളിലും ഈ വിഷയത്തിൽ യോജിച്ച അഭിപ്രായമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന വളർമതിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുമ്പ് പൊലീസ് ഇടപെട്ട് സമരക്കാരെ നിർബന്ധമായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
സമരപ്പന്തലിൽ തന്നെ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റിയാസ് ആവശ്യപ്പെട്ടു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ നിരാഹാര സമരം നടത്തുന്ന ഉദ്യോഗാർഥിയുടെ കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പി.എസ്.സി നിയമനം രാജ്യത്തിന് തന്നെ അഭിമാനകരമായ മാതൃകയാണെന്നും എൽ.ഡി.എഫ് സർക്കാരിന് റെക്കോർഡ് നിയമനം നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് അവകാശപ്പെട്ടു. അതേസമയം, സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിൽ സർക്കാർ കാലതാമസം വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റുകാരെ അടിയന്തരമായി ചർച്ചയ്ക്ക് വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം. ഉദ്യോഗാർഥികളുടെ ആശങ്കകൾ കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
