ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും സമ്മേളനം ഔദ്യോഗികമായി അവസാനിച്ചെന്ന രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വന്‍ അനിശ്ചിതത്വത്തിന് വഴിവെക്കുന്നു. സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇറങ്ങാന്‍ ഇത്രയും ദീര്‍ഘമായ കാലതാമസം വരുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷത്തിന് മാത്രമല്ല, ഭരണപക്ഷത്തെ എം.പിമാര്‍ക്കും വ്യക്തമായ വിവരമില്ല. ഉന്നത ഭരണ നേതൃത്വത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് നടപടികള്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
മണ്ഡല പുനസംഘടനയുമായി ബന്ധപ്പെട്ട വനിതാ സംവരണ ഭേദഗതി ബില്‍ പാസാക്കിയെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഈ കാലതാമസത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബര്‍ അവസാന വാരത്തോടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പുതുക്കി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ഏപ്രിലില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക്സഭയില്‍ പരാജയപ്പെട്ട ഈ ബില്‍ എങ്ങനെയെങ്കിലും സഭയില്‍ വിജയിപ്പിച്ചെടുക്കാന്‍ വര്‍ഷകാല സമ്മേളന സമയം മുതല്‍ക്കേ സര്‍ക്കാര്‍ തീവ്ര ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഭൂരിപക്ഷം പൂര്‍ണ്ണമായും ഉറപ്പാകുന്ന മുറയ്ക്ക് സമ്മേളനം പുനരാരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഡി.എം.കെ, എന്‍.സി.പി (ശരത് പവാര്‍ വിഭാഗം) തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇവരെക്കൂടാതെ പ്രതിപക്ഷത്തെ ഇന്ത്യാ ബ്ലോക്കിന് പുറത്തുള്ള ചില പ്രാദേശിക പാര്‍ട്ടികളുടെ കൂടി പിന്തുണ നേടിയെടുക്കാനുള്ള നീക്കങ്ങളിലാണ് ഭരണപക്ഷം.
അതേസമയം സഭ പിരിഞ്ഞ് 40 ദിവസത്തിന് ശേഷവും ഔദ്യോഗിക വിജ്ഞാപനം വരാത്തത് ഒരു പുതിയ റെക്കോഡാണെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി വ്യക്തമാക്കി. 2015 ല്‍ സഭ പിരിഞ്ഞ് 28 ദിവസത്തിന് ശേഷം വിജ്ഞാപനം വന്നതായിരുന്നു ഇതിനുമുമ്പ് സമാനമായി സംഭവിച്ച ഏറ്റവും വലിയ കാലതാമസം. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും അവസാനിപ്പിക്കുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
