കോഴിക്കോട്: കർണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായതായും മന്ത്രി പറഞ്ഞു.
അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകൾ നടത്തിയിരുന്നയാളാണ്. 16 മണിക്കൂറിന് ശേഷമാണ് അദ്ദേഹം വീണ്ടും സൈൻ ഓൺ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിംഗ് സമയവുമായി ബന്ധപ്പെട്ട് നിയമപരമായ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചില ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും സി.പി. ജോൺ പറഞ്ഞു.
അതേസമയം, ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നില്ലെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അപകടത്തിന് തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച മിഥിലേഷിനെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് നിയോഗിച്ചെന്നായിരുന്നു ആരോപണം. ദീർഘദൂര സർവീസിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവിന് വിരുദ്ധമായി താൽക്കാലിക ജീവനക്കാരനെയാണ് ബസ് ഓടിക്കാൻ നിയോഗിച്ചതെന്ന വിമർശനവും ഉയർന്നിരുന്നു.
ഈ മാസം എട്ടിനാണ് ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ മിഥിലേഷും കണ്ടക്ടർ എൻ.എം. അരുണും മരിച്ചു.
മിഥിലേഷ് താൽക്കാലിക ജീവനക്കാരനായിരുന്നെന്നും കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കും. അപകടത്തിൽ മരിച്ച താൽക്കാലിക ജീവനക്കാരന്റെ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
