കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ഹൈക്കോടതി നിർദേശം നൽകി. നിലവിലുള്ള തൊഴിൽനിയമങ്ങൾ പാലിച്ച് തൊഴിലാളികളും കമ്പനി മാനേജ്മെന്റും സർക്കാരും ചേർന്ന് അനുരഞ്ജന ചർച്ച നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ജില്ലാ ലേബർ ഓഫീസർ നൽകിയ "തൽസ്ഥിതി തുടരുക" എന്ന ഉത്തരവ് നിർബന്ധിത ഉത്തരവല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സർക്കാർ ഇടപെടേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നാളെ നടക്കാനിരിക്കുന്ന അനുരഞ്ജന ചർച്ചയിൽ കമ്പനി മാനേജ്മെന്റും നിർബന്ധമായും പങ്കെടുക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, മുൻപ് നടന്ന ചർച്ചകളിൽ പങ്കെടുക്കാമെന്ന് അറിയിച്ച ശേഷം കമ്പനി അധികൃതർ പിന്മാറിയ സാഹചര്യത്തിൽ ഇത്തവണ അവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അതേസമയം, പുതിയ തൊഴിൽ കോഡിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നടപടിയിൽ ഉറച്ചുനിൽക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന സൂചനകളുണ്ട്. ഇതോടെ ജീവനക്കാരിൽ ആശങ്ക ശക്തമായിരിക്കുകയാണ്.
ഇതിനിടെ, പിരിച്ചുവിട്ട ജീവനക്കാർ ഇന്നും ഓഫീസിലെത്തി ഹാജർ രേഖപ്പെടുത്തി. തൊഴിലാളികളുടെ ഹാജർ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരാണ് രേഖപ്പെടുത്തിയത്.
കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ഏകദേശം 800 ജീവനക്കാരെയാണ് മുൻകൂർ അറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്.
മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം കോഴിക്കോട് ഓഫീസിലെത്തി ജീവനക്കാരെ സന്ദർശിച്ചിരുന്നു. തൊഴിൽ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, വിഷയം തൊഴിൽ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി ഓഫീസിൽ നിലവിൽ സുരക്ഷാ ജീവനക്കാർ മാത്രമാണ് പ്രവർത്തിക്കുന്നത്. കമ്പനി മാനേജ്മെന്റിലോ ഭരണവിഭാഗത്തിലോപ്പെട്ട ആരും ഓഫീസിൽ ഇല്ലെന്നാണ് വിവരം.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരെയോ മറ്റാരെയോ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് സുരക്ഷാ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.
കൊച്ചി ഓഫീസിൽ മാത്രം ഏകദേശം 600 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനായി തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലെത്തി നടപടികൾ സ്വീകരിച്ചു.
അതേസമയം, കമ്പനി അധികൃതരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
