ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 13 വയസുകാരിയായ കൊച്ചുമകൾ ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ കൊച്ചുമകൾ നൽകിയ ക്വട്ടേഷനാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. വീട്ടിനുള്ളിൽ നിന്നുള്ള സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന സംശയം തുടക്കം മുതൽ പൊലീസിനുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമല്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെയാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
വീട്ടിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിലും വിവസ്ത്രനായ നിലയിലുമാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വിവിധ ഭാഗങ്ങളിൽ മുളകുപൊടി വിതറിയിരുന്നു. ആറ് പവൻ സ്വർണവും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും ഇവർക്കൊപ്പമായിരുന്നു. ഇതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെനിന്ന് വീട്ടിലെത്തിയ പെൺകുട്ടിയാണ് ആദ്യം മൃതദേഹം കണ്ടതായി അറിയിച്ചത്.
വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും തുറക്കാൻ കഴിയുന്നില്ലെന്നും പെൺകുട്ടി അറിയിച്ചിരുന്നു. എന്നാൽ മുത്തച്ഛന്റെ മൃതദേഹം കണ്ടിട്ടും പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലിലും കുട്ടി സംശയത്തിന്റെ പരിധിയിൽ വന്നിരുന്നില്ല.
തുടർന്ന് പരീക്ഷ എഴുതുന്നതിനായി സ്കൂളിൽ പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിലെ വിവരങ്ങൾ പുറത്തുവന്നത്. കൃത്യത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും പെൺകുട്ടിയുടെ സഹപാഠികളും പരിചയക്കാരുമാണെന്നാണ് വിവരം.
മുത്തച്ഛനോട് പെൺകുട്ടിക്ക് ഉണ്ടായിരുന്ന വൈരാഗ്യത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രായപൂർത്തിയായ മറ്റാരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
