തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പ്രശസ്തമായ വെടിവഴിപാട് നിര്‍ത്തിവെച്ചേക്കുമെന്ന് സൂചന. വഴിപാട് ആചാരത്തിന്റെ ഭാഗമല്ലെന്ന തന്ത്രിയുടെ വ്യക്തമാക്കലും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകളുമാണ് വെടിവഴിപാടിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച പുതിയ ടെന്‍ഡറില്‍ വെടിവഴിപാട് ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള കരാറിന്റെ കാലാവധി നവംബര്‍ 15-ഓടെ അവസാനിക്കുകയാണ്.
ക്ഷേത്രത്തിലെ താന്ത്രികവിധികളിലോ ദൈനംദിന പൂജാക്രമങ്ങളിലോ വെടിവഴിപാടിന് യാതൊരു സ്ഥാനവുമില്ലെന്നും, കാലക്രമത്തില്‍ ഭക്തജനങ്ങളുടെ നേര്‍ച്ചയായി വന്നുചേര്‍ന്ന ഒന്ന് മാത്രമാണിതെന്നും തന്ത്രി മഹേഷ് മോഹനര് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്ത്രിയുടെ ഈ നിലപാടോടെ വഴിപാട് പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എളുപ്പത്തില്‍ നീങ്ങാന്‍ സാധിക്കും. വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി ബോര്‍ഡ് ഉടന്‍ തന്നെ പത്തനംതിട്ട കളക്ടറുമായി കൂടിക്കാഴ്ച നടത്തും.
ആറുമാസം മുന്‍പ് സന്നിധാനത്ത് നേരിട്ടെത്തിയ ഐ.ബി ഉദ്യോഗസ്ഥര്‍ വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലം, കൈകാര്യം ചെയ്യുന്ന രീതികള്‍, ഭക്തരുടെ തിരക്കുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അകലം തുടങ്ങിയവ വിശദമായി പരിശോധിച്ച് വിലയിരുത്തിയിരുന്നു. 1884 ലെ കേന്ദ്ര എക്സ്പ്ലൊസീവ് നിയമത്തിലെയും 2008 ലെ ചട്ടങ്ങളിലെയും സുരക്ഷാനിബന്ധനകള്‍ നിലവിലെ രീതിയില്‍ പാലിക്കപ്പെടുന്നില്ലെന്ന് അവര്‍ കണ്ടെത്തി. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ തിങ്ങിനിറയുന്ന സന്നിധാനത്ത് വെടിമരുന്ന് സംഭരണ കേന്ദ്രവും ജനക്കൂട്ടവും തമ്മില്‍ പുലര്‍ത്തേണ്ട നിശ്ചിത അകലം പാലിക്കുക പ്രായോഗികമല്ലെന്നാണ് ഐ.ബിയുടെ റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് മാളികപ്പുറത്തുണ്ടായ വെടിമരുന്ന് അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവവും ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവില്‍ ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരിലാണ് വെടിവഴിപാടിനുള്ള ലൈസന്‍സുള്ളത്. അതിനാല്‍ തന്നെ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണമായ നിയമപരമായ ഉത്തരവാദിത്വം എക്സിക്യുട്ടീവ് ഓഫീസര്‍ക്കായിരിക്കും. സുരക്ഷാപ്രശ്‌നങ്ങളും ആചാരപരമായ വശങ്ങളും ഒരുപോലെ ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ വെടിവഴിപാട് പൂര്‍ണ്ണമായി നിര്‍ത്തലാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
