കൊച്ചി: നടി അൻസിബ ഹസനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം ഇന്ന് നടക്കുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും. അൻസിബ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടനയുടെ പ്രാഥമിക വിലയിരുത്തൽ.
സംഘടനയ്ക്കുള്ളിൽ പരിഹരിക്കേണ്ട വിഷയങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമാക്കി വിവാദമാക്കിയെന്നാണ് സംഘടനയുടെ നിലപാട്. അൻസിബയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ വോട്ടിനിടാനും തുടർന്ന് ഞായറാഴ്ച നടക്കുന്ന ജനറൽ ബോഡിക്ക് ശുപാർശ സമർപ്പിക്കാനുമാണ് തീരുമാനം. അന്തിമ തീരുമാനം ജനറൽ ബോഡി യോഗത്തിലായിരിക്കും.
സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് അൻസിബയ്ക്കും ലക്ഷ്മിപ്രിയയ്ക്കും ഉൾപ്പെടെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അൻസിബ ഒഴികെയുള്ളവർ വിശദീകരണം നൽകിയെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ അൻസിബ മറുപടി നൽകാത്തതാണ് നടപടികളിലേക്ക് നീങ്ങാൻ കാരണമായതെന്നാണ് വിവരം.
അതേസമയം, നടൻ ടിനി ടോംക്കെതിരായ പരാതിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അൻസിബ. ടിനി ടോമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് അൻസിബയുടെ ആവശ്യം.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്നെ വർഗീയവാദിയായി ചിത്രീകരിച്ചുവെന്നുമുള്ള പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ അവിഹിത ബന്ധക്കഥകൾ പ്രചരിപ്പിച്ചുവെന്നും ഡ്രൈവറെ ഉൾപ്പെടെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ചുവെന്നുമാണ് അൻസിബയുടെ ആരോപണം. ഒരു സ്ത്രീയെ തകർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഇത്തരം ആരോപണങ്ങളെന്നും അവർ പ്രതികരിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം ടിനി ടോം നിഷേധിച്ചിട്ടുണ്ട്. അൻസിബ നേരത്തെ സ്വന്തം തിരക്കുകൾ മൂലമാണ് സ്ഥാനമൊഴിയുന്നതെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ടിനി ടോമിന്റെ പ്രതികരണം.
സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടാകാമെങ്കിലും ഒരു അംഗത്തിനും മോശം സന്ദേശങ്ങളോ അനുചിതമായ പെരുമാറ്റമോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അൻസിബയെ ജിഹാദിയെന്ന് വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തന്റെ അടുത്ത സുഹൃത്തുക്കളിൽ പലരും മുസ്ലിം മതവിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
