‘ഒളിച്ചുകളി ജനവിശ്വാസത്തെ തകർക്കും’; പി.എം. ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ സമസ്ത

JUNE 10, 2026, 10:09 PM

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നിലപാട് വ്യക്തതയില്ലാത്തതും ജനവിശ്വാസത്തെ തകർക്കുന്നതുമാണെന്ന് പത്രത്തിന്റെ എഡിറ്റോറിയലിൽ വിമർശിക്കുന്നു.

കേരളത്തിന്റെ പൊതുമനസ് എതിർത്ത പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ അനിശ്ചിതത്വവും അവ്യക്തതയും തുടരുകയാണെന്ന് സുപ്രഭാതം ആരോപിക്കുന്നു. ഇത് സതീശൻ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ജനക്ഷേമ പദ്ധതികളും ജനകീയ സമീപനങ്ങളും മുന്നോട്ടുവെച്ചതിലൂടെ അധികാരത്തിലെത്തിയ സർക്കാരിനോട് വലിയ പ്രതീക്ഷകളാണ് ജനങ്ങൾക്കുണ്ടായിരുന്നതെന്ന് എഡിറ്റോറിയൽ പറയുന്നു. എന്നാൽ ആ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടപടികളാണ് ഇപ്പോൾ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വിമർശനം ഉയർത്തുന്നു.

vachakam
vachakam
vachakam

പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള ധവളപത്രത്തിൽ കേന്ദ്രസർക്കാരിനെ ഒരു വരിയിൽ പോലും വിമർശിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തിയതായും സുപ്രഭാതം ആരോപിക്കുന്നു. ഭരണകൂടത്തിന്റെ മുഖമുദ്ര സുതാര്യതയായിരിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങൾ സംശയത്തോടെ കാര്യങ്ങളെ കാണുമെന്നും എഡിറ്റോറിയൽ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഭരണത്തിലേറി മാസങ്ങൾ തികയുന്നതിന് മുമ്പ് രാഷ്ട്രീയ വിമർശനം ഉന്നയിക്കുകയല്ല ലക്ഷ്യമെന്നും ഭാവിയിൽ നേരിടേണ്ടിവരാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണെന്നും സുപ്രഭാതം വ്യക്തമാക്കുന്നു. കേരളത്തെ പുതിയ വികസനഘട്ടത്തിലേക്ക് നയിക്കുമെന്ന ജനവിശ്വാസത്തോടെയാണ് യുഡിഎഫ് സർക്കാർ അധികാരമേറ്റതെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.

ഭരണമാറ്റത്തിന് പിന്നാലെ പി.എം. ശ്രീ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വീണ്ടും കേരളത്തിന് കത്തയച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. തുടർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വിദ്യാഭ്യാസ സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് തേടിയിരുന്നു.

vachakam
vachakam
vachakam

പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഭാവി സാധ്യതകളും സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് കൈമാറിയെങ്കിലും എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) എന്നിവയുടെ റിപ്പോർട്ടുകൾ ലഭിക്കാതെയാണ് വിവരങ്ങൾ കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി നടപ്പിലായാൽ വിദ്യാഭ്യാസ നയത്തിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് എസ്.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ടിരുന്നത്. ഫണ്ട് കുടിശികയും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച വിവരങ്ങൾ നൽകാൻ എസ്.എസ്.കെയോടും നിർദേശം നൽകിയിരുന്നു.

എന്നാൽ ചുമതല ഒഴിയാനൊരുങ്ങിയ സാഹചര്യത്തിൽ ഇരു സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നാണ് വിവരം. തുടർന്ന് ലഭ്യമായ വിവരങ്ങൾ ശേഖരിച്ചാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam