കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ വനത്തോട് ചേർന്ന പാടിയിലായിരുന്നു താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തോട്ടം നനയ്ക്കുന്നതിനായി പോയ ബാലകൃഷ്ണൻ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പമ്പ് ഹൗസിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ കുറ്റിക്കാടിനോട് ചേർന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാഗത്തോളം കടുവ ഭക്ഷിച്ച നിലയിലായിരുന്നുവെന്നാണ് വിവരം. മൃതദേഹാവശിഷ്ടങ്ങൾ ബാലകൃഷ്ണന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികൾ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്നതിൽ വനംവകുപ്പിന്റെ ഗുരുതര അനാസ്ഥയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനപാലകർ പരിശോധന ശക്തമാക്കി. ഡ്രോണുകൾ, കാമറകൾ, ബൈനോക്കുലറുകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് കടുവയുൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കുന്നത്.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പ് നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
