കൊച്ചി: പിറവം പിറമാടം പള്ളിയിൽ വൈദികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ 22 പേർക്കെതിരെ പൊലീസ് കേസ്. വൈദികരടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാമമംഗലം പൊലീസ് കേസെടുത്തത്. തടഞ്ഞുവയ്ക്കൽ, അസഭ്യം പറയൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠം ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
അതേസമയം, പള്ളിയിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫാ. എബിൻ എബ്രഹാം ഉൾപ്പെടെയുള്ളവരാണ് ഈ കേസിലെ പ്രതികൾ.
ഇന്നലെ രാവിലെയാണ് പള്ളിയിൽ സംഘർഷമുണ്ടായത്. ഞായറാഴ്ച പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയതോടെയാണ് തർക്കം തുടങ്ങിയത്. പള്ളിയുടെ അവകാശവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല കോടതി വിധി ലഭിച്ചതിന് പിന്നാലെയായിരുന്നു ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടേതായിരുന്നു ഉത്തരവ്.
പള്ളിയിലെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹയിലാണ് വൈദികർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഇരുവിഭാഗങ്ങളിൽപ്പെട്ടവർക്കും പരിക്കേറ്റിരുന്നു.
അതേസമയം, ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. തർക്കവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കിടെയാണ് പള്ളിയിൽ വീണ്ടും സംഘർഷമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
