തിരുവനന്തപുരം: കേരളത്തിൽ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂടും മറ്റ് സംസ്ഥാനങ്ങളിലെ ഉയർന്ന ഉപഭോഗം മൂലം ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഉപഭോഗം കുത്തനെ ഉയർന്നതോടെ കെഎസ്ഇബി സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് ആവർത്തിച്ച് പറയുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം വർധിച്ചുവെന്നത് യാഥാർഥ്യമാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കർണാടക മന്ത്രിയുമായി സംസാരിച്ചെങ്കിലും അവിടെനിന്ന് അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തും. വിഷയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ഉത്പാദനം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി - യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
