തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച പുതിയ കരട് വിജ്ഞാപനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ. പുതിയ നിർദേശങ്ങൾ മലയോര മേഖലയിലെ സാധാരണക്കാരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് സഭ ഉയർത്തുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാം കരട് വിജ്ഞാപനത്തിനെതിരെയാണ് വിമർശനം.
മലയോര മേഖലയിലെ ജനങ്ങളെ മനുഷ്യരായി പരിഗണിക്കാത്ത സമീപനമാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നതെന്ന് സിറോ മലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് ആരോപിച്ചു. ജനങ്ങളുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ സർവേ നടത്താവൂ എന്നും സർവേ നടപടികളിൽ പൂർണ സുതാര്യതയും ഫിസിക്കൽ വെരിഫിക്കേഷനും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാറ്റലൈറ്റ് സർവേയിൽ നിരവധി അവ്യക്തതകളുണ്ടെന്നും ചില തോട്ടം മേഖലകൾ വനമേഖലയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സഭ ആരോപിച്ചു. ജനജീവിതത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കുന്ന തരത്തിൽ തുടർച്ചയായി കരട് വിജ്ഞാപനങ്ങൾ വരുന്നത് മലയോര ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണെന്നും സഭ വ്യക്തമാക്കി.
പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 വർഷമായി ജനങ്ങൾ ആശങ്കയിൽ തുടരുകയാണെന്നും സഭ ചൂണ്ടിക്കാട്ടി. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്നും റിപ്പോർട്ടിലെ പിഴവുകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സർക്കാർ അറിയിക്കണമെന്നും ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു. റവന്യൂ ഭൂമിയെ വനഭൂമിയായി പരിഗണിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിജ്ഞാപനത്തിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014 മുതൽ 133 വില്ലേജുകളിലെ ജനങ്ങൾ വിവിധ ഘട്ടങ്ങളിലായി പ്രതിഷേധങ്ങൾ നടത്തിയിട്ടും അവരുടെ ആശങ്കകൾക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് സഭയുടെ ആരോപണം. സെപ്റ്റംബർ 25നാണ് കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി. അതിന് മുമ്പ് ജനങ്ങളുടെ ആശങ്കകൾക്ക് സർക്കാർ മറുപടി നൽകണമെന്നും ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.
അതേസമയം, പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ജനവാസ, കൃഷിയിടങ്ങൾ ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 131 വില്ലേജുകൾ ഉൾപ്പെടുന്ന നിർദേശത്തിൽ നിന്ന് 30ലേറെ വില്ലേജുകളും ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു.
കരട് നിർദേശം നിലവിൽ വന്നാൽ കർഷകരുടെയും മലയോര മേഖലയിലെ താമസക്കാരുടെയും ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരുമോയെന്നതാണ് പ്രധാന ആശങ്ക. വീടുകളുടെ നിർമാണം, റോഡ് വികസനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും അധിക അനുമതികൾ ആവശ്യമായി വരുമെന്ന ആശങ്ക കർഷക സംഘടനകൾ നേരത്തെ ഉന്നയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
