ന്യൂഡെല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎല്‍പിഎ). പൈലറ്റുമാരുടെ മേല്‍ കുറ്റം ആരോപിക്കുന്നതിലേക്കാണ് അന്വേഷണം നടക്കുന്നതെന്ന് എഎല്‍പിഎ ആരോപിച്ചു.
'പൈലറ്റുമാരുടെ മേല്‍ കുറ്റം അനുമാനിക്കുന്ന ഒരു ദിശയിലേക്കാണ് അന്വേഷണം നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, ഈ ചിന്താഗതിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.' എയര്‍ ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് പറഞ്ഞു. അന്വേഷണത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകത ആശ്ചര്യപ്പെടുത്തുന്നതാണെന്നും അന്വേഷണങ്ങള്‍ക്കായി ഉചിതമായ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
എയര്‍ ഇന്ത്യ 171 ക്രാഷിനെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉത്തരവാദിത്തമുള്ള ആരും ഒപ്പിടാതെ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും പൈലറ്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു. പൈലറ്റ്‌സ് അസോസിയേഷന്റെ പ്രതിനിധികളെ നിരീക്ഷകരായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും എഎല്‍പിഎ ആവശ്യപ്പെട്ടു.
അതേസമയം റിപ്പോര്‍ട്ട് പ്രാഥമിക രേഖ മാത്രമാണെന്നും പൊതുജനങ്ങളും മാധ്യമങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തരുതെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. 'അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ നമുക്ക് വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ,' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൈലറ്റുമാരിലും ക്രൂവിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്