ബെംഗലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാകുന്നു.
വിദേശ നിക്ഷേപ വിവരങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ മന്ത്രിക്കും കുടുംബത്തിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ഉടൻ സമൻസ് നൽകിയേക്കുമെന്നാണ് വിവരം. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇവരിൽ നിന്ന് കൂടുതൽ വിശദീകരണം തേടും.
ഇതിനുപുറമെ, മന്ത്രിക്ക് കൈക്കൂലി നൽകിയെന്ന് കണ്ടെത്തിയ ബി.വി.ഇ.പി.എൽ അധികൃതർക്കും നോട്ടീസ് അയക്കും. വിദേശനാണയ നിരോധന ചട്ടം (ഫെമ) ലംഘിച്ചതിൽ വ്യാപകമായ അന്വേഷണം നടത്തുമെന്നും ഇ.ഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, സാംബിയ എന്നിവിടങ്ങളിലെ സ്വർണ ഖനികളിലും ബിസിനസ് സ്ഥാപനങ്ങളിലും ജാർക്കിഹോളി വലിയ തോതിൽ അഴിമതി പണം നിക്ഷേപിച്ചതായാണ് ഇ.ഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോംഗോയിലെ 'മാഗ്നിറ്റ്യൂഡ് സ്റ്റാർ' എന്ന സ്വർണ ഖനന കമ്പനിയിൽ സതീഷ് ജാർക്കിഹോളിക്ക് 40 ശതമാനം ഓഹരി നിക്ഷേപമുണ്ട്.
അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മകൻ രാഹുൽ, സഹോദരി മഹാദേവി എന്നിവർക്കും വിദേശ രാജ്യങ്ങളിൽ നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കരാറുകാരിൽ നിന്ന് സമാഹരിച്ച കൈക്കൂലി പണം വിദേശത്തേക്ക് കടത്തിയതായാണ് ഇ.ഡിയുടെ നിഗമനം. സമീപദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് 3.45 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ഇ.ഡി നടപടിയെ രാഷ്ട്രീയ പകപോക്കലാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
