തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ 13 കമ്പനികൾ വഴിയാണ് നടന്നതെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. ഇതിൽ ഏഴ് കമ്പനികൾക്ക് ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പണമിടപാടുകൾ നടത്താൻ വേണ്ടി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം. അർജന്റീന ടീമിന്റെ സന്ദർശന കാലയളവിൽ മാത്രമാണ് ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പലതും സജീവമായിരുന്നതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ജി.എസ്ടി ഈടാക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തിയ സംഘം, ജി.എസ്ടി ഇന്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി തേടി.
നികുതി ഈടാക്കൽ നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചതിന്റെ ഉറവിടം കണ്ടെത്തുകയാണ് എസ്.ഐ.ടിയുടെ ലക്ഷ്യം. ഇതിനായി സ്പോൺസറുമായി ബന്ധമുള്ളവരോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഫോൺ വഴി ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും.
അതേസമയം, സ്പോൺസർ കമ്പനിയിൽ നിന്ന് ജി.എസ്ടി ഈടാക്കുന്നതിനുള്ള ഫയൽ യാതൊരു തുടർനടപടികളുമില്ലാതെ ഏഴ് മാസത്തോളം കെട്ടിക്കിടന്നതായും കണ്ടെത്തലുണ്ട്. സംഭവത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന ദിശയിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
