കുറ്റവാളിയായി പിടിച്ചുകൊണ്ടുവന്ന യേശുവിനെ പ്രത്തോറിയത്തിൽ നിർത്തി പീലാത്തോസ് ചോദിച്ചു: എന്താണ് സത്യം.? ചരിത്രത്തിലുടനീളം ന്യായാധിപന്മാർ അഭിമുഖീകരിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ആ ചോദ്യത്തിനുമുന്നിൽ പതറാതെ നിൽക്കാൻ കെൽപ്പുള്ളൊരു വ്യക്തിയായിരുന്നു ന്യായാധിപനൊന്നുമാകാതെ കോടതിയിൽ നിന്നും എന്നേക്കുമായി ഇറങ്ങിയിരിക്കുന്ന ദുഷ്യന്ത് ദവെ എന്ന അഭിഭാഷകൻ.
വ്യക്തികൾക്ക് പകരം ആദർശങ്ങളെ ആരാധിക്കുമ്പോഴാണ് മനുഷ്യർ മഹത്വമാർജ്ജിക്കുന്നത് എന്നൊരുചൊല്ലുണ്ട്. ദവെയുടെ സ്ഥാനം ഈ നിരയിലാണ്. വ്യക്തികളല്ല, നീതിയും നിയമവാഴ്ചയുമാണ് ദവെയുടെ ഈശ്വരന്മാർ. ജനാധിപത്യത്തിന്റെ ശ്രീകോവിലിലാണ് ദവെയുടെ പൂജാർപ്പണം.
ലക്ഷങ്ങൾ കൊയ്‌തെടുക്കാൻ കിട്ടുന്ന വക്കീൽ പണിയിൽനിന്ന് എത്ര കിളവനായാലും വിരമിക്കാൻ ഒരുമാതിരിപെട്ടവരൊന്നും മിനക്കെടാറില്ല. ഇനി ഏതെങ്കിലും കാരണവശാൽ അങ്ങിനെയൊരാഗ്രഹം പ്രകടിപ്പിച്ചാൽ വീട്ടുകാർ കണ്ണും മണ്ണും ഉരുട്ടി ആ ആഗ്രഹത്തെ ആവാഹിച്ച് കാഞ്ഞിരപ്പലകയിലടിച്ചിരിക്കും. ഇങ്ങിനെയുള്ള കാലത്താണ് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ദുഷ്യന്ത് ദവെയുടെ പ്രഖ്യാപനം. എല്ലാം പെട്ടെന്നായിരുന്നു.
ഇന്ത്യയിലിപ്പോൾ ഏറ്റവുമധികം അറിയപ്പെടുന്ന അഭിഭാഷകരിൽ ഒരാളാണ് ദവെ എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല. വക്കാലത്ത് ദവെ ഏറ്റെടുത്താൽ കേസ് ജയിച്ചതിന് തുല്ല്യമാണെന്ന് കരുതുന്നവരുണ്ട്. നീതിക്ക് വേണ്ടി ഏത് കോടതിയിലും നിർഭയം പൊരുതുന്ന ദവെയ്ക്ക് കേസുകൾക്ക് ഒരു ക്ഷാമവുമില്ല. എന്തുകൊണ്ടും ഔദ്യോഗിക ജീവിതത്തിന്റെ അത്യുന്നതിയിൽ നിൽക്കവെയാണ് ദവെയുടെ വിരമിക്കൽ പ്രഖ്യാപനം വന്നിരിക്കുന്നത്.
1954 ഒക്ടോബർ 27ന് ഭൂജാതനായ ദുഷ്യന്ത് ദവേ 1978 ൽ ഗുജറാത്തിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂൺ 14ന് 70 വയസ്സ് തികഞ്ഞപ്പോൾ എടുത്ത തീരുമാനമാണിതെന്നാണ് ദവെ പറയുന്നത്.
1978ൽ തുടങ്ങിയ അഭിഭാഭാഷക ജീവിതം അരനൂറ്റാണ്ട് തികയ്ക്കാൻ രണ്ട് സംവസരം കൂടി മതി. സുവർണ്ണ ജൂബിലി ആഘോഷിച്ചിട്ടുപോരെ വിരമിക്കലെന്ന് ഭാര്യയും മക്കളും സുഹൃത്തുക്കളും ചോദിച്ചതായിപറയുന്നു. ഫലി എസ്. നരിമാനും റാം ജെഠ്മലാനിയും 95-ാം വയസ്സിൽ മരിക്കുന്നതുവരെ അഭിഭാഷകവൃത്തിയിൽ സജീവമായിരുന്നു എന്ന് ഓർമിപ്പിക്കാനും വീട്ടുകാർ മറന്നില്ല. നാനി പൽക്കിവാല 82-ാമത്തെ വയസ്സിലാണ് മരിച്ചത്.
അദ്ദേഹവും അവസാനകാലം വരെ അഭിഭാഷകവൃത്തി വേണ്ടെന്ന് വെച്ചിരുന്നില്ല. മലയാളിയും മുൻ അറ്റോർണി ജനറലുമായ കെ.കെ. വേണുഗോപാൽ ഈ 93-ാം വയസ്സിലും കേസുകൾ വാദിക്കാൻ കോടതിയിലെത്തുന്നു. അപ്പോൾപിന്നെ എന്തുകൊണ്ട് ദവെ വിരമിക്കുന്നു എന്ന ചോദ്യം വീട്ടുകാരും നാട്ടുകാരും ഉയരുന്നതിൽ അത്ഭുതമില്ല.
എങ്കിലും വീണ്ടും കോടതി വരാന്തകളിലേക്ക്
ഉന്തിവിടാൻ വീട്ടുകാർ തയ്യാറല്ല. ശേഷിക്കുന്നകാലം സ്വന്തം നാടായ
ഗുജറാത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും കുടുംബത്തോടൊപ്പം സമയം
ചെലവഴിക്കണമെന്നുമാണ് പുള്ളിക്കാരന്റെ ആഗ്രഹം. ഇന്ത്യൻ ജുഡീഷ്യറി
നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നീതിബോധമുള്ള ഈ വക്കീലിന്
ചിലകാര്യങ്ങളിൽ ആശങ്കയുണ്ട്.
അതുകൊണ്ടാണ്, സ്വന്തം വീട്ടിൽനിന്നു ടൺ
കണക്കിന് പണം കണ്ടെടുത്തിട്ടും ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് നിയമനടപടികൾ
നേരിടേണ്ടി വരുന്നില്ല.
ഇത് നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ല്
കുത്തിയിളക്കുന്ന കലാപരിപാടിയാണെന്ന് ദവെ പറയുന്നത്. അഴിമിതിയും
സ്വജനപക്ഷപാതവും ജുഡീഷ്യറിക്ക് മുകളിൽ വീഴ്ത്തുന്ന കഴുകന്റെ കരിനിഴൽ തന്റെ
എക്കാലത്തേയും വേദനയാണെന്നുകൂടി പറയാൻ അദ്ദേഹം മടിക്കുന്നില്ല.
ജനാധിപത്യം
പ്രസന്നവും പ്രകാശഭരിതവുമായി നിലനിൽക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പങ്ക്
വഹിക്കുന്നത് ജുഡീഷ്യറിയാണ്. ഭരണകൂടത്തോടുള്ള ജുഡിഷ്യറിയുടെ
ചെറുത്തുനിൽപാണ് ജനാധിപത്യത്തിന്റെ കാതൽ.
എത്ര സുന്ദരവും സുരഭിലവുമായ ഭരണഘടനയാണെങ്കിലും ജുഡിഷ്യറിയുടെ ഇടപെടലില്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കാൻ ഭരണകൂടത്തിന് നിമിഷങ്ങൾ മതി. സ്വതന്ത്രമായ ജുഡീഷ്യറിയും നിയമവാഴ്ചയുമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമെന്ന് നിരീക്ഷിക്കപ്പെടുന്നതും അതുകൊണ്ടാണ്.
മനുഷ്യാവകാശങ്ങളുടെ കരുത്തനായ ഈ പോരാളിക്ക് ശാന്തവും സുന്ദരവുമായൊരു വയോജനകാലം നേരുന്നു.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്