പങ്കാളികളില്ലാത്ത സ്ത്രീകളെ സമൂഹം എപ്പോഴും വ്യാകുലരായിട്ടാണ് ചിത്രീകരിക്കുന്നത്. സ്ത്രീ എന്നാല്‍ വിവാഹം, മാതൃത്വം എന്നിവയാല്‍ ചുറ്റപ്പെട്ടതാണെന്നാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. മുപ്പതുകള്‍ കഴിഞ്ഞിട്ടും സിംഗിളായി ജീവിക്കുന്നവരെ പരിഹസിക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നാല്‍ ഇത്തരം ചിന്താഗതികളെയെല്ലാം കടത്തിവെട്ടുന്നതാണ് പുതിയ പഠനം. സിംഗിളായവര്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമാണെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച് സിംഗിളായി ജീവിക്കുന്ന സ്ത്രീകള്‍ പങ്കാളികളുള്ളവരേക്കാളും സിംഗിളായ പുരുഷനേക്കാളും സന്തുഷ്ടരാണെന്ന് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്സണാലിറ്റി സയന്‍സ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.
2020നും 2023നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷന്റെ സമയത്ത് പ്രണയ ബന്ധങ്ങളില്‍ അല്ലാതിരുന്ന 5491 പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. പുരുഷന്‍, സ്ത്രീ എന്നിങ്ങനെ വേര്‍തിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയില്‍ പ്രായമുള്ളവരേയാണ് പഠന വിധേയമാക്കിയത്.
അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങള്‍ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സംതൃപ്തി അനുഭവപ്പെടുന്നതായാണ് പഠനത്തിലെ കണ്ടെത്തല്‍. അതേസമയം അവിവാഹിതരായ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു.
പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്