ന്യൂഡെല്‍ഹി: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പരിഭ്രാന്തി വേണ്ടെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ അതുല്‍ ഗോയല്‍. ഇന്ത്യയില്‍ നിന്ന് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോ ഗോയല്‍ പറഞ്ഞു.
സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും ഡോ. ഗോയല്‍ പറഞ്ഞു. വൈറസ് കാരണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍, അണുബാധ പടരാതിരിക്കാന്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കുള്ള പൊതുവായ മുന്‍കരുതലുകള്‍ പാലിക്കാന്‍ അദ്ദേഹം ആളുകളെ ഉപദേശിച്ചു.
ജലദോഷത്തിനും പനിക്കും പതിവ് മരുന്ന് കഴിച്ചാല്‍ മതിയെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഡോ. ഗോയല്‍ പറഞ്ഞു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പൊട്ടിപ്പുറപ്പെടുന്നത് വര്‍ദ്ധിക്കാറുണ്ടെന്നും ഇതിനായി ആവശ്യമായ മരുന്നുകളും കിടക്കകളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയില്‍ എച്ച്എംപിവി അണുബാധയുടെ പശ്ചാത്തലത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വര്‍ദ്ധനവ് കണ്ടുതുടങ്ങിയിട്ടുണ്ട്. നിരവധി ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. എച്ച്എംപിവിയെ ഒരു പകര്‍ച്ചവ്യാധിയായി ചൈന പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, അജ്ഞാതമായ രോഗാണുക്കളെ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ ഒരു പ്രോട്ടോക്കോള്‍ സജ്ജീകരിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞമാസം ബെയ്ജിംഗ് പ്രസ്താവിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്