ഓണ സദ്യയിലെ 10 വിഭവങ്ങൾ ഉണ്ടാക്കാം

AUGUST 21, 2023, 4:16 PM

ഓണ സദ്യയിലെ 10 വിഭവങ്ങൾ ഉണ്ടാക്കിയാലോ. സാമ്പാർ, അവിയൽ, തോരൻ, കാളൻ, ഓലൻ, പച്ചടി, കിച്ചടി, പരിപ്പ്, എരിശ്ശേരി, രസം എന്നിവയാണ് വിഭവങ്ങൾ. 

1,സാമ്പാർ : പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക, പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാർ മസാലയും (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്.) (ചിലയിടങ്ങളിൽ വറുത്ത തേങ്ങ അരച്ചതും ചേർക്കും. ) പുളി വെള്ളവും ചേർത്ത് ഒന്നു നന്നായി വേവിച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുകും വറ്റൽ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയിൽ ചേർക്കുക.

vachakam
vachakam
vachakam

2, പരിപ്പ് :

ആദ്യം ചെറുപയർ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ഒരുസ്പൂൺ വെളിച്ചെണ്ണയും ചേർത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.

തേങ്ങ ജീരകവും വെളുത്തുള്ളിയും ചേർത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേർത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു ഇളക്കി വാങ്ങുക.

vachakam
vachakam
vachakam

3,അവിയൽ :

എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികൾ. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

പാകം ചെയ്യുന്ന വിധം : തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.എല്ലാ പച്ചക്കറികളും മഞ്ഞൾപ്പൊടിയും അല്പം ഉപ്പും ചേര്ത്തു വേവിക്കുക. മുക്കാൽ ഭാഗം വെന്ത കഷ്ണങളിൽ പുളി പിഴിഞ്ഞ (തൈർ) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേർക്കുക.അവിയൽ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക. മലബാർ പ്രദേശങ്ങളിൽ പുളിക്കുവേണ്ടി തൈരാണ് ഉപയോഗിക്കുന്നത്.

vachakam
vachakam

4,കാളൻ :

നേന്ത്രക്കായും ചേനയും ചേര്ത്തു ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളൻ ഉണ്ടാക്കാം. കഷ്ണങ്ങൾ ഒന്നും ഇല്ലാതെയും കാളൻ ഉണ്ടാക്കാം.

പച്ചമുളക് കഴുകി നെടുകെ പിളർത്ത് കൽച്ചട്ടിയിലിട്ട് മഞ്ഞൾപ്പൊടിയും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോൾ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോൾ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക.

കാളൻ വേണ്ടത്ര കുറുകിക്കഴിഞ്ഞാൽ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേർക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടൻ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അൽപംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .

5,ഓലൻ :

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി എടുക്കുക. ഒരു പിടി വൻപയർ (ചുവന്ന പയർ ) തലേദിവസം വെള്ളത്തിലിട്ടു കുതിർത്തതും കുമ്പളങ്ങ കഷ്ണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാൽ ഓലൻ ആയി. ചിലയിടങ്ങളിൽ ഓലനിൽ തേങ്ങാപ്പാൽ ചേർത്തും ഉണ്ടാക്കാറുണ്ട്.

6,പച്ചടി :

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തിൽ അറിഞ്ഞ് വെളിച്ചെണ്ണയിൽ നന്നായി വറുത്തു കോരുക.വറ്റൽമുളക്,കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയിൽ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേർത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോൾ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേർക്കുക.തൈര് ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക..

തൈര് ചേർത്ത ശേഷം തിളക്കരുത് .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും പ ച്ചടി ഉണ്ടാക്കാവുന്നതാണ്. ബീട്രൂറ്റ് ഉപയോഗിച്ചാണ് പച്ചടി വക്കുന്നതെന്കിൽ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളിൽ പറഞ്ഞ അതേ അരപ്പ് ചേർത്ത് തൈരും ചേർത്ത് കടുക് വറക്കുക.

7,കിച്ചടി :

മധുരം ഉള്ള കറിയാണിത്. മാമ്പഴം, മുന്തിരിങ്ങ ഇവയിൽ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.പകുതി വേവാകുമ്പോൾ ഇതിലേക്ക് അലപം ശർക്കര ചേർക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേർക്കുക. ആവശ്യത്തിനു ഉപ്പും ചേർക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കടുക് പൊട്ടിച്ചു കറിയിൽ ചേർക്കുക.

8,എരിശ്ശേരി : മത്തങ്ങ – 500 ഗ്രാം, വൻപയർ 100 ഗ്രാം, മഞ്ഞൾപ്പൊടി -അര ടീസ്പൂൺ, മുളകുപൊടി – ഒരു ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, തേങ്ങ ചിരകിയത് – ഒരു തേങ്ങയുടെത്, ജീരകം – അര ടീസ്പൂൺ, വെളുത്തുള്ളി – 4 അല്ലി,

വെളിച്ചെണ്ണ,വറ്റൽമുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.

പാകം ചെയ്യുന്ന വിധം:

ആദ്യം വൻപയർ വേവാൻ വയ്ക്കുക.കുക്കറിൽ വേവിക്കുന്നതാണ് എളുപ്പം.മുക്കാൽ വേവാകുമ്പോൾ മത്തങ്ങയും മുളക്‌പൊടി,മഞ്ഞൾപ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാൽ അളവിൽ പറഞ്ഞിരിക്കുന്ന തേങ്ങയിൽനിന്നും കാൽ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേർക്കുക. നന്നായൊന്നു തിളച്ചാൽ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയിൽ വറ്റൽമുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേർത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാൽ വാങ്ങി വൻപയർ മത്തങ്ങാ കൂട്ടിൽ ചേർത്ത് ഇളക്കുക.

9,തോരൻ : പയർ, കാബേജ്, ബീൻസ്, ബീട്രൂറ്റ്, കാരറ്റ് തുടങ്ങി എന്തും ആകാം.)

തോരൻ പാകം ചെയ്യുന്ന വിധം : പച്ചപ്പയർ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയിൽ ഒരു സ്പൂൺ അരി ഇട്ടുമൂക്കുമ്പോൾ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക്ക. തുടർന്ന് പയർ ഇത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോർന്നു കഴിയുമ്പോൾ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്ത്തു ചതച്ചെടുത്ത മിശ്രിതം ചേർത്തിളക്കി എടുക്കുക.

10, രസം:

മല്ലി – 2 റ്റീസ്പൂൺ

മുളക് – 6-8

കുരുമുളക് – 3/4 റ്റീസ്പൂൺ

കടലപ്പരിപ്പ് – 1 റ്റീസ്പൂൺ

ജീരകം – 1/2 റ്റീസ്പൂൺ

കറിവേപ്പില – ഒരു തണ്ട്.

തുവരപ്പരിപ്പ് – 50 ഗ്രാം

മഞ്ഞൾപ്പൊടി

കായം

പുളി

തക്കാളി – 1-2

മല്ലിയില

ഉപ്പ്

വെള്ളം

കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ

ശർക്കര – 1/4 സ്പൂൺ

 പാകം ചെയ്യുന്ന വിധം:

മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയിൽ വച്ച്  എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട്ട് ഒന്നടിച്ചെടുത്താൽ നന്നായിരിക്കും). ഇത് 3-4  ഗ്ലാസ് വെള്ളത്തിൽ കലക്കി, ഇതിൽ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞൾപ്പൊടി, ഉപ്പ്,  കായം , സ്വല്പം കറിവേപ്പില എന്നിവ ചേർത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. ഇനി അരപ്പു ചേർക്കാം.സകലസ്വാദും ക്രമീകരിക്കാനായി അവസാനം കാൽസ്പൂൺ ശർക്കരയും ചേർത്തിളക്കി, മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.വെളിച്ചെണ്ണയിൽ  വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ രസം റെഡി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam