മലയാളികളുടെ ഓണം ഇങ്ങെത്തി കഴിഞ്ഞു. തുരുവോണത്തിന് മുൻപായി പല ഓഫീസുകളിലും സ്കൂളുകളിലും ഓണാഘോഷം കേമമായി നടന്നുകൊണ്ടിരിക്കുന്നു. ഇനി ഉത്രാടം, തിരുവോണം ഈ ദിവസങ്ങളിലേക്കുള്ള കാത്തിരിപ്പിലാണ്. ഓണത്തിന് ഒഴിച്ചു കൂടാനാവാത്തത് ഓണസദ്യതന്നെയാണ്.
ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. തൂശനിലയിൽ ഉപ്പേരിയും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോൾ ഓണസദ്യ പൂർണ്ണമാകും. സദ്യ വിളമ്പുന്നതിനുമുണ്ട് ചിട്ടവട്ടങ്ങൾ.
ഇല ഇട്ട് ഇരിക്കുന്ന ആളിന്റെ വലതുവശംചേർന്നു വേണം ഇലയുടെ മുറിഭാഗം വരേണ്ടത്. തൂശൻ ഭാഗം ഇടതുഭാഗത്തും. ഇലയുടെ ഇടതുഭാഗത്തായി മുകളിൽ നിന്നും വേണം വിലമ്പിത്തുടങ്ങേണ്ടത്. പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം.
ഊണുകഴിക്കുന്ന ആൾ ഇരുന്നതിനു ശേഷം വേണം ചോറു വിളമ്പേണ്ടത് എന്നതാണ് ചിലയിടങ്ങളിലെ ചിട്ട. കുത്തരിയാണ് മിക്കവാറും ഓണനാളിൽ തിരഞ്ഞെടുക്കുന്നത്.
ചോറിനു മുകളിൽ ആദ്യം പരിപ്പാണ് ഒഴിക്കേണ്ടത്. ഇതിനു മുകളിലായി നെയ്യ് വിളമ്പും. പപ്പടം, പരിപ്പിൽ കുഴച്ച് ഊണാരംഭിക്കും. അടുത്തതായി സാമ്പാറും കാളനോ, പുളിശ്ശേരിയോ വിളമ്പും. രസം ഇതിനുശേഷമാണ് വിളമ്പുക. ഊണ് പൂർത്തിയാകുന്ന മുറക്ക് പായസം വിളമ്പും. ചിലയിടങ്ങളിൽ പായസത്തിനൊപ്പം മധുര ബോളി ചേർത്ത് കഴിക്കുന്നതും പതിവാണ്. അവസാനം മോര് വിളമ്പുന്നതോടെ സദ്യപൂർത്തിയാകും.
ഓണ സദ്യയിലെ പ്രധാന വിഭവങ്ങൾ ഇവയാണ്.
1) ചിപ്‌സ്
2) ശർക്കര വരട്ടി
3) പഴം
4) പപ്പടം
5) ഉപ്പ്
6) ഇഞ്ചി
7) നാരങ്ങ
8) മാങ്ങ
9) വെള്ള കിച്ചടി
10) ഓലൻ
11) ചുവന്ന കിച്ചടി
12) മധുരക്കറി
13) തീയൽ
14) കാളൻ
15) വിഴുക്കു പുരട്ടി (മെഴുക്ക്പുരട്ടി എന്നും പറയും)
16) തോരൻ
17) അവീൽ
18) കൂട്ടുകറി
19) ചോറ്
20) പരിപ്പ്
21) നെയ്യ്
22) സാമ്പാർ
23) അടപ്രഥമൻ
24) ഗോതമ്പ് പായസം
25) പുളിശ്ശേരി
26) രസം
27) മോര്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്