വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ജെ. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അമേരിക്കയിൽ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന റെക്കോർഡ് ട്രംപ് സ്വന്തമാക്കിയപ്പോൾ വാൻസ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റുമായി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ് എന്നിവരുൾപ്പെടെ ചടങ്ങിന് സാക്ഷിയായി.
അമേരിക്കയുടെ സുവർണ്ണകാലം' ആരംഭിക്കുകയാണെന്നും താൻ എപ്പോഴും 'അമേരിക്കയെ ഒന്നാമതെത്തിക്കുമെന്നും' യുഎസ് പ്രസിഡന്റ് ട്രംപ് ക്യാപിറ്റോളിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.'നമ്മൾ പഴയതുപോലെ മഹത്തായ രാഷ്ട്രമായി മാറും. ലോകം മുഴുവനും നമ്മളോട് അസൂയപ്പെടും. എല്ലാ അമേരിക്കക്കാർക്കും ഞാൻ ഉറപ്പുനൽകുന്നു, ഞാൻ എപ്പോഴും അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന്. അധികാരം ഏറ്റെടുത്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ന് മുതൽ, ആഗോളതലത്തിൽ അമേരിക്കയുടെ തകർച്ച അവസാനിച്ചു. നമ്മുടെ റിപ്പബ്ലിക് വീണ്ടെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, നമ്മുടെ രാജ്യത്തിന്റെ 250 വർഷത്തെ ചരിത്രത്തിൽ മറ്റേതൊരു യുഎസ് പ്രസിഡന്റിനേക്കാളും കൂടുതൽ തവണ എന്നെ ലക്ഷ്യം വച്ചിട്ടുണ്ട്' ട്രംപ് പറഞ്ഞു.
തനിക്കെതിരായി നടന്ന വധശ്രമത്തെയും ട്രംപ് ആയുധമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തന്റെ ചെവിയിലൂടെ ഒരു വെടിയുണ്ട തുളച്ചുകയറിയെന്നും വധശ്രമമുണ്ടായെന്നും പറഞ്ഞ ട്രംപ് പക്ഷേ ദൈവം തന്നെ രക്ഷിച്ചുവെന്നും കാരണം എന്റെ ലക്ഷ്യം 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്നതാണെന്നും പ്രസംഗിച്ചു.
നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ ദൈവത്തെയും നമ്മൾ മറക്കില്ലെന്നും 2025 ജനുവരി 20 എല്ലാ അമേരിക്കക്കാരും വിമോചനദിനമായി എന്നെന്നേക്കുമായി ഓർക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ, പനാമ കനാലിന്റെ നിയന്ത്രണം പനാമ രാജ്യത്തിന് വിട്ടുകൊടുക്കുന്നത് ഒരു 'മണ്ടത്തരമായ സമ്മാനം' ആണെന്ന് ട്രംപ് പറഞ്ഞുവെച്ചു. മാത്രമല്ല, അമേരിക്കയ്ക്കുവേണ്ടി പനാമ കനാലിന്റെ നിയന്ത്രണം തിരികെ എടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മെക്സിക്കോ ഉൾക്കടലിന്റെ പേര് ഇന്ന് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്