കെ-റെയിൽ വഴി കുറച്ച് 'പുത്തൻ' തരമാക്കാമെന്നു കരുതിയ രണ്ടാം പിണറായി സർക്കാറിന് കേന്ദ്രം വക രണ്ട് 'കീറ്' കിട്ടി. കെ-റെയിലിനുള്ള കേന്ദ്രാനുമതി തൽക്കാലമില്ലെന്ന് റെയിൽവേ മന്ത്രി പറഞ്ഞു കഴിഞ്ഞു. വികസനത്തിന്റെ പേരിൽ നഷ്ടം കൊയ്തു കൂട്ടാനുള്ള ഒരു പദ്ധതിക്കും ബാങ്കുകൾ വായ്പ നൽകരുതെന്ന് റിസർവ് ബാങ്കും ഉത്തരവിറക്കിയിരിക്കുകയായാണ്. ഇപ്പോൾ രാഷ്ട്രീയക്കാർ 'കയറിനിരങ്ങുന്ന' സഹകരണ നിക്ഷേപങ്ങൾ വികസനത്തിന് ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനഭരണകൂടം.
കിഫ്ബിയുടെ മസാലബോണ്ട് എന്തായാലും ഇ.ഡി.യുടെ 'ഇടിക്കൂട്ടിൽ' കയറുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. മുൻമന്ത്രി ഡോ. തോമസ് ഐസക്കിനെ ഇക്കാര്യത്തിൽ പാർട്ടി സംരക്ഷിക്കുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്‌നയുടെ പരാതികൾ ഉൾപ്പെട്ട കേസ് കർണ്ണാടകത്തിലേക്ക് മാറ്റാനുള്ള നീക്കം ഇ.ഡി. തുടങ്ങിയിട്ടുണ്ട്. അങ്ങനെ വന്നാൽ, ബാംഗ്ലൂരിലേക്കുള്ള വിമാനടിക്കറ്റുകൾക്കായി ഇടതു നേതാക്കൾ ക്യൂനിൽക്കേണ്ടി വരാം. ഒരു കാര്യം തീർച്ചയായിട്ടുണ്ട്. പിണറായിയോടുള്ള ബി.ജെ.പിയുടെ മൃദുസമീപനം അവസാനിച്ചു കഴിഞ്ഞു. കെ. സുരേന്ദ്രനു പകരം മറ്റൊരു പാർട്ടി പ്രസിഡന്റിനെ ബി.ജെ.പി. നേതൃത്വം നിയോഗിക്കുമെന്നാണ് കരുതുന്നത്.
ജലീലിന്റെ കത്തും, കുത്തും
പൃഥ്വിരാജിന്റെ കടുവ പോലെ ചീറി നിന്ന പി.സി. ജോർജ് ഇപ്പോൾ മൗനത്തിലാണ്. പകരം സ്വപ്‌ന മുൻമന്ത്രി ജലീലിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഒന്ന് കുറിക്കുകൊണ്ടു കഴിഞ്ഞു. 'മാധ്യമം' ദിനപത്രത്തിനെതിരെയുള്ള ജലീലിന്റെ കത്ത് എന്തായാലും കത്തിപ്പടർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പോലും ജലീലിനെ കൈവിട്ടിരിക്കുകയാണ്.
അന്ന് യാത്ര ബെൻസിൽ ഇന്ന് ഓട്ടോയിൽ
മലയാള സിനിമാനിർമ്മാതാക്കൾ എസ്. ക്ലാസ് ബെൻസ് ഉപേക്ഷിച്ച് ഓട്ടോയിലാണത്രെ ഇപ്പോൾ സഞ്ചാരം. 2022ൽ പുറത്തിറങ്ങിയ 76 സിനിമകളിൽ ഏഴെണ്ണമാണത്രെ കഷ്ടിച്ച് തിയറ്ററുകളിൽ രക്ഷപ്പെട്ടത്. ഇത്രയേറെ വയറ്റത്തടിച്ചു പാടിയിട്ടും തിയറ്ററുകളിലെ വൈദ്യുതി നികുതി നിരക്കുകളൊന്നും സർക്കാർ കുറച്ചിട്ടില്ല. 'വേണമെങ്കിൽ ഞങ്ങളെവച്ച് പടം പിടിച്ചാൽ മതി റേറ്റ് കുറയ്ക്കാൻ പറ്റില്ല' എന്ന് സൂപ്പർസ്റ്റാറുകൾ പറഞ്ഞുകഴിഞ്ഞു.
നിർമ്മാതാവിന് ഓവർ ഫ്‌ളോയായി പണം കിട്ടിയാൽ തമിഴ്‌നാട്ടിലെ താരരാജാക്കന്മാർ നൽകുന്ന സമ്മാന സൗജന്യമൊന്നും മലയാളത്തിലെ സൂപ്പർസ്റ്റാറുകളിൽ നിന്ന് ഒരു കാലത്തും പ്രതീക്ഷിക്കേണ്ട. വീട്ടിലെ ബെൻസ് കാർ തൽക്കാലം വർക്ക്‌ഷോപ്പിലോ ബന്ധുവീട്ടിലോ കൊണ്ടുപോയിട്ടതിനുശേഷം 'ഊബർ' വിളിക്കാതെ ഓട്ടോയ്ക്കു നിർമ്മാതാക്കളുടെയും തിയറ്റുറുടമകളുടെയും വിതരണക്കാരുടെയും യോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്ന ചില നിർമ്മാതാക്കൾ, അഭിനയത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ കവച്ചുവയ്ക്കുമെന്നും ഒരു സംസാരമുണ്ട്.
ഏഷ്യാനെറ്റായാലും മനോരമയായാലും ജനങ്ങളുടെ പൾസ് അറിയുന്നതിലുള്ള ഈ മാധ്യമങ്ങളുടെ വൈദഗ്ദ്ധ്യമാണ് അവരെ 'നമ്പർവൺ' ആക്കി എപ്പോഴും നിലനിർത്തുന്നത്. പലപ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ജനപിന്തുണയുടെ സൂചകങ്ങളായി മാറാം. ഏറ്റവും അവസാനമായി നടന്ന പഞ്ചായത്തുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സിറ്റിംഗ് സീറ്റുകൾ യു.ഡി.എഫ്. തിരിച്ചുപിടിച്ചത് തീർച്ചയായും ഇടതുപാർട്ടികളിൽ ആശങ്കയുള്ളവാക്കിയിരുന്നു.
ഈ ആശങ്ക സി.പി.എം. ഉൾക്കൊണ്ടിട്ടുണ്ട്. കെ- റെയിൽ കേന്ദ്രത്തിന്റെ സഹകരണമില്ലാതെ പൂർത്തിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ഏതായാലും ഓണക്കിറ്റ് ഇത്തവണയും നൽകുമെന്ന് മുഖ്യമന്ത്രി ഈ കർക്കിടക മാസത്തിൽ തന്നെ പ്രഖ്യാപിച്ചത് പാർട്ടി ജനങ്ങൾക്കായുള്ള 'ഉഴിച്ചിൽ' തുടങ്ങിക്കഴിഞ്ഞുവെന്നതിന് തെളിവാണ്.
അശോകന് ക്ഷീണമാകാം പക്ഷെ പാർട്ടിക്ക് പറ്റില്ല
'യോദ്ധാ' സിനിമയിൽ പഴയ സീനിയർ നടി മീനയുടെ പ്രസിദ്ധമായ ഡയലോഗുണ്ടല്ലോ അശോകന് ക്ഷീണമാകാമെന്ന്. അങ്ങനെ ക്ഷീണിച്ച അശോകനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കെ.എസ്.ഇ.ബിക്ക് 320 കോടി രൂപ ലാഭം കിട്ടുന്ന കരാറിൽ നിന്ന് വെറും മൂന്നു മണിക്കൂർ മാത്രം ശേഷിക്കെ സർക്കാർ പിൻവാങ്ങിയതിനെക്കുറിച്ച് ഒരു വിശദീകരണവും ഇതേവരെ വൈദ്യൂതി മന്ത്രി നൽകിയിട്ടില്ല. കമ്മീഷന്റെ പേരിലാണോ സർക്കാർ ഈ പദ്ധതിയിൽ നിന്നു പിന്മാറിയത് ?
വൈദ്യുതി നിരക്ക് വർധനയെപ്പറ്റി മറ്റൊരു കോമഡിയും മന്ത്രി കൃഷ്ണൻകുട്ടി നിയമസഭയിൽ വിളമ്പിയിരുന്നു.
താരിഫ് നിരക്ക് വർധനയും കുടിശ്ശിക പിരിക്കലും തമ്മിൽ ബന്ധമുണ്ടാകരുതെന്ന് റഗുലേറ്ററി കമ്മീഷൻ പറഞ്ഞിട്ടുണ്ടത്രെ. അങ്ങനെയെങ്കിൽ റഗുലേറ്ററി കമ്മീഷൻ എതിർത്തിട്ടും എന്തിന് ബോർഡിൽ പുതിയ നിയമനങ്ങൾ നടത്തിയെന്നും, ശമ്പളപരിഷ്‌ക്കരണം രണ്ടു തവണ നടപ്പാക്കിയെന്നും മന്ത്രി വിശദീകരിക്കാത്തതെന്ത് ? ഫലത്തിൽ സർക്കാരിന് സൗജന്യമായി വൈദ്യൂതി നൽകാൻ, ജനത്തിന്റെ പുറത്തുകയറാമെന്ന ഭരണകൗശലത്തിനു പിന്നിൽ ആരാണാവോ ?
പോകുന്നവഴിക്ക് തീപിടിച്ച് കത്തിപ്പോട്ടെ എന്ന് പറയല്ലേ
മുഖ്യമന്ത്രി പിണറായി വിജയന് ഡെൽഹിയിൽ യാത്ര ചെയ്യാൻ പുതിയ കാർ വാങ്ങാൻ പോകുമ്പോഴെങ്കിലും കിടപ്പുരോഗികൾക്കായുള്ള ആശ്വാസകിരണം പദ്ധതി 11 മാസമായി മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള സൗജന്യ മരുന്ന് വിതരണം നിലച്ചതിനെക്കുറിച്ചും പാവങ്ങളുടെ പാർട്ടി ചിന്തിക്കാത്തതെന്താണാവോ ? കിടപ്പുരോഗികളെ പരിചരിക്കുന്നതിന് 600 രൂപയാണ് പ്രതിമാസം നൽകി വന്നിരുന്നത്.
ഇതാണ് 11 മാസമായി മുടങ്ങിയിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ കോവിഡ് വന്നു മരിച്ചാൽ മൂന്നു വർഷത്തേക്ക് പ്രതിമാസം 5000 രൂപ നൽകുമെന്ന വാഗ്ദാനവും ഇതുവരെയും നടപ്പാക്കിയിട്ടില്ല. 2021 ഒക്‌ടോബർ 13 നാണ് മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചെങ്കിലും അതെല്ലാം ജലരേഖയായി. അപേക്ഷിച്ചാൽ 30 ദിവസത്തിനുള്ളിൽ പണം ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് അന്ന് ഗീർവാണം പറഞ്ഞിരുന്നു.
എട്ടര മാസത്തിനുള്ളിൽ ഇരുപതിനായിരം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ സർക്കാർ അംഗീകരിച്ചത് 5969 എണ്ണം. മതിയായ രേഖകളില്ലെന്ന കാരണത്താൽ നാലായിരത്തോളം അപേക്ഷകൾ തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണമുണ്ടെങ്കിലും അതെല്ലാം കാർവാങ്ങാനോ, ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാനോ അല്ലാതെ ഇങ്ങനെയുള്ള മൂട് കീറിനിൽക്കുന്ന
ദരിദ്രനാരായണന്മാർക്ക് കൊടുക്കാൻ ധനവകുപ്പ് സമ്മതിക്കുന്നില്ല.
അതെ മലയാളികൾ വലയിലാണ് !
കേരളീയരുടെ ദാരിദ്ര്യാവസ്ഥ ഒരു പ്രത്യേക തരത്തിലുള്ളതാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിദരിദ്രർക്കും, താണവരുമാനക്കാർക്കും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരാറില്ല. എന്നാൽ എങ്ങനെയെങ്കിലും ജീവിതനിലവാരം താഴാതെ നോക്കാൻ മലയാളി പതിനെട്ടടവും പയറ്റും. ഉദാഹരണത്തിന് കേരളത്തിലെ 100 പേരിൽ 87 പേർക്കും ഇന്റർനെറ്റ് കണക്ഷനുണ്ടത്രെ ദേശീയതലത്തിൽ ഈ അനുപാതം 100:60 ആണ്. ഈ പട്ടികയിൽ ഡെൽഹിയാണ് ഒന്നാമത്..
100 പേർക്ക് 186 നെറ്റ് കണക്ഷൻ. പക്ഷെ, ഗ്രാമങ്ങളിലെ ഇന്റർനെറ്റ് കണക്ഷനുകൾ കണക്കാക്കിയാൽ കേരളം ഒന്നാം സ്ഥാനത്തുണ്ട്. 100ന് 149 കണക്ഷൻ എന്നാണ് അനുപാതം. നഗരമേഖലയിൽ 100:64 എന്നാണ് ഇന്റർനെറ്റിന്റെ അനുപാതം. കേരളത്തിൽ ആകെ 3.1 കോടി ഇന്റർനെറ്റ് കണക്ഷനുണ്ട്. മഹാരാഷ്ട്രയിലുള്ളത് 7.14 കോടി കണക്ഷനും. കേരളീയരുടെ അമിതമായ ഇന്റർനെറ്റ് ആസക്തിയും, വിജ്ഞാന ശേഖരണത്തിനായി നാം നടത്തുന്ന തീവ്രപ്രയത്‌നവുമെല്ലാം കേരളത്തെക്കുറിച്ചുള്ള ഈ കണക്കുകളിലുണ്ട്.
സ്ഥിര ജോലിയോ അതെല്ലാം ഇനി സ്വപ്‌നം മാത്രം...
ഗിഗ് ഇക്കോണമിയുടെ സ്വാധീനം ഏതായാലും സർക്കാർ സ്വകാര്യമേഖലകളിൽ ഇരുൾ പടർത്തിക്കഴിഞ്ഞു. കേന്ദ്രസംസ്ഥാന സർക്കാരുകൾ പോലും 'ചോരത്തിമിർപ്പുള്ള യൗവ്വനത്തിൽ' ആളുകളെ നിയമനം നൽകി പട്ടിയെപ്പോലെ പണിയെടുപ്പിക്കുന്ന രീതിയിലേക്ക് കാലം മാറിക്കഴിഞ്ഞു.
ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ ഇന്ത്യൻ സൈന്യത്തിലെ നിയമനരീതി പുതുക്കിയത് കരാർ നിയമനങ്ങളെ അനുകൂലിക്കുന്ന 'ഗിഗ് ഇക്കോണമി'യുടെ പാതയിലേക്ക് രാജ്യം പ്രവേശിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്. കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ 5 വർഷത്തേയ്ക്കുള്ള കരാർ നിയമനങ്ങൾക്ക് സംസ്ഥാനസർക്കാരും പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.
മഴ പെയ്യുന്നില്ല, മദ്ദളം കൊട്ടുന്നുമില്ല...
ഇനി കർക്കിടകപ്പേമാരി എന്നെല്ലാം പറയാനാവുമോ ? എം.ടി.വാസുദേവൻ നായരുടെ 'നാലുകെട്ട്' എന്ന നോവലിൽ അദ്ദേഹം എഴുതിയ മഴക്കാല ദുരിതങ്ങൾ ഓർമ്മയാകുമോ ? കാരണം, തുള്ളി മുറിയാതെ പെയ്തിരുന്ന കാലവർഷം ഇപ്പോൾ പഴയ നോവലിലും കഥകളിലുമൊക്കെയേയുള്ളൂ. കാലാവസ്ഥാവകുപ്പ് പറയുന്നത് കേരളം 16 ശതമാനം മഴക്കുറവിന്റെ പിടിയിലാണെന്നാണ്. ജൂലൈ 30 വരെ കേരളത്തിൽ മഴ തുടരുമെന്നു, കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും വെളുപ്പാൻ കാലത്തുള്ള തണുപ്പ് കടുകട്ടിയാണത്രെ.
എപ്പോഴും ചൂട് കൂടി നിൽക്കാറുള്ള പൂനലൂരിൽപോലും ജൂലൈ 19ന് (ചൊവ്വ) രേഖപ്പെടുത്തിയത് 19 ഡിഗ്രി സെൽഷ്യസ് തണുപ്പാണ്. ചില പ്രദേശങ്ങളിൽ വാർഡ് തിരിച്ചാണ് മഴ പെയ്യുമ്പോൾ, 2018, 19 വർഷങ്ങളിലെ പ്രളയത്തിന്റെ പേടി ഇപ്പോഴും ജനങ്ങൾക്കുണ്ട്. എന്നാൽ പ്രളയത്തെ പേടിക്കേണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ പറഞ്ഞുകഴിഞ്ഞു. കമ്മീഷൻ സംസ്ഥാനത്തെ നദികളിൽ സ്ഥാപിച്ച 38 പ്രളയമാപിനികളിൽ 31 എണ്ണത്തിലും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണത്രെ.
പർച്ചേസിലെ പ്‌രാന്ത് പണപ്പിരാന്ത്..
ആരെ സഹായിക്കാനാണെങ്കിലും തിരുവനന്തപുരത്തെ ഭരണകക്ഷി നേതാക്കളും അവർക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരും പർച്ചേയ്‌സിനു നൽകുന്ന പ്രാധാന്യം നാം കണ്ടുപഠിക്കണം. യന്ത്രങ്ങൾ വാങ്ങി 'കമ്മീഷൻ' തരമാക്കുന്നതിൽ ഭരിക്കുന്ന പാർട്ടികളുടെ ഏതെങ്കിലും ഒരു ഞാഞ്ഞൂൽ ഉദ്യോഗസ്ഥർക്ക് കുട്ടിനുണ്ടാകും. ഈ 'കമ്മീഷൻ കക്ഷി' പാർട്ടിക്കുള്ളത് പാർട്ടിക്കും ഉദ്യോഗസ്ഥർക്കുള്ളത് ഉദ്യോഗസ്ഥർക്കും നൽകി കച്ചവടം ഉറപ്പിക്കുയാണ് പതിവ്.
ഇനി സർക്കാർ വാങ്ങിയെങ്കിലും ഉപയോഗിക്കാതെ നശിച്ചുപോയ യന്ത്ര ഇടപാടുകളുടെ കണക്ക് ചുരുക്കത്തിൽ കേട്ടോളൂ: കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എന്ന 'കെയ്‌ക്കോ 47 കോടി രൂപ. മാളയിലെ കോഴിത്തീറ്റ ഫാക്ടറിയിലെ പ്ലാന്റ് 15.36 കോടി. ഇതെല്ലാം 2022 ജൂൺ 30ലൈ കണക്കനുസരിച്ച് ഓരോ കേരളീയന്റെയും പേരിലുള്ള സർക്കാർ കടമായ 3,32,291 കോടി രൂപയിൽ പെടും. സർക്കാരിന്റെ കൈയിലിരിപ്പ് കൊണ്ട് കേരളീയർ ഓരോരുത്തർക്കും 99,470 രൂപ കടമുണ്ടത്രെ.
അതെ കേരളീയരെ കടത്തിന്റെ കാര്യത്തിലെങ്കിലും ലക്ഷപ്രഭുവാക്കാൻ ഒന്ന് ആഞ്ഞുപിടിച്ചാൽ നമ്മുടെ രണ്ടാം പിണറായി സർക്കാരിനെ കൊണ്ടു കഴിയും. അതിനെല്ലാമുള്ള ബുദ്ധി ധനവകുപ്പിലെ ഏമാന്മാർക്കുണ്ട് !
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1