കേരളത്തിലെ വയനാടിന്റെ എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തതോടെ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തിൽ നിന്ന് ഒരേസമയം മൂന്നുപേർ ഇന്ത്യൻ പാർലമെന്റിൽ അംഗങ്ങളാകുന്ന അപൂർവ ചരിത്രത്തിന് പ്രധാനമന്ത്രി മോദിക്കു തന്നെ സാക്ഷ്യംവഹിക്കേണ്ടിവരുന്നത് വിധിവൈചിത്ര്യം എന്നല്ലാതെന്തു പറയാൻ..!
മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ സീറ്റിൽ നിന്നു ജയിച്ചുകയറിയതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പറയാൻ തുടങ്ങി 'ഇന്ദിരയുടെ രണ്ടാം വരവ്'എന്ന് അത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രകടനങ്ങളാണ് പാർലമെന്റിൽ പ്രിയങ്കയുടേത്. കളിക്കളത്തിലിറങ്ങാത്ത ക്യാപ്ടനെ പോലെ കഴിഞ്ഞ 26 വർഷമായി ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത്, ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസ് പാർട്ടിയുടെ തന്ത്രപ്രധാന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അടവുനയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരരംഗത്തു നിന്ന് ഒഴിഞ്ഞുമാറിയ പ്രിയങ്ക, ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവിൽ തെന്നിന്ത്യയിൽ നിന്ന് ലോക്‌സഭയിലെത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ റായ്ബരേലി രാഹുൽ ഗാന്ധിക്കു വിട്ടുകൊടുത്ത് സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തി. തലമുറകളായി ഹൃദയബന്ധമുള്ള അമേഠി പോലും കൈവിട്ടുപോയ ആപൽസന്ധിയിൽ തന്നെയും പാർട്ടിയെയും കാത്തുരക്ഷിച്ച കേരളത്തോടും വയനാടിനോടുമുള്ള കടപ്പാട് ഒരിക്കലും മറക്കില്ല എന്നു പറയുന്ന രാഹുൽ ഗാന്ധി ഇന്നത്തെ ദേശീയ രാഷ് ട്രീയ സാഹചര്യത്തിൽ യുപിയിൽ നിലയുറപ്പിക്കേണ്ടതിനാൽ, വയനാട് മണ്ഡലം തന്റെ അനുജത്തിയെ ഭാരമേല്പിക്കുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്ന അരുൺ നെഹ്‌റു, സ്വീഡനിലെ ബൊഫോഴ്‌സ് ആയുധനിർമാതാക്കളിൽ നിന്ന് 410 ഹൊവിറ്റ്‌സർ പീരങ്കിതോക്കുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തെ തുടർന്ന് രാജീവുമായി തെറ്റിപ്പിരിഞ്ഞ് വി.പി സിങ്ങിനൊപ്പം ചേർന്ന് പിന്നീട് ബി.ജെ.പി സ്ഥാനാർഥിയായി അമേഠിയിൽ രാജീവ് ഗാന്ധിയുടെ വിധവയെ നേരിട്ട ആ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി തന്റെ അമ്മയ്ക്കുവേണ്ടി, കോൺഗ്രസ് പാർട്ടിക്കുവേണ്ടി, ആദ്യമായി രാഷ്ട്രീയ പ്രചാരണരംഗത്തിറങ്ങിയത്. ഇന്ദിരയുടെ കൊച്ചുമകൾ, രാജീവ് ഗാന്ധിയുടെ മകൾ സാധാരണ ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്ന നൈസർഗിക രീതി അന്നേ ജനിതക പുണ്യമായി വാഴ്ത്തപ്പെട്ടിരുന്നു.
''ജനങ്ങൾ അവളിൽ എന്നെ കാണും'' എന്ന് ഇന്ദിരാ ഗാന്ധി തന്റെ പേരക്കിടാവ് പ്രിയങ്കയെക്കുറിച്ച് പ്രവചിച്ചിരുന്നതായി ഇന്ദിരയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന മഖൻ ലാൽ ഫേത്തേദാർ 'ദ് ചിനാർ ലീവ്‌സ്' എന്ന തന്റെ രാഷ്ട്രീയ ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്. ഇന്ദിരയെ ജീവസ്സുറ്റതായി വാർത്തുവച്ചതുപോലുള്ള തൽസ്വരൂപവും വ്യക്തിപ്രാഭവവും ജനങ്ങളോട് വൈകാരികമായി സംവദിക്കാനുള്ള അസാധാരണ ചാതുര്യവും കൊണ്ട് പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുടെ അവതാരമായി പ്രതിഷ്ഠിച്ചുകഴിഞ്ഞവർക്ക്, വയനാട്ടിൽ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും നിർണായകമായ ഒരു വഴിത്തിരിവിന്റെ നാഴികക്കല്ലാണ്.
കേരളത്തിലെ വയനാടിന്റെ എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തതോടെ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തിൽ നിന്ന് ഒരേസമയം മൂന്നുപേർ ഇന്ത്യൻ പാർലമെന്റിൽ അംഗങ്ങളാകുന്ന അപൂർവ ചരിത്രത്തിന് പ്രധാനമന്ത്രി മോദിക്കു തന്നെ സാക്ഷ്യംവഹിക്കേണ്ടിവരുന്നത് വിധിവൈചിത്ര്യം എന്നല്ലാതെന്തു പറയാൻ..! എത്രകാലമായി മോദി നെഹ്‌റുഗാന്ധി കുടുംബവാഴ്ചയെയും 'ഷഹൻഷാ' വംശപാരമ്പര്യത്തെയും ഘോരഘോരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായി മോദിക്ക് കിട്ടാവുന്ന ഏറ്റം കനത്ത പ്രഹരമാണിത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെയും രാജ്യസഭയിൽ അംഗമായ സോണിയാ ഗാന്ധിയെയും എന്തിനേറെ നെഹ്‌റുവിനെപ്പോലും നാഴികയ്ക്ക് നാല്പതുവട്ടം നെറികെട്ട വർത്തമാനം മാത്രം പറഞ്ഞ് സായുജ്യമടയുന്ന മോദി പ്രിയങ്കയോടു ഏറ്റുമുട്ടിയപ്പോൾ വിവരമറിയാൻ തുടങ്ങിയിരിക്കുന്നു. പ്രിയങ്ക ഇപ്പോൾ കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും മാത്രമല്ല ദേശീയതലത്തിൽ 'ഇൻഡ്യ' സഖ്യത്തിന്റെയും ഏറ്റവും ആജ്ഞാശക്തിയും വശ്യതയുമുള്ള ജനപ്രിയ എംപിമാരിൽ ഒരാളായി മാറിയിരിക്കുന്നു. അമേഠിയിലും റായ്ബറേലിയിലും 2004 മുതൽ രാഹുലിന്റെയും സോണിയായുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അണിയറയിലെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും തന്റേതായ പങ്കുവഹിച്ചുവന്ന പ്രിയങ്കയെ, 2019 ജനുവരിയിൽ, പൊതുതിരഞ്ഞെടുപ്പിന് നാലു മാസം മുൻപാണ് കോൺഗ്രസ് പാർട്ടി ആദ്യമായി 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള കിഴക്കൻ ഉത്തർപ്രദേശിലേക്കുള്ള ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി നിയോഗിക്കുന്നത്.
ആ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധി ജയിച്ചതൊഴികെ പാർട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല; അമേഠിയിൽ രാഹുൽ തോൽക്കുകയും ചെയ്തു. 2022ലെ വിധാൻ സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റിൽ 255 എണ്ണം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ കോൺഗ്രസിനു കിട്ടിയത് രണ്ടു സീറ്റു മാത്രമാണ്. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്കൊപ്പം യുപിയിൽ കോൺഗ്രസിന്റെ ഇൻഡ്യ സഖ്യം ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിറപ്പിച്ചു. മോദിയുടെയും ആദിത്യനാഥിന്റെയും കൂട്ടരുടെയും വർഗീയ വിദ്വേഷപ്രചാരണങ്ങൾക്ക് സാധാരണ ജനങ്ങളുടെ ഭാഷയിൽ ചുട്ടമറുപടി നൽകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ കോളിളക്കം സൃഷ്ടിച്ച കോൺഗ്രസിന്റെ താരപ്രചാരക പ്രിയങ്കയായിരുന്നു.
പാർലമെന്റിൽ ദക്ഷിണേന്ത്യയിൽ നിന്ന് പ്രിയങ്കയുടെ സാന്നിധ്യം കോൺഗ്രസിന് ദേശീയതലത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ്. അതേസമയം, പ്രിയങ്ക വയനാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുന്നേറ്റത്തെ ബാധിച്ചേക്കും എന്ന ആശങ്ക ഉയരുന്നുണ്ട്. യോഗി ആദിത്യനാഥിനെതിരെയുള്ള കോൺഗ്രസിന്റെയും ഇൻഡ്യ സഖ്യത്തിന്റെയും പട നയിക്കുന്നതിൽ പ്രിയങ്ക വലിയ പങ്കാണ് വഹിച്ചുവന്നത്. രാഹുൽ ഗാന്ധി 2019ൽ വയനാട്ടിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ, പരാജയഭീതിയിൽ യുപിയിൽ നിന്ന് രാഹുൽ ഒളിച്ചോടുകയാണെന്ന് ബി.ജെ.പി പരിഹസിച്ചിരുന്നു. വയനാട്ടിലെ യു.ഡി.എഫിന്റെ പ്രചാരണയോഗങ്ങളിൽ കണ്ട മുസ്‌ലിംലീഗിന്റെ പച്ചക്കൊടി 'പാക്കിസ്ഥാൻ പതാക' ആണെന്നുവരെ ബി.ജെ.പി ആക്ഷേപിക്കുകയുണ്ടായി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വൻ വിജയം കൂടിയാണ് വയനാട്ടിൽ ഇത്തവണയും കോൺഗ്രസ് കൊണ്ടാടുന്നത്. കോഴിക്കോട്ടെ തിരുവമ്പാടി, മലപ്പുറത്തെ ഏറനാട്, നിലമ്പൂർ, വണ്ടൂർ തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളിലെ ലീഗിന്റെ സംഘടനാശക്തി വയനാട്ടിൽ പ്രിയങ്കയുടെ വിജയത്തിന് മാറ്റുകൂട്ടി. ക്രൈസ്തവ വോട്ടും നിർണായകമായിരുന്നു.
വയനാട്ടിലെ മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരകളായവർക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക പാക്കേജ്, ആരോഗ്യമേഖലയിലെ അപര്യാപ്തതകൾ, മലയോരമേഖലയിലെ വന്യജീവിമനുഷ്യ സംഘർഷങ്ങൾക്കുള്ള സുസ്ഥിര പ്രതിവിധി, കർണാടകത്തിൽ നിന്നുള്ള രാത്രികാല യാത്രയ്ക്കുള്ള നിയന്ത്രണം തുടങ്ങിയ പ്രദേശിക വിഷയങ്ങളിലും സംസ്ഥാനത്തിന്റെ വികസനപദ്ധതികളുടെ കാര്യത്തിലും ശക്തമായി ഇടപെടാൻ കെൽപ്പുള്ള ഒരു ദേശീയ നേതാവ് എന്ന നിലയിൽ പ്രിയങ്കയിൽ നിന്ന് കേരളം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ കോൺഗ്രസ് വിരുദ്ധത പ്രകടിപ്പിക്കുമ്പോഴും ദേശീയതലത്തിൽ ഇൻഡ്യ പ്രതിപക്ഷ കൂട്ടായ്മയിൽ പങ്കാളികളായ ഇടതുപക്ഷ കക്ഷികൾ വിദ്വേഷ രാഷ്ട്രീയം വെടിഞ്ഞ് ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള ചരിത്രപ്രധാനമായ പോരാട്ടത്തിൽ പങ്കുചേരുകയല്ലേ വേണ്ടതെന്നു ആലോചിക്കേണ്ടതാണ്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1