അമേരിക്കന്‍ എച്ച്-1ബി വിസ പ്രോഗ്രാമില്‍ വന്‍ തോതിലുള്ള തട്ടിപ്പും ക്രമക്കേടും നടന്നതായി യുഎസ് പ്രതിനിധിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. ഡേവ് ബ്രാറ്റിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഒരു ജില്ലയ്ക്ക് മാത്രം രാജ്യവ്യാപകമായി അനുവദിച്ചിട്ടുള്ള മൊത്തം വിസകളുടെ എണ്ണത്തിന്റെ ഇരട്ടിയില്‍ അധികം ലഭിച്ചിട്ടുണ്ടെന്നാണ് അദേഹം ആരോപിക്കുന്നത്.
എച്ച്-1ബി വിസ നടപടികള്‍ ശക്തമാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കിടയിലാണ് ബ്രാറ്റിന്റെ പരാമര്‍ശങ്ങള്‍. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഡേവ് ബ്രാറ്റ് (Dr Dave Brat) ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിസ വിഹിതം നിയമപരമായ പരിധി ലംഘിച്ചതായും എച്ച്-1ബി വിസ പ്രോഗ്രാം വ്യാവസായിക തലത്തിലുള്ള വലിയ തട്ടിപ്പാണെന്നും ബ്രാറ്റ് അവകാശപ്പെട്ടു. എച്ച്-1ബി വിസ അപേക്ഷകളില്‍ ഇന്ത്യക്കാരുടെ അമിതമായ പങ്കിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
71 ശതമാനം എച്ച്-1ബി വിസയും ഇന്ത്യയില്‍ നിന്നാണെന്നും ചൈനയില്‍ നിന്ന് 12 ശതമാനം മാത്രമാണെന്നും ഇതില്‍ എന്തോ നടക്കുന്നുണ്ടെന്നുമാണ് സൂചിപ്പിക്കുന്നതെന്നും ബ്രാറ്റ് വ്യക്തമാക്കുന്നു. എച്ച്-1ബി വിസകളുടെ പരിധി ആകെ 85,000 മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ ഒരു ജില്ലയ്ക്ക് (ചെന്നൈ) മാത്രം 2,20,000 വിസകള്‍ ലഭിച്ചു. കോണ്‍ഗ്രസ് നിശ്ചയിച്ച പരിധിയുടെ രണ്ടര ഇരട്ടിയാണിത്. അതാണ് തട്ടിപ്പെന്ന് ബ്രാറ്റ് ആരോപിച്ചു.
2024 ല്‍ ചെന്നൈയില്‍ നിന്നുള്ള യു.എസ് കോണ്‍സുലേറ്റ് ഏകദേശം 2,20,000 എച്ച്-1ബി വിസകളും 1,40,000 എച്ച്-4 ആശ്രിത വിസകളും പ്രോസസ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ എച്ച്-1ബി വിസ പ്രോസസിംഗ് കേന്ദ്രങ്ങളിലൊന്നായി ചെന്നൈ മാറിയിരിക്കുകയാണ്.
വിസ പ്രോഗ്രാമിന്റെ ദുരുപയോഗം അമേരിക്കന്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നും ബ്രാറ്റ് പറഞ്ഞു. ആരെങ്കിലും വൈദഗ്ദ്ധ്യമുള്ളവരാണെന്ന് പറഞ്ഞാല്‍ അവര്‍ അങ്ങനെയല്ലെന്നും അതാണ് തട്ടിപ്പെന്നും ബ്രാറ്റ് വ്യക്തമാക്കുന്നു. ഡോ. ബ്രാറ്റിന്റെ ആരോപണങ്ങള്‍ക്ക് സമാനമായ അഭിപ്രായമാണ് ഇന്തോ-അമേരിക്കകാരിയും മുന്‍ യുഎസ് നയതന്ത്രജ്ഞയുമായ മഹ്‌വാഷ് സിദ്ദിഖിയും ഉന്നയിക്കുന്നത്. എച്ച്-1ബി വിസ പ്രോഗ്രാമില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായി സിദ്ദിഖിയും ആരോപിച്ചു.
വ്യാജ രേഖകള്‍, വ്യാജ യോഗ്യതകള്‍, പ്രോക്സി അപേക്ഷകര്‍ എന്നിവയാല്‍ നിറഞ്ഞതാണ് വിസ സിസ്റ്റമെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള എച്ച്-1ബി വിസ അപേക്ഷകരില്‍ 80-90 ശതമാനം വ്യാജമാണെന്നും ഇതില്‍ വ്യാജ ബിരുദങ്ങളോ വ്യാജ രേഖകളോ അല്ലെങ്കില്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമില്ലാത്ത അപേക്ഷകരോ ആണെന്നും സിദ്ദിഖി പറഞ്ഞു.
വലിയ തോതിലുള്ള തട്ടിപ്പ് തിരിച്ചറിയാനുള്ള കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ക്ക് എതിര്‍പ്പും രാഷ്ട്രീയ സമ്മര്‍ദ്ദവും നേരിടേണ്ടി വന്നതായും അവര്‍ അറിയിച്ചു. ഇന്ത്യയില്‍ തട്ടിപ്പും കൈക്കൂലിയും സാധാരണമാകുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഹൈദരാബാദിനെ ഒരു പ്രത്യേക ഹോട്ട്സ്പോട്ടായും സിദ്ദിഖി തിരിച്ചറിഞ്ഞു. പ്രശസ്ത പരിശീലന കേന്ദ്രമായ അമീര്‍പേട്ടില്‍ വിസ അപേക്ഷകര്‍ക്ക് പരസ്യമായി പരിശീലനം നല്‍കുന്നതായും വ്യാജ തൊഴില്‍ കത്തുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രേഖകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഉണ്ടായിരുന്നുവെന്നും സിദ്ദിഖി അവകാശപ്പെട്ടു.
അതേസമയം എച്ച്-1ബി വിസ പ്രോഗ്രാമിന് അടുത്തിടെ ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ ശക്തിയുടെ വിടവ് നികത്താന്‍ ആഗോള പ്രതിഭകളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വീസ നിയമങ്ങളില്‍ വലിയ മാറ്റം
അതേസമയം ഓരോ വര്‍ഷവും യുഎസിലെ വലിയ കമ്പനികള്‍ വിദേശ തൊഴിലാളികളെ തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിക്കായി എടുക്കാറുണ്ട്. അതിന്റെ നടപടിക്രമങ്ങള്‍ കാലാകാലങ്ങളില്‍ മാറാറും ഉണ്ട്. പുതിയ പ്രസിഡന്റ് സ്ഥാനം ഏല്‍ക്കുമ്പോള്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍, മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാം ഈ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ടാകാം. 2025 ജനുവരിയില്‍ സ്ഥാനം ഏറ്റ പ്രസിഡന്റ് ട്രംപും മാറ്റങ്ങള്‍ കൊണ്ട് വന്നു.
എച്ച് 1 ബി വീസ തങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രത്യേകം പ്രാവീണ്യം ഉള്ള വിദേശ തൊഴിലാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാനുള്ള അവസരം നിബന്ധനകള്‍ പാലിച്ചു നല്‍കുന്നു. 2019 ലെ ഒരു യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വിസ് എസ്റ്റിമേറ്റ് അനുസരിച്ച് 5,83,420 തൊഴിലാളികള്‍ക്കു എച്ച് 1 ബി വീസയില്‍ യുഎസില്‍ ജോലി ചെയ്യുവാന്‍ അനുമതിയുണ്ടായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനു വേണ്ടിയുള്ള 4 ലക്ഷത്തോളം അപേക്ഷകള്‍ അനുവദിച്ചു. ഇവയില്‍ ഭൂരിപക്ഷവും നിലവിലുള്ള അപേക്ഷകള്‍ പുതുക്കി നല്‍കുകയായിരുന്നു എന്നാണ് പി.യു. റിസര്‍ച്ച് സെന്റര്‍ പറയുന്നത്.
എച്ച് 1 ബി വീസയുടെ നടപടിക്രമങ്ങളെക്കുറിച്ചും അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നല്‍കേണ്ടി വരുന്ന ഫീസിനെ കുറിച്ചും ചില വിവരങ്ങള്‍ ഇങ്ങനെയാണ്. തൊഴില്‍ദാതാക്കള്‍ക്കു മൂന്നു വിഭാഗങ്ങളില്‍ ഇവയ്ക്കു അപേക്ഷിക്കാം. സ്പെഷ്യലിറ്റി ഒക്ക്യൂപ്പേഷന്‍സ്, റിസേര്‍ച്ചേഴ്സ് ഓര്‍ ഡെവലൊപ്‌മെന്റ് പ്രോജക്ട് വര്‍ക്കേഴ്‌സ് ആന്‍ഡ് ഫാഷന്‍ മോഡല്‍സ്.
സ്‌പെഷ്യലിറ്റി ഒക്ക്യൂപ്പേഷന്‍സ്:
ഒരു യുഎസ് ബാച്ചിലേഴ്‌സ്' ഡിഗ്രി, അല്ലെങ്കില്‍ അക്രെഡിറ്റഡ് ആയ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉയര്‍ന്ന ബിരുദമോ. ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഉയര്‍ന്ന, തത്തുല്യമായ ബിരുദം. ഈ ഡിഗ്രി അപേക്ഷിക്കുന്ന മേഖലയില്‍ നിന്നുള്ളതായിരിക്കണം. അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത സ്റ്റേറ്റ് ലൈസന്‍സ്, റജിസ്‌ട്രേഷന്‍, ഈ സ്‌പെഷ്യല്‍റ്റി മേഖലയില്‍ പ്രാക്ടീസ് ചെയ്യാനുള്ള സര്‍ട്ടിഫിക്കേഷന്‍.
റിസേര്‍ച്ചര്‍ ഓര്‍ ഡെവലൊപ്‌മെന്റ് പ്രോജക്ട് വര്‍ക്കര്‍. മുകളില്‍ പറഞ്ഞ അതേ വിദ്യാഭ്യാസ യോഗ്യത ഉണ്ടയിരിക്കണം. ഒരു സ്‌പെഷ്യല്‍റ്റി ഒക്ക്യൂപ്പേഷനില്‍ ജോലി ചെയ്യുന്ന വ്യകതിക്ക് തുല്യമായ നിലവാരം ഉള്ള വിദ്യാഭ്യാസം. ഫാഷന്‍ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള മോഡല്‍ ആയിരിക്കണം. വ്യക്തമായി വ്യത്യസ്തത തെളിയിച്ചിട്ടുള്ള വ്യക്തി ആയിരിക്കണം. സ്പോണ്‍സര്‍ഷിപ് ചെലവുകള്‍ പല ഘടകങ്ങള്‍ ആശ്രയിച്ചായിരിക്കും. കമ്പനിയുടെ സൈസ്, അറ്റോര്‍ണി ഫീസ്, ജീവനക്കാരന്‍ ചെയ്യാന്‍ പോകുന്ന ജോലി, ഇങ്ങനെ പല ഘടകങ്ങള്‍.
ഒരു അടിസ്ഥാന ഫീസ് അപേക്ഷ ഫയല്‍ ചെയ്യാന്‍ തൊഴില്‍ ദാതാവ് നല്‍കേണ്ടത് 460 മുതല്‍ 750 വരെ ഡോളര്‍ ആണ് എന്ന് കോര്‍ണേല്‍ യൂണിവേഴ്‌സിറ്റി ഒരു ലേഖനത്തില്‍ പറയുന്നു. ഇതിനു പുറമെ ഒരു 500 ഡോളര്‍ ആന്റി ഫ്രാഡ് ഫീസ് ആയി നല്‍കണം. ഇതിനു പുറമെ ഒരു അമേരിക്കന്‍ കോംപ്റ്റിറ്റിവ് ആന്‍ഡ് വര്‍ക്ഫോഴ്സ് ഇംപ്രൂവ്‌മെന്റ് ഫീസ് ആയി 750 ഡോളര്‍ മുതല്‍ 1,500 ഡോളര്‍ വരെ നല്‍കേണ്ടി വന്നേക്കാം (ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ഒഴിവുള്ളതെങ്കില്‍ ഈ ഫീസ് ആവശ്യമില്ല).
അപേക്ഷകള്‍ അടിയന്തിരമായി പ്രോസസ് ചെയ്യണമെങ്കില്‍ അധികമായി 2,805 ഡോളര്‍ നല്‍കിയാല്‍ 15 ദിനങ്ങള്‍ക്കുള്ളില്‍ പ്രോസസ് ചെയ്യും. ഇത് തൊഴിലാളിക്ക് തന്നെ നല്‍കാവുന്നതും ആണ്. തൊഴിലാളി യുഎസില്‍ അല്ല എങ്കില്‍ 185 ഡോളര്‍ അപ്ലിക്കേഷന്‍ ഫീ നല്‍കണം. സെപ്റ്റംബര്‍ 21 ന് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച ഓര്‍ഡര്‍ അനുസരിച്ചു വിദേശ തൊഴിലാളിയെ ജോലിക്കെടുക്കുന്ന തൊഴില്‍ ദാതാവ് ഒരു ലക്ഷം ഡോളര്‍ ഓരോ വര്‍ഷവും നല്‍കണം. പിന്നീട് വന്ന വിശദീകരണത്തില്‍ തൊഴിലാളി യു.സില്‍ തന്നെ ഒരു സ്റ്റുഡന്റ് വീസയില്‍ ആണെങ്കിലോ വീസയുടെ സ്റ്റാറ്റസ് മാറ്റുവാനുള്ള അപേക്ഷ മാറ്റാനാണെങ്കിലോ ഈ ഫീസ് നല്‍കേണ്ടതില്ല എന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍സുലാര്‍ പ്രോസസിങ്ങിലൂടെ യുഎസിനു പുറത്തു നിന്ന് വരുന്ന ജീവനക്കാരന്‍ മാത്രമാണ് ഈ ഫീസ് നല്‍കേണ്ടി വരിക. എച്ച് 1 ബി വീസയ്ക്ക് വേണ്ടി വരുന്ന സമയം നീണ്ടതാണ്. ആദ്യമായി ഒരു രജിസ്‌ട്രേഷന്‍ പ്രോസസ്, പിന്നീട് ഒരു നറുക്കെടുപ്പ്, തുടര്‍ന്ന് സെലക്ട് ചെയ്ത അപേക്ഷകര്‍ക്ക് ഫയലിംഗ് സമയവും ഉണ്ട്.
ഒരു എച്ച് 1 ബി പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ ഏതാണ്ട് രണ്ട് മാസത്തോളം വേണ്ടി വരും എന്ന് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയുടെ ഇര്‍വിന്‍ ഇന്റര്‍നാഷനല്‍ ഓഫീസിന്റെ ഒരു അറിയിപ്പില്‍ പറഞ്ഞു. പ്രോസസിങ്ങില്‍ റജിസ്‌ട്രേഷന്‍ പിരീഡ്, ദി ലോട്ടറി, ദി 90 ഡേ വിന്‌ഡോ ടു ഫയല്‍ ദി പെറ്റീഷന്‍ ആഫ്റ്റര്‍ ഗെറ്റിങ് സെലെക്ടഡ് പിന്നീട് ഉണ്ടാവാന്‍ സാധ്യതയുള്ള കാലതാസവും കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ട് മാസം ആവശ്യമായി വന്നേക്കും.
അതേസമയം യേല്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫിസ് ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റുഡന്റസ് ആന്‍ഡ് സ്‌കോളേഴ്‌സ് യുഎസ് സിഐഎസ് ഒരു എച്ച് 1 ബി വീസ പ്രോസസ് ചെയ്യുവാനും ഫലം അപേക്ഷകനെ അറിയിക്കുവാനും 8 മുതല്‍ 10 മാസം വരെ വേണ്ടി വരുമെന്നും പറഞ്ഞു. അല്ലെങ്കില്‍ ഒരു പ്രീമിയം പ്രോസസിങ് ഫീസ് നല്‍കിയിരിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. എച്ച് 1 ബി വീസ ഓരോ വര്‍ഷവും 65,000 പേര്‍ക്കാണ് നല്‍കുന്നത്. ഇതിന് പുറമെ അഡ്വാന്‍സ്ഡ് യുഎസ് ഡിഗ്രി ഉള്ളവര്‍ക്ക് 20,000 വീസകള്‍ കൂടി ഉണ്ട് എന്ന് ബൗന്‍ഡ്ലെസ്സ് ഇമ്മിഗ്രേഷന്‍ പറയുന്നു.
തൊഴില്‍ ദാതാവിന് തങ്ങള്‍ വീസ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഓരോ ജീവനക്കാരനും വേണ്ടി ഇലക്ട്രോണിക് ആയി റജിസ്റ്റര്‍ ചെയ്യുകയും ഫീസ് അടക്കുകയും ചെയ്യാം. റജിസ്‌ട്രേഷന്‍ പിരീഡ് സാധാരണയായി മാര്‍ച്ചില്‍ ആരംഭിക്കുന്നു. രണ്ടാഴ്ച നീണ്ടു നില്‍ക്കും. സെലക്ഷന്‍ എല്ലാ വര്‍ഷവും ഒരു നറുക്കെടുപ്പിലൂടെയാണ് നടക്കുന്നത്. സെലക്ട് ചെയ്ത അപേക്ഷകര്‍ അപേക്ഷയുടെ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു. ഫയലിങ് പിരീഡ് സാധാരണയായി 90 ദിവസം നീണ്ടു നില്‍ക്കുന്നു. ഇത് ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. പ്രോസസിങ് പലര്‍ക്കും പല രീതിയില്‍ ആകാം.
എച്ച് 1ബി വിസ നിര്‍ത്തലാക്കിയാല്‍ തിരിച്ചടി
പ്രതിഭാധനരായ ഇന്ത്യാക്കാരെക്കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് യുഎസ് എന്നാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പറഞ്ഞത്. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന എച്ച് 1ബി വീസ നിര്‍ത്തലാക്കിയാല്‍ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും മസ്‌ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോലിക്കായി ലഭിക്കുന്ന വിസ ചിലര്‍ ദുരുപയോഗം നടത്തിയെന്നത് എച്ച് 1ബി നിര്‍ത്തിവയ്ക്കുന്നതിന് കാരണമല്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍തോതില്‍ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയെന്നും മസ്‌ക് പറഞ്ഞു. ഒരു രംഗത്തും ബൈഡന് നിയന്ത്രണം ഉണ്ടായിരുന്നില്ല. സെപ്റ്റംബറിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീസ നിയന്ത്രണം പ്രഖ്യാപിച്ചത്. എച്ച് 1 ബി വീസ നല്‍കുന്നത് വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും അപേക്ഷാ ഫീ ഒരു ലക്ഷം ഡോളറായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
