തെരഞ്ഞെടുപ്പ് കാലം പ്രലോഭനങ്ങളുടെ മാത്രമല്ല, വിരട്ടലിന്റെയും ഭീഷണിയുടെയും കൂടി കാലമാണ്. കാൽ തൊട്ട് വന്ദിക്കലിന്റെയും കാലുവാരലിന്റെയും മായക്കാഴ്ചകൾ നിറയുന്ന കാലം.
'നിങ്ങളുടെ കൈയിൽ വോട്ടുണ്ട്; എന്റെ കയ്യിൽ ഫണ്ടുണ്ട്.' വടക്കേ ഇന്ത്യയിൽ ഒരു നേതാവ് ഈയിടെ പ്രസംഗിച്ചതാണ്. എന്താണ് വോട്ടർമാർ ചെയ്യേണ്ടത് ! പണം കിട്ടിയാൽ കയ്ക്കുമോ !
തെരഞ്ഞെടുപ്പുകാല പ്രലോഭനങ്ങൾക്ക് കേരളം ഒരിക്കലും വടക്കേ ഇന്ത്യൻ മാതൃക ഇന്നോളം സ്വീകരിച്ചിട്ടില്ല. കറൻസി നോട്ടുകൾ പരസ്യമായി വിതരണം ചെയ്യുന്ന പോളിംഗ് സ്റ്റേഷൻ പരിസരങ്ങൾ നമുക്ക് അന്യമാണ്. ഗ്രാമപ്രമാണിയുടെ ആജ്ഞകേട്ട് സ്വന്തം നിലപാടിന് വില നൽകാതെ പോളിംഗ് ബൂത്തിലേക്ക് പായുന്ന ശൈലിയും നമ്മുടേതല്ല. കേരളത്തിലെ വോട്ടെടുപ്പുകളിൽ പണത്തിന്റെ സാന്നിധ്യം എപ്പോഴും അദൃശ്യമാണ്. പരസ്യമായ വിലപേശലും വോട്ടുകച്ചവടവും ലജ്ജാകരമാണെന്ന് വിശ്വസിക്കുന്നു നമ്മൾ. എന്നാൽ അവയെല്ലാം ഇവിടെ യഥേഷ്ടം നടക്കുന്നുമുണ്ട്.
സമീപനാളുകളിൽ മഹാരാഷ്ട്രയിൽ നിന്നു കേട്ട ഒരു കഥ രസകരവും ഞെട്ടിക്കുന്നതും ആണ്.
ബഹുജൻ വികാസ് അഘാഡി (ബിവിഎ) യുടെ ഠാക്കൂർ വിഭാഗക്കാർ, വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ 5 കോടി രൂപ കൊണ്ടുവന്നുവെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ മൂന്ന് മണിക്കൂറിലധികം ഹോട്ടലിനുള്ളിൽ തടഞ്ഞുവച്ചു.
കണ്ടെടുത്തതായി പറയപ്പെടുന്ന പണക്കെട്ട് ക്യാമറകൾക്ക് മുന്നിൽ കാണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചു. പത്തുവർഷം മുമ്പ് 2015 ലെ വോട്ടിന് പണം എന്ന അഴിമതി ഏറെ വിവാദം സൃഷ്ടിച്ച ഒരു രാഷ്ട്രീയ അഴിമതിയായിരുന്നു. 2015ലെ തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട എം.എൽ.എ എൽവിസ് സ്റ്റീഫൻസണിന് വോട്ടിനായി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന തെലുങ്കുദേശം പാർട്ടി നേതാക്കൾ വീഡിയോ ദൃശ്യത്തിൽ കുടുങ്ങി. സ്റ്റീഫൻസണിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തപ്പോൾ ടി.ഡി.പി എം.എൽ.എ രേവന്ത് റെഡ്ഡിയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു.
സുരേഷ് ഗോപി മത്സരിച്ച തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ നിരവധി വോട്ടർമാർക്ക് ബി.ജെ.പി പ്രവർത്തകർ 500 രൂപ വീതം വിതരണം ചെയ്തുവെന്ന ആരോപണമാണ് സമീപകാലത്ത് കേരളത്തിൽ കേട്ട പരസ്യമായ ഒരു വോട്ടു വിലയ്ക്കുവാങ്ങൽ അഴിമതി. 121 വോട്ടർമാർ താമസിക്കുന്ന ഒളാരിയിലെ ശിവരാമപുരം കോളനിയിലാണ് പണം വിതരണം നടന്നത്.
ഭീഷണിയുടെ അവസ്ഥാന്തരങ്ങൾ
എന്നാൽ, കേരളത്തിലും ചിത്രം മാറി വരികയാണ്. പ്രലോഭനങ്ങളുടെ വായ്ത്താരികൾ പല വിധം. ഒപ്പം ഭീഷണിയുടെ പലവിധ അവസ്ഥാന്തരങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർന്നപ്പോൾ തന്നെ നമ്മൾ കേട്ടു. ഒരുപക്ഷേ, സമൂഹമാധ്യമ ശൃംഖല ശക്തമായതിനാലാവാം കേരളത്തിന്റെ മുക്കിലും മൂലയിലും ഉയരുന്ന ഓരോ ചുമരുത്ത് പോസ്റ്റർ വിരട്ടലുകൾ പോലും മാലോകർ മുഴുവൻ അറിയുന്നത്.
അതിനപ്പുറം നമ്മൾ അറിയുന്നു, സാക്ഷാൽ ഗോവിന്ദൻ മാഷിന്റെ നാട്ടിൽ പ്രതിപക്ഷത്തിന് സ്ഥാനാർത്ഥി പോലും വേണ്ടെന്ന്! തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാൽ ജോലി കളയുമെന്ന് തിരുവല്ല മദ്യനിർമാണശാലയിലെ താത്കാലിക ജീവനക്കാരി ആശമോളെ ഭീഷണിപ്പെടുത്തിയത് കേരളം കേട്ടു. ആശമോൾ മത്സരിച്ചാൽ എല്ലാവരുടെയും ജോലി പോകുമെന്ന് മറ്റ് ജീവനക്കാർ പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ സർക്കാർ ജോലി ഉപേക്ഷിക്കണം എന്ന ഒരു മറുവാദവും ഉയർന്നു.
മുൻപ് ബംഗാളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും (പാർടി ഗ്രാമങ്ങൾ) സി.പി.എമ്മിന് എതിരേ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. മത്സരിക്കാൻ ധൈര്യപ്പെടുന്നവരെ കാണാതാകുന്ന കേസുകളായിരുന്നു അധികവും. ഇന്ന് പഴയ പാർടി ഗ്രാമങ്ങളിൽ ചുവന്ന കൊടിയില്ല. വ്യാപകമായി പാർടി ഗ്രാമങ്ങളുണ്ടാക്കിയതാണ് ബംഗാളിൽ സി.പി.എമ്മിന്റെ പതനത്തിനു വഴി വച്ച മുഖ്യഘടകം. ഉദ്യോഗസ്ഥരെ സമ്മർദ്ദം ചെലുത്തി പത്രിക തള്ളുക, ഒപ്പം, ജനാധിപത്യത്തെകുറിച്ച് വാതോരാതെ സംസാരിക്കുക! നാമനിർദേശം നൽകിയവർ തന്നെ ഒന്നി ലേറെ പേർക്ക് നൽകിക്കൊണ്ട് സാങ്കേതിക പിഴവിന്റെ പേരിൽ പത്രിക തള്ളിക്കുക.
ഒരു ഡമ്മിയെ പോലും നിർത്താതെ പത്രിക തള്ളിപ്പോയ കോൺഗ്രസിന്റെ ദയനീയതയും ഇതിനിടെ നാം കണ്ടു. നോർത്തിന്ത്യൻ ശൈലിയിൽ സ്ഥാനാർഥി കിഡ്‌നാപ്പ് ചെയ്യപ്പെട്ടു എന്ന കഥയും ആന്തൂരിൽ നിന്ന് ഉയർന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്നീട് സാക്ഷ്യം പറയേണ്ടി വന്നു. ആന്തൂർ മുനിസിപ്പാലിറ്റിയിലും കണ്ണൂരിലെ മറ്റ് പഞ്ചായത്തുകളിലും 'എതിരില്ലാതെ' എൽ.ഡി.എഫ് വിജയിക്കുന്നത് ഇങ്ങനെയാണ് കോൺഗ്രസ് ആരോപിക്കുന്നു. 28 വാർഡുകളുള്ള മുൻസിപ്പാലിറ്റിയിൽ 28 ലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് തന്നെയായിരുന്നു വിജയം എന്നത് ജനാധിപത്യത്തിന്റെ കരുത്താണോ കാണിക്കുന്നത് അതോ ഭീഷണിയുടെ കൈ കരുത്തോ?
പത്രിക കൊടുക്കാൻ പോലും ആളില്ലെന്ന് പറയുമ്പോൾ കരുത്ത് ആർജ്ജിക്കുന്നത് ജനാധിപത്യം തന്നെയാണോ ? നിങ്ങൾ പത്രിക പിൻവലിച്ചില്ലെങ്കിൽ നിങ്ങളെ ഞങ്ങൾക്ക് കൊല്ലേണ്ടി വരും എന്ന് ഒരു പ്രാദേശിക നേതാവ് ഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നു. അപ്പോൾ കാര്യങ്ങൾ തീരെ ലളിതമല്ല കേരളത്തിലും എന്ന് ഇത്തവണത്തെ തദ്ദേശം മുന്നറിയിപ്പ് നൽകുകയാണ്. മലപ്പുറത്ത് സ്ഥാനാർത്ഥിയുടെ വീടിന്റെ ജനലുകൾ എറിഞ്ഞു തകർത്തുകൊണ്ടാണ് മത്സരിക്കാനുള്ള ആഗ്രഹം എതിരാളികൾ തച്ചുടച്ചത്.
എന്തിനായിരുന്നു അത്തരം ഒരു അക്രമം എന്ന് ചോദിച്ചാൽ ഉത്തരമില്ല. വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ സ്ഥാനാർത്ഥി മോഹികളെ വിരട്ടാൻ നിലവിൽ ഉപാധികൾ ഉള്ളപ്പോൾ അക്രമത്തിന്റെ പാത തന്നെ വേണമെന്ന് ചിലർ തീരുമാനിക്കുമ്പോൾ കേരളത്തിന്റെ യാത്ര വടക്കോട്ടാണോ എന്ന് തോന്നിപ്പോകും. നിരവധി സ്ഥലങ്ങളിൽ പണം കൊടുത്തു സ്ഥാനാർത്ഥികളെ പിന്തിരിപ്പിച്ച കഥ പരസ്യമായ രഹസ്യമാണ്. നാമനിർദ്ദേശം ചെയ്തവരെ ബലമായി പിടിച്ചുകൊണ്ടുവന്ന് ഇത് തങ്ങളുടെ ഒപ്പല്ല എന്ന് വെള്ളക്കടലാസിൽ എഴുതിച്ച സ്ഥലവും നമ്മുടേതാണ്.
സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം രാവിലെ തട്ടിക്കൊണ്ടു പോകപ്പെട്ട ചിലർ!
മണ്ണ് മാഫിയയോട് പണം ചോദിക്കുന്നത് പോലെയാണോ പത്രിക നൽകുന്നവരോട് നിങ്ങൾ ഇടപെടുന്നത് എന്ന് കലുഷിതമായ ഭാവത്തിൽ ആരോ ചോദിക്കുന്നത് കേട്ടു. മണ്ണ് മാഫിയയുടെ പ്രതിനിധികളും റിയൽ എസ്റ്റേറ്റ് പ്രമുഖന്മാരും ബിനാമികളായി കേരളത്തിൽ തദ്ദേശ വാർഡുകളിൽ അണിനിരന്നിട്ടുണ്ട്. അവരാണ് പ്രചരണത്തിനും പോസ്റ്റർ അടിക്കാനും സ്ഥാനാർത്ഥിക്ക് പണം കൊടുക്കുന്നത് പോലെ എതിരാളികളെ ഇല്ലാതാക്കാനും കാശ് മുടക്കുന്നത്. ഏതെങ്കിലും പാർട്ടി ഗ്രാമങ്ങളിൽ മാത്രമല്ല നമ്മൾ പ്രതീക്ഷിക്കാത്ത പലതും നാട്ടിൻ പുറങ്ങളിലെ വാർഡുകളിൽ അരങ്ങേറുന്നു.
പൂച്ചയെ കൊന്നു കിണറ്റിൽ ഇടുക. വീടിനു മുന്നിൽ റീത്ത് വയ്ക്കുക തുടങ്ങിയ കലാപരിപാടികളും പരീക്ഷിക്കപ്പെട്ടു. മത്സരചിത്രം തെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് വിമതരെ ചേർത്ത് നിർത്താനുള്ള തിരക്കിട്ട ശ്രമത്തിനിടയിൽ ഭീഷണികളും ഓഫറുകളും പാർട്ടികൾ പുറത്തിറക്കിയത്. ചിലർ വഴങ്ങി; മറ്റ് ചിലർ പാറപോലെ ഉറച്ചുനിന്നു. പാർട്ടിക്ക് സീറ്റില്ലെങ്കിൽ ഓഫീസ് എന്തിനാണെന്ന് ചോദിച്ചാണ് മഞ്ചേശ്വരത്തെ കോൺഗ്രസ് ഓഫീസ് പൂട്ടിയത്. ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് സീറ്റ് ലീഗിന് നൽകിയതിലായിരുന്നു പ്രതിഷേധം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പൂട്ടൽ നാടകം.
ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുന്നതിന്റെ സൂചനകൾ ആയി ഓരോ തെരഞ്ഞെടുപ്പും മാറേണ്ടതാണ്. പ്രത്യേകിച്ച് നിയമനിർമ്മാണ സഭയിലേക്ക് ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, താഴെത്തട്ടിൽ നമ്മുടെ രാഷ്ട്രീയ സാമൂഹിക സംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്നും എത്രത്തോളം ശിഥിലമാണെന്നും ബോധ്യപ്പെടുത്തുന്ന നേർ ചിത്രങ്ങളാണ് ഇത്തവണ തെളിഞ്ഞുവന്നത്.
പ്രജിത്ത്രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
