കേരളം തദ്ദേശ പൊതുതെരഞ്ഞെടുപ്പിനു സജ്ജമായി. നാമനിർദേശ പത്രിക സമർപ്പണവും പിൻവലിക്കലുമൊക്കെ കഴിഞ്ഞെങ്കിലും തർക്കങ്ങളും വിവാദങ്ങളും അവസാനിക്കുന്നില്ല. പാളയത്തിൽ പടയും സജീവം. എല്ലാ കക്ഷികളിലും വിമത സ്ഥാനാർഥികളുണ്ട്. പതിവിനു വിപരീതമായി കേഡർ പാർട്ടികളിലും ഇത്തവണ വിമത ശല്യം രൂക്ഷമാണ്. ഉറച്ച സീറ്റുകളിൽപോലും വിമതർ വിധി മാറ്റിയെഴുതിയേക്കാം. വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരിനൊപ്പം പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും പോരിന്റെ ചൂര് വർധിപ്പിക്കുന്നു.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ 72,005 സ്ഥാനാർഥികളാണ് ത്രിതല പഞ്ചായത്തിൽ മത്സരംഗത്തുള്ളത്. മൊത്തത്തിൽ വനിതാ സ്ഥാനാർഥികളാണ് കൂടുതൽ. ഒരു ട്രാൻസ്‌ജെൻഡറും മത്സരരംഗത്തുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ 7786 പേർ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിബന്ധങ്ങളും കുടംബബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ വിജയത്തെ സ്വാധീനിക്കാറുണ്ട്. അതു പക്ഷേ സമർഥമായി ഉപയോഗിക്കാൻ ചിലർക്കേ കഴിയൂ.
അടിസ്ഥാനപരമായി രാഷ്ട്രീയം തന്നെയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും നിർണായകം. രാഷ്ട്രീയ ആഭിമുഖ്യം മറച്ചുവച്ച് സ്വതന്ത്ര പരിവേഷത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും സാധാരണമാണ്. ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മേഖലകളാണ് പഞ്ചായത്തും നഗരസഭകളും കോർപറേഷനുമൊക്കെ. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരെന്ന നിലയിൽ വ്യക്തിബന്ധങ്ങൾ തദ്ദേശ തെരഞ്ഞടുപ്പു വിജയത്തിൽ നിർണായകമാണ്. നിയമസഭയിലേക്കും പാർലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾപോലെ രാഷ്ട്രീയം മുഖ്യവിഷയമാകാറില്ലെങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ പ്രാദേശിക രാഷ്ട്രീത്തെയും സ്വാധീനിക്കാതിരിക്കില്ല. പ്രത്യേകിച്ചും വളരെ സജീവമായ പല വിഷയങ്ങളും കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം തദ്ദേശ തെരഞ്ഞെടുപ്പിലും നിർണായകമാകുന്നുണ്ട്. നേരിട്ടുള്ള വോട്ടുപിടുത്തം ഇപ്പോഴും പ്രധാനമാണെങ്കിലും സമൂഹ മാധ്യമ പ്രചാരണം കൂടുതൽ സജീവമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിട്ടുണ്ട്. പ്രചാരണരംഗത്തെ നിയമവിരുദ്ധ നീക്കങ്ങൾ നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അതിനെ അതിജീവിക്കുന്ന പ്രചരണ തന്ത്രങ്ങൾ പലതും രൂപപ്പെടുത്തുന്നുണ്ട്. പത്രിക സമർപ്പണവും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പല കൗതുകവാർത്തകളും കാണാനാവും. പത്രമാധ്യമങ്ങൾ പ്രത്യേക സ്ലഗ് ഇട്ടും കാർട്ടൂൺ വരച്ചും അങ്കം രസകരമാക്കുന്നു. അബദ്ധം പറ്റി സ്ഥാനാർഥിത്വം നഷ്ടപ്പെട്ടവരും എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരും ഒക്കെ ഉണ്ട്.
കണ്ണൂരിൽ ചില തദ്ദേശസ്ഥാപനങ്ങളിൽ കാലങ്ങളായി എതിരാളികളില്ലാതെ ചില പാർട്ടി സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. അത് ഇത്തവണയും ആവർത്തിച്ചു. കണ്ണൂർ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലുമായി ഒമ്പതു വാർഡുകളിൽ എതിർ സ്ഥാനാർഥികളെല്ലാതെ സി.പി.എം സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 18 വാർഡുകളിലാണ് സി.പി.എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഭീതി മൂലമാണ് പലരും മത്സരംഗത്ത് എത്താത്തത്. അഥവാ ആരെങ്കിലും പത്രിക സമർപ്പിച്ചാൽ അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായും പരാതിയുണ്ട്. സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയതായും പരാതി ഉയർന്നു. നിശ്ചിത സമയം കഴിഞ്ഞ് പത്രിക സമർപ്പിക്കാനെത്തി സ്ഥാനാർത്ഥിമോഹം പൂവണിയാതെ പോയവരുമുണ്ട്. തിരൂരങ്ങാടി നന്നമ്പ്ര പഞ്ചായത്ത് 21-ാം വാർഡിൽ നിശ്ചിത സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിക്കാനെത്തിയ പ്രദീപ് എന്നയാൾ ബഹളം വയ്ക്കുകയും രാത്രി എത്തി പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.
രാവിലെ ജീവനക്കാർ എത്തി പൂട്ടുപൊളിച്ചാണ് അകത്തു കയറിയത്. ജനകീയ ജനാധിപത്യത്തിന്റെ അടിസ്ഥാന ഭരണതലമായ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടുറപ്പും കരുത്തും നാടിന്റെ വികസന പാന്ഥാവിൽ ഏറെ പ്രധാനമാണ്. പ്രാദേശിക വികസനത്തിന്റെ പതാകവാഹകരാകേണ്ടവരാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ. അവിടെ ഭീഷണിയും അപവാദപ്രചാരണവുമൊക്കെ മാറ്റിവച്ച് ജനാധിപത്യത്തിന്റെ മാന്യത ഉയർത്തിപ്പിടിക്കണം. കേരളം പോലൊരു സംസ്ഥാനത്തിന് അതു കഴിയില്ലെങ്കിൽ നാം ഉയർത്തിക്കാട്ടുന്ന പല മികവുകൾക്കും അടിസ്ഥാനമില്ലാതെയാകും.
അന്തസോടെ ജനത്തെ അഭിമുഖീകരിച്ച് നേടുന്ന വിജയമാണ് ജനാധിപത്യത്തിന്റെ കരുത്ത്. അതു നാം പല തവണ തെളിയിച്ചിട്ടുമുണ്ട്. ആ കരുത്ത് നിലനിർത്തേണ്ടത് രാജ്യത്തിന്റെ പൊതുവായ ആവശ്യമാണ്. ജനാധിപത്യധ്വംസനത്തിന് കൂട്ടുനിൽക്കുന്നവരെ നാം തിരിച്ചറിയുകതന്നെ വേണം.
ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക ഏതെങ്കിലും കാരണവശാൽ തള്ളിയാലും പാർട്ടിക്ക് സീറ്റു നഷ്ടമാവരുതെന്നു കരുതി മിക്കയിടത്തും ഡമ്മി സ്ഥാനാർഥികളും പത്രിക സമർപ്പിക്കാറുണ്ട്. എന്നാൽ ഡമ്മികളെ നിർത്താൻ വിട്ടുപോയ ചില സീറ്റുകളിൽ പാർട്ടിക്കു സ്ഥാനാർഥിയില്ലാതെ പോയ സംഭവങ്ങളും ഉണ്ടായി. പാലക്കാട് നഗരസഭയിലെ രണ്ടു വാർഡുകളിൽ സി.പി.എമ്മിനും എറണാകുളം ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യു.ഡി.എഫിനും ഡമ്മി ഇല്ലാതിരുന്നതുമൂലം പാർട്ടി സ്ഥാനാർഥി ഇല്ലാതെപോയി. ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രിക തള്ളിപ്പോയതിനെത്തുടർന്നാണിത്.
പാലക്കാട്ട് എൽ.ഡി.എഫിന്റെ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടർന്ന് പ്രധാന മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലായി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയെ പത്രിക പിൻവലിപ്പിക്കാൻ പണം വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചെന്നൊരു വിവാദവും ഉയർന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമാണ് വോട്ട്. അത് നഷ്ടപ്പെടുത്താനോ ദുരുപയോഗിക്കാനോ നടത്തുന്ന ഏതു ശ്രമവും ആരു നടത്തിയാലും അത് അതിഗുരുതരമായൊരു സാഹചര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. അടുത്ത നാളിൽ ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഈ വിഷയം വലിയ വിവാദമായിരുന്നു.
മഹാരാഷ്ട്രയിലും കർണാടകയിലുമൊക്കെ ഇത്തരം വോട്ടു മോഷണം നടന്നതായി ആരോപണമുയർന്നിരുന്നു. എന്നാൽ സർക്കാരും തെരഞ്ഞടുപ്പു കമ്മീഷനും ഇക്കാര്യം പാടേ നിഷേധിക്കുകയാണ്. ഈ വിഷയത്തിൽ വ്യക്തമായ നിലപാടു പറയേണ്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഒളിച്ചുകളി നടത്തുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സമഗ്ര പരിശോധന നടന്നുവരികയാണ്. ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ നേരിടുന്ന ജോലിഭാരവും അതുണ്ടാക്കുന്ന മനക്ലേശങ്ങളും സജീവ ചർച്ചാവിഷയമാണിപ്പോൾ. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ എസ്‌ഐആർ ധൃതിപിടിച്ചു നടത്തരുതെന്ന നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നതാണ്. കോടതിയിലും പരാതി നൽകി. പക്ഷേ ഇക്കാര്യത്തിൽ ഇടപെടാനുള്ള പരിമിതി കോടതി ചൂണ്ടിക്കാട്ടുന്നു.
വോട്ടർ പട്ടികയിലെ അപാകതകൾ എല്ലാക്കാലവും ഉണ്ടായിരുന്നു. ചിലർക്ക് രണ്ടിടങ്ങളിൽ വോട്ടുണ്ടാകും. വോട്ടർ പട്ടികയിലെ പേരിലും വിലാസത്തിലും തെറ്റുകൾ കാണാം, മരിച്ചുപോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയുമൊക്കെ പേരുകൾ പട്ടികയിൽ ഉണ്ടാവും. ഇതൊക്കെ കാലാകാലങ്ങളിൽ തിരുത്തപ്പെടണം. അതിനുള്ള സംവിധാനം ഒരുക്കുക തെരഞ്ഞെടുപ്പു കമ്മീഷനാണ്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സജീവ സഹകരണത്തോടെവേണം ഇതു നടപ്പാക്കാൻ. അതിനായി ഓരോ ബുത്ത് തലത്തിലും ബിഎൽഒ മാരെ തെരഞ്ഞെടുക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്നവരാവും ബിഎൽഒമാർ.
തിരക്കുപിടിച്ചുള്ള വോട്ടർ പട്ടിക പരിശോധനയും മറ്റു ജോലികളും കണ്ണൂരിൽ ഒരു ഉദ്യോഗസ്ഥന്റെ മരണത്തിലേക്കു നയിച്ച സാഹചര്യം കേരളത്തിൽ ബിഎൽഒ മാരുടെ ജോലിഭാരത്തെക്കുറിച്ചും അവർ നേരിടുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ചും വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ജോലി സമ്മർദം എന്നത് ആരുടെയും സമനില തെറ്റിക്കാം. എന്നാൽ ആവശ്യത്തിന് ആൾക്കാരെ നിയോഗിക്കുകുയും അവർക്കു തങ്ങാവുന്ന ജോലി നൽകുകയും ചെയ്തിരുന്നുവെങ്കിൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നു.
എസ്‌ഐആറിനെക്കുറിച്ചുള്ള പരാതികൾക്കിടയിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വളരെ ഗുരുതരമായ ചില ആരോപണങ്ങൾ ഉയർന്നു. സ്ഥാനാർഥികൾക്കു പോലും വോട്ടില്ലാത്ത അവസ്ഥ. സാങ്കേതിക കാര്യങ്ങൾ പറഞ്ഞുള്ള വോട്ടുവെട്ടലിന്റെ പിന്നിൽ രാഷ്ട്രീയ വൈരവും കാണാനാവും. ഈ വിഷയം ഹൈക്കോടതി മുമ്പാകെയും എത്തി. വോട്ടർ പട്ടികയിൽ രാഷ്ട്രീയം തിരുകിക്കയറ്റരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. അശ്രദ്ധയും അറിവില്ലായ്മയും മൂലം സെലിബ്രറ്റികൾക്കുപോലും വോട്ട് നഷ്ടമായ കഥയും കൗതുകമായി.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കുറെയേറെ വികസന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. നാട്ടിലുടനീളം പുതിയ റോഡുകളുടെയും പാലങ്ങളുടെയും പണി ആരംഭിക്കുന്നതിന്റെ ഫ്‌ളെക്‌സുകൾ നിരന്നു. അല്ലറ ചില്ലറ പണികൾ അവിടെയും ഇവിടെയും നടന്നു. ജനങ്ങൾ തെരഞ്ഞെടുത്തവർ തങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടുകൾ ജനങ്ങളുടെ മുമ്പാകെ വയ്ക്കട്ടെ. പക്ഷേ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കാണുന്ന വികസനത്വര വിമർശന വിധേയമാകും. വികസനം ഒരു തുടർ പ്രക്രിയ ആകണം. വ്യാജ അവകാശവാദങ്ങളാൽ പൊതുജനം കബളിപ്പിക്കപ്പെടരുത്.
ഒരു ദശാബ്ദം മുമ്പ് തുടക്കമിട്ട തിരുവനന്തപുരം മെട്രോയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രധാനമായൊരു നാഴികക്കല്ലാണ് പദ്ധതിയുടെ അലൈൻമെന്റിനുള്ള അനുമതി. എങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം നഷ്ടപ്പെടുത്തിയതിന്റെ ബുദ്ധിമുട്ടുകൾ ഏറെയുണ്ടാവും. ഏതു വികസന പദ്ധതിയായാലും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനും സർക്കാരുകൾ മാറി വന്നാലും പദ്ധതികളുടെ തുടർച്ച നഷ്ടമാവാതിരിക്കാനും കഴിയണം. ജനങ്ങളുടെ നികുതിപ്പണം എടുത്ത നിർമിക്കുന്ന ചെറിയൊരു റോഡിന്റെ പേരിൽപോലും ജനപ്രതിനിധികൾ ഫ്‌ളക്‌സടിച്ച് അഭിമാനം കൊള്ളുമ്പോൾ കൂട്ടായ പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ട ഇത്തരം വൻപദ്ധതികൾ പലപ്പോഴും അവഗണിക്കപ്പെട്ടുപോകുന്നു. പെട്ടെന്ന് ഖ്യാതി സമ്പാദിക്കാനുള്ള വ്യഗ്രതയിൽ ജനനേതാക്കൾ അപ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധയൂന്നുമ്പോൾ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പലരും ശ്രദ്ധിക്കാതെ പോകുന്നു.
പദ്ധതികൾ ആരു തുടങ്ങിവച്ചാലും അതു പൂർത്തിയാക്കാൻ പിന്നാലെ വരുന്നവർ കാട്ടുന്ന ശുഷ്‌കാന്തി പ്രധാനമാണ്. അതിൽ ബാലിശമായ രാഷ്ട്രീയം കളിക്കുന്നവരുണ്ട്. തങ്ങൾക്കു സ്വാധീനം കുറവുള്ള സ്ഥലങ്ങളിലെ വികസനപദ്ധതികളോടു ചിലർ കാട്ടുന്ന അവഗണനയും ശ്രദ്ധേയമാണ്. വികസന പദ്ധതികളെക്കുറിച്ച് വ്യത്യസ്തമായൊരു മനോഭാവം നമ്മുടെ നേതാക്കളിലും ജനങ്ങളിലും വളരേണ്ടിയിരിക്കുന്നു. വിദേശ രാജ്യങ്ങളിലെ ചില ഭരണകൂടങ്ങൾ ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകൾ മാതൃകയാക്കേണ്ടതുണ്ട്.
നാടിന്റെ പൊതുവായ വികസന പദ്ധതികളോടു സ്വീകരിക്കുന്ന നിലപാട് പ്രധാനമാണ്. അവിടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ തേടുകയും അതു പരിഗണിക്കുകയും ചെയ്യണം.
രാഷ്ട്രീയ എതിരാളികളുടെ അഭിപ്രായങ്ങൾപോലും സ്വീകരിക്കുന്ന നല്ലൊരു പതിവ് നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. സ്വതന്ത്ര ഭാരതം അതിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടാക്കിയ ചില മുന്നേറ്റങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ എത്രമാത്രം കരുത്തുറ്റതാക്കി എന്നതു വിസ്മരിക്കാനാവുമോ. ഇന്നിപ്പോൾ അതിന്റെയൊക്കെ എതിർസാക്ഷ്യങ്ങൾ പലതും അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ കാലത്തിന്റെയും ആവശ്യങ്ങളോട് അന്നത്തെ നേതൃത്വം എങ്ങിനെ ഇടപെട്ടു എന്നതാണു പ്രധാനം. നാടിന്റെ വികസനത്തിന് കൂട്ടായ ശ്രമം ആവശ്യമാണ്. പ്രാദേശിക തലത്തിൽ വളരെയേറെ കാര്യങ്ങൾ ചെയ്യാൻ ദ്ദേശസ്ഥാപനങ്ങൾക്കു കഴിയും. വികസന പദ്ധതികൾക്കു പല ഇനത്തിലായി ധാരാളം തുക വകയിരുത്തപ്പെടുന്നുണ്ട്.
ചില സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വിനയാകാറുണ്ടെങ്കിലും വികസനരംഗത്ത് നാം പിന്തള്ളപ്പെടാതിരിക്കാൻ ബോധപൂർമായ ശ്രമങ്ങൾ ഉണ്ടാവണം. ഇത്തരം കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഭരണാധികാരികളും നേതാക്കളും ജനങ്ങളും ഒന്നിച്ചു നിൽക്കണം. എല്ലാം വോട്ടിനുവേണ്ടി മാത്രമാവരുത്. ആത്മാർഥമായി പ്രവർത്തിക്കുന്നവരെ ജനം തിരിച്ചറിയും. ആ തിരിച്ചറിവാകണം നമ്മുടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള പ്രധാന അളവുകോൽ. നിലപാടുകളുംപ്രധാനംതന്നെ.
സെർജി ആന്റണി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
