കേരള മാതൃക എന്ന ഒന്ന് തീർച്ചയായും ഉണ്ട്. മറ്റൊരു തുറയിലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നിശ്ചയമായും ഉണ്ട്. സ്ത്രീപുരുഷ ഭേദം കൂടാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന ചർച്ചയാണല്ലോ 'അവിഹിത' ചർച്ച!
മറ്റുള്ള ഏതൊരു ചർച്ചയും അടിസ്ഥാനപരമായ അറിവ് കുറച്ചെങ്കിലും ആവശ്യപ്പെടും. ഇവിടെ അതില്ല. മനുഷ്യർക്ക് എളുപ്പം മനസ്സിലാവുന്ന മറ്റൊരു കാര്യം പൊന്നിന്റെ സംഗതിയാണ്. തുള്ളിത്തുള്ളി കളിക്കാൻ നിന്ന നമ്പ്യാരാശാൻ ഇക്കാര്യം പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്: കനകം മൂലം കാമിനി മൂലം കോമഡി പലവിധം ഉലകിൽ സുലഭം!
ദൈവവുമായി നിത്യ പരിചയമുള്ളവർ ദൈവത്തിന്റെ സ്വർണ്ണം മോഷ്ടിക്കുന്നു. അഥവാ മോഷ്ടിച്ചു എന്ന് അഭിപ്രായം പൊങ്ങി വരുന്നു. സ്വർണ്ണത്തിന് ജീവൻ ഇല്ലാത്തതുകൊണ്ട് സ്വയം നടന്നു പോകില്ലല്ലോ! കൊണ്ടുപോയത് ആര് എന്നേ നോക്കാനുള്ളൂ.
ആകെ തീർച്ചയുള്ള കാര്യം ഈ നാട്ടിൽ കാണാതായത് ഒന്നും തിരിച്ചു കിട്ടുകയില്ല എന്നതാണ്. എങ്കിൽ പിന്നെ പത്ത് വോട്ട് മറിക്കാൻ അതു മതി എങ്കിൽ എന്തിന് ഉപേക്ഷിക്കണം!
പെൺവിഷയത്തിലും ഇത്രയേ ഉള്ളൂ കാര്യം. ബലം പ്രയോഗിച്ചെന്നും ഇല്ലെന്നും തർക്കം. ഒട്ടും ബലം പ്രയോഗിക്കാതെ ഒരു പ്രേമവും നടപ്പില്ലല്ലോ! ആര് ആരോടാണ് അത് പ്രയോഗിച്ചത് എന്ന് മാത്രം സംശയം. പിന്നെ, 'പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ?' എന്നും മഹാകവി പണ്ടേ ചോദിച്ചിട്ടുള്ളതിനാൽ കേരള മാതൃകയിൽ അ(ല)സൽ വ്യവഹാരം ഉപേക്ഷിക്കാൻ വയ്യ.
വിശന്ന നായ നനഞ്ഞ തോലും എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് വരുമ്പോൾ ഒക്കെ രണ്ട് ബോംബുകൾ കരുതി വയ്ക്കും. ഒരു പെണ്ണ് ബോംബ്, ഒരു പൊന്നു ബോംബ്. ഇത് രണ്ടും മതിയല്ലോ മറ്റു കാര്യങ്ങളൊക്കെ എല്ലാവരും മറന്നു കിട്ടാൻ.
സൂക്ഷിക്കാൻ അറിയാത്തവന്റെ മുതൽ നാണമില്ലാത്തവൻ കൊണ്ടുപോകുന്നു എന്ന ഒരു ചൊല്ലുണ്ട്. പെണ്ണിന്റെ നാണമായാലും പൊന്നുതമ്പുരാന്റെ കനകമായാലും കാര്യം ഇതുതന്നെ. പക്ഷേ കുറെ പൊന്നു പോയാലും ഈശ്വരന് ഒന്നും വരാനില്ല. പെണ്ണിന്റെ കാര്യം പക്ഷേ അങ്ങനെയല്ല. പോയ കാര്യം ആന പിടിച്ചാലും തിരിച്ചു കിട്ടില്ല!
മാത്രമല്ല വർഷങ്ങൾ കഴിഞ്ഞാലും ഒരു കാര്യത്തിലും തീർച്ചയും ഉണ്ടാവില്ല. പന്ത് ഗ്രൗണ്ടിന് വെളിയിൽ കിടക്കുന്നു, കളിക്കാർ തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നു, ജനം ആർത്തു വിളിക്കുന്നു എന്നൊക്കെ പണ്ടൊരു ഫുട്‌ബോൾ കമന്റേറ്റർ പറഞ്ഞത് തന്നെ കഥ!!
തെരഞ്ഞെടുപ്പ് ആണെങ്കിലും പണ്ട് മുത്തശ്ശിമാർ പറയാറുള്ളത് പോലെ രണ്ടും രണ്ടിടത്ത് ആയി കിട്ടാൻ വല്ലാത്ത ഒരു പ്രയാസം! മൺതരിയെക്കാൾ ചെറിയ അക്ഷരത്തിൽ അച്ചടിച്ച ഒരു ഫോറം പൂരിപ്പിക്കണം. രണ്ടു കോപ്പി വേണം. ഒന്ന് സൂക്ഷിക്കണം. പട്ടികയിൽ പേരില്ലെങ്കിൽ പിന്നെയും അപേക്ഷ കൊടുക്കണം.
എല്ലാം കഴിഞ്ഞു പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ നിങ്ങടെ വോട്ട് ചെയ്തു പോയല്ലോ എന്ന് കൈമലർത്തുന്നത് കണ്ടു സഹിച്ച് ഇളിഭ്യനായി തിരിച്ചുപോരുകയും വേണം.
എന്നാൽ, എന്തിനും എല്ലാറ്റിനും ആധാരമായ ഒരു കാർഡ് ഒരുപാട് പണ്ട് എല്ലാവരും ഉണ്ടാക്കിയിട്ടുണ്ടല്ലോ.
അതു പോരേ വോട്ട് ചെയ്യാനും എന്ന് ചോദിച്ചാൽ ആർക്കും മറുപടിയില്ല. ആ കാർഡ് ശരിയായി ഉപയോഗിച്ചാൽ ഏത് വോട്ടർക്കും ഇന്ത്യ എന്ന രാജ്യത്ത് ഏത് ബൂത്തിലും പോയി ആർക്കും വോട്ട് ചെയ്യാൻ കഴിയില്ലേ?
പക്ഷേ കള്ളവോട്ട് ചെയ്യാൻ ആർക്കും കഴിയില്ല എന്നൊരു വിഷമം വന്നേക്കാം. ആ വിഷമം വന്നാൽ പിന്നെ എന്ത് ഇലക്ഷൻഎൻജിനീയറിങ്!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
