നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ കുടിയേറ്റ നയങ്ങളില്‍ ട്രംപ് ഭരണകൂടം വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം.
ഇക്കഴിഞ്ഞ താങ്ക്‌സ്ഗിവിംഗ് ആഴ്ചയില്‍ വൈറ്റ് ഹൗസിന് സമീപം നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന വെടിവയ്പ്പാണ് ഈ അപ്രതീക്ഷിത നയമാറ്റങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു അഫ്ഗാന്‍ പൗരന്‍ നടത്തിയ ആക്രമണത്തില്‍ ഒരു നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ഡിസംബര്‍ 2 ന് പുറത്തിറക്കിയ പുതിയ പോളിസി മെമ്മോയിലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി 'ഉയര്‍ന്ന റിസ്‌ക്' ഉള്ളവയായി ഭരണകൂടം കണക്കാക്കുന്ന 19 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എല്ലാവിധ കുടിയേറ്റ അപേക്ഷകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക എന്നതാണ് ഈ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനം. ഗ്രീന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍, അമേരിക്കന്‍ പൗരത്വം നേടുന്നതിനുള്ള നാച്ചുറലൈസേഷന്‍ അപേക്ഷകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ 19 രാജ്യങ്ങളെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ഛാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണ്ണമായ യാത്രാവിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ ബുറുണ്ടി, ക്യൂബ, ലാവോസ്, സീറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ 7 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും നിലവിലുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല, മറിച്ച് നിലവില്‍ അമേരിക്കയില്‍ താമസിക്കുന്നവരെയും ബാധിക്കും എന്നതാണ്. മുന്‍പ് യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് അമേരിക്കയില്‍ എത്തിയവര്‍ക്കെതിരെ നടപടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം, ജോ ബൈഡന്‍ ഭരണകൂടം അധികാരമേറ്റ 2021 ജനുവരി 20 നോ അതിന് ശേഷമോ അമേരിക്കയില്‍ പ്രവേശിച്ച, ഈ 19 രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വ്യക്തികളുടെയും രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ഇതിനകം കുടിയേറ്റ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ പോലും, അത് സമഗ്രമായ പുനപരിശോധനയ്ക്കും റീ-ഇന്റര്‍വ്യൂവിനും വിധേയമാക്കും.
അമേരിക്കന്‍ ജനതയുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വ്യക്തമാക്കുന്നത്. അടുത്ത 90 ദിവസത്തിനുള്ളില്‍, ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കേണ്ട കുടിയേറ്റക്കാരുടെ മുന്‍ഗണനാ പട്ടിക യുഎസ്സിഐഎസ് തയ്യാറാക്കും. പരിശോധനയില്‍ അപാകതകളോ നിയമ ലംഘനങ്ങളോ കണ്ടെത്തുന്നവരെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്മെന്റിനോ മറ്റ് നിയമപാലക ഏജന്‍സികള്‍ക്കോ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ആലോചിക്കുന്നത്. കൂടാതെ ഈ മരവിപ്പിക്കല്‍ എപ്പോള്‍ നീക്കണമെന്നത് യുഎസ്സിഐഎസ് ഡയറക്ടറുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
വെടിവയ്പ്പിന് ശേഷം മറ്റ് ചില കര്‍ശന നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി പദവി ആവശ്യപ്പെട്ടുള്ള എല്ലാ തീരുമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അമേരിക്കയുടെ യുദ്ധ ശ്രമങ്ങളെ സഹായിച്ച അഫ്ഗാന്‍ പൗരന്മാര്‍ക്ക് നല്‍കി വരുന്ന വിസകളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ബൈഡന്‍ ഭരണകാലത്ത് രാജ്യത്ത് എത്തിയ എല്ലാ അഭയാര്‍ത്ഥികളുടെയും കേസുകള്‍ പുനപരിശോധിക്കുമെന്നും വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഏജന്‍സി അറിയിച്ചിരുന്നു.
അമേരിക്കന്‍ നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, കുടിയേറ്റ നയങ്ങളില്‍ വലിയൊരു പൊളിച്ചെഴുത്തിന് കാരണമായിരിക്കുകയാണ്. ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന് ഒരു വിഭാഗം ജനങ്ങളെ ഒന്നാകെ ശിക്ഷിക്കുന്ന കൂട്ടായ ശിക്ഷ ആണ് ഇതെന്ന വിമര്‍ശനം ഒരു വശത്ത് ഉയരുമ്പോഴും, ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം..
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
