പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

DECEMBER 2, 2025, 11:34 PM

കഥ ഇതുവരെ : കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് മലയാളിയായ റിപ്പോർട്ടർ റോബിൻസ്. നിയോഗിക്കപ്പെടുന്നു തെളിവില്ലാതിരുന്ന കിടന്ന ഒരു കൊലപാതക കേസിൽ പ്രതിയെ കണ്ടെത്തുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി അവൻ കെനിയായിലേക്ക് പോകുന്നു. കെനിയയിലെ ആദിവാസി സമൂഹത്തിന്റെ ദാരിദ്ര്യം അയാളെ അമ്പരപ്പിക്കുന്നു. 
തുടർന്നു വായിക്കുക

സംഭ്രമജനകമായ ആ നിമിഷത്തെ പരിഭ്രമത്തോടെ ആണെങ്കിലും കെവിൻ നേരിട്ടു. ആറടിയിലേറെ പോക്കമുള്ള ശക്തനായ മനുഷ്യനാണയാൾ. പക്ഷേ, മദ്യലഹരി അയാളെ കീഴടക്കിയിരുന്നു. കെവിന് അയാളുടെ കയ്യിൽ നിന്നും കഠാര നിഷ്പ്രയാസം തട്ടിത്തെറിപ്പിക്കാൻ കഴിഞ്ഞു. അതുവരെ അടക്കി നിർത്തിയിരുന്ന അമർഷം മുഴുവൻ കെട്ടുപൊട്ടിച്ച് പുറത്തു ചാടിയാലെന്നപോലെ കിബേറ്റ്  ഒറ്റക്കുതിപ്പിന് അമ്മാവനെ പിടിച്ചു തള്ളി ഒരു വലിയ മരത്തോട് ചേർത്തു നിൽത്തി. അപ്പോഴേക്കും അയൽപക്കത്തുനിന്നും രണ്ടുമൂന്നുപേർ ഇങ്ങോട്ട് ഓടിയെത്തി. അതിൽ ഒരാളുടെ കയ്യിൽ കട്ടികൂടിയ വലിയൊരു കയറും കൈക്കോടാലിയുമുണ്ടായിരുന്നു. 
കിബേറ്റ് അവനോട് പറഞ്ഞു:  

'എടാ.., നീ ആ കയറുകൊണ്ട് ഈ നശിച്ച പണ്ടാരത്തിനെ മരത്തോട് ചേർത്ത് കെട്ടിക്കേ. നാശം മനുഷ്യന് ഒരു തരത്തിലും സമാധാനം തരില്ലെന്നു വച്ചാലെന്തു ചെയ്യും..!'

vachakam
vachakam
vachakam

വന്നായാൾ കയർ ഉപയോഗിച്ച് ആ മനുഷ്യനെ മരത്തോടു ചേർത്ത് വരിഞ്ഞു കെട്ടി.

ഇതെല്ലാം കണ്ട് അക്ഷോഭ്യനായി നിന്ന റോബിൻസിനോടായി കിബേറ്റ് തൊഴുകൈയോടെ പറഞ്ഞു: 

'ഞങ്ങൾ മടുത്തുസാറെ അമ്മാവന്റെ ശല്യത്തിൽ നിന്നും ഞങ്ങളെ എങ്ങിനെയെങ്കിലും ഒന്നു രക്ഷിക്കണേ..!'

vachakam
vachakam
vachakam

അപ്പോഴേക്കും കിബേറ്റിന്റെ അമ്മ കടന്നു വന്നു. ഒരു മനുഷ്യായുസിലെ ദുഃഖം മുഴുവൻ കുടിച്ചു തീർത്ത അവശത ആ മുഖത്ത് നിഴലിക്കുന്നുണ്ട്. ജീവനുള്ള പിണം എന്നു വേണമെങ്കിൽ വിശേഷിപ്പിച്ചാലും തെറ്റില്ല..!

ആ സ്ത്രീ കൈകൾ കൂപ്പി മുട്ടുകുത്തി നിന്നു റോബിൻസിന്റെ മുന്നിൽ. എന്നിട്ട്  ദീർഘമായൊരു നെടുവീർപ്പിനു ശേഷം പറഞ്ഞു തുടങ്ങി.

എന്റെ പൊന്നു മോനെ...!, എന്റെ ആങ്ങളയാണ് ഈ ദ്രോഹി..! 

vachakam
vachakam
vachakam

കെട്ടിയിട്ട മനുഷ്യനു നേരെ കൈചൂണ്ടിക്കൊണ്ട് ആ സ്ത്രീ അങ്ങിനെ പറഞ്ഞപ്പോൾ അവരുടെ ഉള്ളുരുകുന്ന പൊള്ളലിന്റെ ചൂട് റോബിൻസിന് അനുഭവപ്പെട്ടു. അവരുടെ കണ്ണുകളിൽ നിന്നും ചുടുനീർ, അടർന്നടർന്നു വീണുകൊണ്ടിരുന്നു.

'അമ്മ കരയാതെ, എഴുന്നേൽക്ക്..' റോബിൻസ് അവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. 

ഞാനിതാരോടെങ്കിലും ഒന്നു പറഞ്ഞില്ലെങ്കിൽ എന്റെ ചങ്ക് പൊട്ടിപ്പോകും മോനേ..,

അതുകേട്ടതോടെ അവരെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം അയാൾ വേണ്ടെന്നു വെച്ചു. അവരെ പറയാൻ അനുവദിച്ചുകൊണ്ട് അയാൾ അവിടെത്തന്നെ നിന്നു.

മോൻ വന്നതെല്ലാം ഞാൻ അകത്തു നിന്നു കാണുന്നുണ്ടായിരുന്നു. നാണക്കേടുകൊണ്ടാണ് ഞാൻ പുറത്തേക്കു വരാതിരുന്നത്. എനിക്ക് മൂന്നു മക്കളാണ്. മൂന്നേ ഞാൻ പെറ്റൊള്ളു. മക്കൾ നാലാണ്. 

മൂത്ത പെൺകുട്ടിക്ക് വയസ് പതിനാലേയുള്ളു. അവൾക്ക് വയറ്റിലുണ്ട്. എന്നാൽ ചൂണ്ടിക്കാണിക്കാനൊരു കെട്ടിയോൻ ഇല്ല. എന്റെ പൊന്നാങ്ങളാ... ഈ നാറി എന്റെ മോളെ കണ്ടോർക്ക് കൂട്ടിക്കൊടുത്ത്  കാശുവാങ്ങി കള്ളു കുടിച്ച് നടപ്പാണ്. മൂന്നാമത്തെ പേറോടെ കെട്ടിയോൻ എന്നേം കൊച്ചിങ്ങളേം ഇട്ടേച്ചു പോയി. പുറത്തു കാണിക്കാൻ പറ്റാത്ത എന്റെ കൊച്ചുങ്ങളെ മോനൊന്നു കാണ്.

ആ സ്ത്രീ റോബിൻസിന്റെ കൈയ്യേൽ പിടിച്ചു വലിച്ചുകൊണ്ട് കുടിലിനകത്തേക്കു പോയി.
അവിടെ കണ്ട കാഴ്ച അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. രണ്ടുതല, നാലു കൈകൾ, നാലു കാൽ. ഏതാണ്ട് പത്തുപന്ത്രണ്ട് വയസു തോന്നിപ്പിക്കുന്ന പെൺശിരസുകൾ. ദയനീയഭാവത്തിലുള്ള അവരുടെ നോട്ടം റോബിൻസിനെ വല്ലാതാക്കിക്കളഞ്ഞു.

'എന്റയീ കുഞ്ഞുങ്ങളെ ഒരു സർക്കസ് കമ്പനിക്ക് വിൽക്കാൻ കാശുവാങ്ങി വന്നിരിക്കുകയാണ് ആങ്ങള. ഞാൻ എന്തു വിശ്വസിച്ചാ ഇതിങ്ങളെ അവർക്കു കൊടുക്കുക..?'

'ആങ്ങളയെ നിലക്കു നിർത്താൻ പറ്റിയ ബന്ധുക്കളാരും അമ്മയ്ക്കില്ലേ..?'

ഇടയ്ക്കു കയറി റോബിൻസ് ചോദിച്ചു:

'ബന്ധുക്കളോ..ഹെന്റെ മോനെ., അവർക്കയാള് വാറ്റുചാരായവും കഞ്ചാവും കൊടുത്തു മയക്കിയിട്ടിരിക്കുകയല്ലേ..! അതുമല്ല, എനിക്കെന്തോ ശാപമുള്ളതു കൊണ്ടാ ഞാൻ പെറ്റത് ഇങ്ങനത്തെ രൂപങ്ങളായതെന്നാ അവരു പറേണെ. അന്ന് പേറെടുക്കാൻ വന്ന വയറ്റാട്ടിത്തള്ളക്ക് അത്രയൊന്നും പണിപ്പെടേണ്ടിവന്നില്ല. കുട്ടിയെ താങ്ങിയെടുക്കാൻ ചെന്ന പേറ്റിച്ചിത്തള്ള പേടിച്ചരണ്ടുപോയി. നാട്ടാരു മുഴുവൻ കേൾക്കുവിധം അലറിവിളിച്ച തള്ള പുറത്തേക്കോടി.

എനിക്കെന്തോ ശാപം കിട്ടിയിട്ടുണ്ടെന്നും അതിന്റെ ശിക്ഷയാണീ ഭീകരരൂപത്തെ പെറേണ്ടിവന്നതെന്നും അവർ പറഞ്ഞു പരത്തി. അപ്പോഴേക്കും അയൽക്കാരും മറ്റും ഓടിയെത്തി. എല്ലാരും അകലെ മാറി നിന്ന് എന്നെ അത്ഭുതത്തോടെ നോക്കി നിന്നു. 

എന്നോട് മിണ്ടാൻ പോലും ആർക്കും മനസ്സുറപ്പുണ്ടായിരുന്നില്ല. ഇനി എന്തെന്നോർത്ത് ഞാൻ വാവിട്ടു കരഞ്ഞു. അപ്പോഴേക്കും എന്റെ കെട്ടിയോൻ വന്നു. അയാൾ പൂരെ മദ്യപിച്ചിട്ടാണ് വന്നത്. ചങ്ങാതിമാർ അയാളോട് പറഞ്ഞത് കുഞ്ഞുങ്ങളെ വല്ല കാട്ടിലും കൊണ്ടുപോയി കളയാനാണ്..! വീട്ടിൽ വളർത്തിയാൽ പലവിധ അപകടങ്ങളും ദോഷങ്ങളും വന്നുഭവിക്കുമത്രെ.

അകത്തെ മുറിയിൽ നിന്നും പൊന്തിവന്ന ഇരട്ടക്കരച്ചിൽ കേട്ടതോടെ കെട്ടിയോൻ അങ്ങോട്ടുവന്ന് അവറ്റകളുടെ വായ് മൂടിക്കെട്ടി കാട്ടിൽ  കൊണ്ടുപോയി കളയാൻ കയ്യിലെടുത്തു.'

'അയ്യോ എന്നിട്ട്..?' റോബിൻസ് ആകാംക്ഷയോടെ ചോദിച്ചുപോയി!

'ഞാൻ സർവ്വശക്തിയും എടുത്തയാളെ തള്ളിത്താഴെയിട്ടു. കഞ്ഞുങ്ങളെ  ബലമായി പിടിച്ചുവാങ്ങി.

എന്നിട്ടയാൾക്കൊരു ചവിട്ടു കൊടുത്തു..!. എന്റെ ചവിട്ടുകൊണ്ട് വീണ അയാളുടെ തല പൊട്ടി.

അന്നെന്നെ തെറിവിളിച്ചിറങ്ങിയതാ. പിന്നെ ഇങ്ങോട്ടു വന്നിട്ടേയില്ല. ബന്ധുക്കളിലും നാട്ടുകാരിലും ഏറെപ്പേർ ഞങ്ങളുടെ ശത്രുക്കളായി. എരിതീയിൽ എണ്ണയൊഴിക്കാൻ എന്റെ ആങ്ങള എപ്പോഴും മുന്നിൽ തന്നെ ഉണ്ടായിരിക്കും.'

ആ സ്ത്രീയുടെ  അവസാന വാചകം വീണ്ടും അയാളെ മുറ്റത്തു കെട്ടിയിട്ടിരിക്കുന്ന മനുഷ്യനിലേക്ക് ശ്രദ്ധ തിരിയാൻ ഇടയാക്കി. ഉടൻ തന്നെ വേൾഡ് ടൈംസിന്റെ നെയ്‌റോബി ബ്യുറോയിലെ ലീഗൽ റിപ്പോർട്ടറുമായി ഫോണിൽ ബന്ധപ്പെട്ട് അയാളെക്കുറിച്ചുള്ള വിവരം പോലീസിൽ അറിയിക്കാൻ റോബിൻസ് ഏർപ്പാടാക്കി. വീണ്ടും വരാം എന്നു പറഞ്ഞ് ആ കുടിലിൽ നിന്നും അയാൾ യാത്രയായി.

********

ഹോട്ടൽ മുറിയിലെത്തിയിട്ടും റോബിൻസിന്റെ മനസ്സിൽ ആ കുടിലിൽ കണ്ട സയാമീസ് ഇരട്ടകളക്കുറിച്ചുള്ള ചിന്തയായിരുന്നു. പാവം സ്ത്രീ. നാട്ടുകാരും വീട്ടുകാരും എതിർത്തിട്ടും ആ പിഞ്ചോമനകൾക്കു വേണ്ടി ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നു. ആ അമ്മയെ എങ്ങിനേയും സഹായിച്ചേ പറ്റു. ഏതുവിധേനയും ആ കുട്ടികളെ സ്വതന്ത്രരാക്കാൻ പറ്റുമോ എന്നറിയണം. അതിനിടെ ഒരിക്കൽക്കൂടി റോബിൻസ് 'ഇഹിതെ' ഗ്രാമത്തിലേക്ക് പോയി.

കെവിൻ ഒട്ടീനോ ഉണ്ടായിരുന്നതിനാൽ ഇരട്ടക്കുട്ടികളോടും അവരുടെ അമ്മയോടും വീണ്ടും ഏറെ നേരം സംസാരിക്കാനായി. ആ അമ്മ ഏഴു ക്ലാസുവരെ പഠിച്ച് കെനിയൻ സർട്ടിഫിക്കറ്റ് ഓഫ് പ്രൈമറി എഡുക്കേഷൻ പാസായവളാണെന്നറിഞ്ഞപ്പോൾ അയാൾക്ക് അതിശയം തോന്നി. ഇരുവരേയും വേർപെടുത്തുന്ന കാര്യത്തിൽ വീട്ടുകാർക്കും സന്തോഷമാണെന്നു കണ്ട് റോബിൻസ് അവിടെ നിന്നും മടങ്ങി.  

കെനിയാട്ട നാഷണൽ ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കാനാണ് റോബിൻസ് പിന്നെ ശ്രമിച്ചത്. അതിനുമുമ്പായി കഴിഞ്ഞ ദിവസം കടയിൽ വച്ചു പരിചയപ്പെട്ട പ്രൊഫ. സൈമൺ ഗിച്ചാരുവിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. കിബേറ്റിന്റെ ദയനീയാവസ്ഥ കണ്ട് അവനെ സഹായിച്ച ആ പ്രൊഫസർക്ക് അവന്റെ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയാണ് ഇന്നിപ്പോൾ ആ ആശുപത്രിയിലെ ചീഫ് സർജൻ.

ഉടൻതന്നെ സൈമൺ ഗിച്ചാരു ആ ഡോക്ടറുമായി സംസാരിച്ചു. വേണ്ട എല്ലാ കാര്യങ്ങളും ഡോക്ടർ നോക്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു കൊടുക്കുകയും ചെയ്തു. റോബിൻസ് പ്രൊഫസറെ കൂട്ടി കെനിയാട്ട നാഷണൽ ഹോസ്പിറ്റലിൽ എത്തി. 

'വരണം സാർ... ഇന്നൊരു ഓപ്പറേഷൻ കേസ് ഉണ്ടായിരുന്നു. അത് അസിസ്റ്റന്റിനെ ഏൽപ്പിച്ച് നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ.'

ഡോ. ആരൺ ചിറോട്ടിച്ച് ഏറെ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി.

ഇത് വലിയൊരു പത്രപ്രവർത്തകനാണു കെട്ടോ. പേര് റോബിൻസ്... വേൾഡ് ടൈംസിലാണിപ്പോൾ. 
സൈമൺ ഗിച്ചാരു റോബിൻസിനെ പരിചയപ്പെടുത്തി.

'ഹലോ..വാം വെൽക്കം.' 

ഡോക്ടർ എഴുന്നേറ്റ് ഷേക് ഹാന്റിനായി കൈ നീട്ടി.  ഇരുവരും ഹസ്തദാനം ചെയ്തു. പിന്നെ റോബിൻസ് സയാമിസ് ഇരട്ടകളുടെ വിവിധ ആങ്കിളുകളിൽ എടുത്ത ഫോട്ടോ ഡോക്ടർക്കു നൽകി.

സുഷ്മതയോടെ ഫോട്ടോ പരിശോധിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു: 

'സയാമീസ് ഇരട്ടകൾ അപൂർവ്വ പ്രതിഭാസമാണ് സാർ. കഴിഞ്ഞ നാലു നൂറ്റാണ്ടുകളായി നാനൂറോളം സയാമീസ് ഇരട്ടകൾ ജനിച്ചതായി രേഖകളുണ്ട്. 40 ശതമാനത്തോളം ചാപിള്ളകളായിരുന്നു. ശേഷിച്ച 35 ശതമാനം ജനിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചു. എന്നാൽ, ഇതു വലിയ പ്രശ്‌നമുള്ള കേസല്ല. നമുക്ക് ശരിയാക്കിയെടുക്കാൻ പറ്റും സാർ.'

റോബിൻസിന്റേയും സൈമൺ ഗിച്ചാരുവിന്റേയും മുഖം പ്രകാശിച്ചു. 

ഹൃദയത്തിന്റെ തകരാറാണ് സാധാരണഗതിയിൽ സയാമീസുകൾ മരിക്കാനിടയാകുന്നത്. നെഞ്ച്, വയർ, ഊര, അരക്കെട്ട് തല എന്നീ ഭാഗങ്ങളിലേതെങ്കിലും ഒട്ടിച്ചേർന്നിരിക്കും.'

ചരിത്ര പണ്ഡിതനായ സൈമൺ ഗിച്ചാരു ചോദിച്ചു: 

'എ.ഡി 945ൽ അർമീനിയായിൽ ആയിരുന്നു  ആദ്യ സയാമീസിന്റെ  പിറവി. അല്ലേ ഡോക്ടർ? ' 

'അതേയതെ.., അവരെ വേർപെടുത്താനുള്ള ശ്രമത്തിൽ ഒരാൾ തൽക്ഷണവും അപരൻ മൂന്നാം ദിവസവും മരിച്ചു. എന്തായാലും ഈ കേസിൽ അങ്ങിനെയൊരു പേടി വേണ്ട. നമുക്ക് അടുത്ത തിങ്കളാഴ്ച ആംബുലൻസ് അയയ്ക്കാം. ഇവിടെ വേണ്ട ക്രമീകരണങ്ങൾ അപ്പോഴേക്കും ശരിയാക്കാം.' 

ഡോക്ടർ ആത്മവിശ്വാസത്തോടെയാണത് പറഞ്ഞത്. 

******

ഒരു കാലത്ത് എതിരാളികളെ ഇടിച്ചുതകർത്ത് ഗുസ്തിക്കാരുടെ ലോകത്ത് ആധിപത്യം സ്ഥാപിക്കാനാകുമെന്നു സ്വപ്‌നം കണ്ട മനുഷ്യനാണ് റമോൺ കബേര ടോറസ്. അയാൾ ജനിച്ചത് സാധാരണ ഒരു ക്യൂബൻ കുടുംബത്തിലല്ല. ഒരു കബേര കുടുംബത്തിന്റെ അവസാന തലമുറയിൽ പെട്ടയാളാണ്.

അമേരിക്കയിൽ ഒരു കാലത്ത് അവർക്ക് പല വലിയ ഹോട്ടലുകളും കാസിനോകളും ഉണ്ടായിരുന്നു. ക്യൂബൻ വിപ്ലവത്തിൽ നഷ്ടപ്പെട്ട ഹോട്ടലുകളും കാസിനോകളും തിരികെ പിടിക്കുക എന്നാതാണ് ഈ മനുഷ്യൻ ഉൾപ്പെടുന്ന സംഘത്തിന്റെ ഉദ്ദേശം. അതിനായി ക്യൂബൻ മാഫിയയുടെ രഹസ്യ ദൗത്യത്തിൽ പ്രധാനിയായി കെനിയയിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ  മുന്നോടിയായാണ് 'അംഗരക്ഷകരെ ആവശ്യമുണ്ട്, എന്ന പരസ്യം ഇവർ പത്രങ്ങളിൽ കൊടുത്തത്. 

നൈറോബിയിലെ ഒരു പഴയ ഗോഡൗണിലാണ് ഇനിപ്പറയുന്ന സംഭവം അരങ്ങേറുന്നത്. പുറത്തു മഴ പെയ്ത് തുടങ്ങി. അകത്തേക്ക് കാറ്റ് വീശിയടിക്കുന്നുണ്ട്. ഇരുണ്ട വെളിച്ചത്തിൽ നീളുന്ന നിഴലുകൾ ഭീതിജനകമായി കുലുങ്ങി.

കതക് തുറക്കുമ്പോൾ, ആദ്യമായി അകത്തേക്ക് കയറുന്നത് റമോൺ കബേര ടോറസ് ആണ്. അയാളുടെ ചുണ്ടിൽ ക്യൂബൻ സിഗാർ എരിയുന്നു. അതിന്റെ ഗന്ധം അവിടമാകെ പരക്കാൻ തുടങ്ങി. അയാളുടെ പിന്നിൽ ക്യൂബൻ മാഫിയായുടെ 'എൽ സർക്കുലോ വീജോ' എന്ന പഴയ കൂട്ടായ്മയിലെ സഹായികൾ.

ഗോഡൗണിന്റെ മറുവശത്ത്, കെനിയയിലെ ദരിദ്രരായ കറുമ്പന്മാരാണ് ഏറെയും. അവർ കാത്തിരിക്കുന്നു. അവരുടെ മുന്നിലേക്കാണ് റമോണും സംഘവും എത്തിയിരിക്കുന്നത്. ഇന്റർവ്യൂവിന് എത്തിയിരിക്കുന്നവർക്ക്  ഇത് ഒരു ജോലി മാത്രമാണ്. എങ്ങിനെ ആയാലും ജീവിക്കാനുള്ള പണം കിട്ടണം. 

പ്രധാന കസേരയിൽ അയാൾ ഇരുന്നു. അതിനു പിന്നിലായി പിറകെ വന്നവർ നിരന്നു നിന്നു. തന്റെ ചെറിയ കറുത്ത ഫയൽ തുറന്നു.

ഓരോരുത്തരെയും സൂക്ഷ്മമായി നോക്കി. എന്നിട്ട് ഫയൽ മേശപ്പുറത്തു വച്ചു. അയാളുടെ ശബ്ദം കരിങ്കല്ലിന്റെ പുറത്ത് ചിരട്ട ഉരക്കുന്നതുപോലെ കനത്തതായിരുന്നു.

'ഞങ്ങൾ ജോലിക്കാരെ തിരഞ്ഞെടുക്കുന്നില്ലവിശ്വസ്തരെയാണ് തെരഞ്ഞെടുക്കുന്നത്.'

ഇന്റർവ്യുവിന് വന്നവർക്ക് അതൊന്നും അറിയില്ലായിരുന്നു. അറിയണമെന്ന ആഗ്രഹം അതിൽ ഒരാൾ ഒഴിച്ച് ആർക്കും ഇല്ലായിരുന്നു.

(തുടരും)

ജോഷി ജോർജ്

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam