കഥ ഇതുവരെ : കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതിനെ ചുറ്റിപ്പറ്റി ന്യൂയോർക്കിലെ ദി വേൾഡ് ടൈംസ് ന്യൂസ് പേപ്പറിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ. അതിനിടെ ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിന് മലയാളിയായ റിപ്പോർട്ടർ റോബിൻസ് നിയോഗിക്കപ്പെടുന്നു. തെളിവില്ലാതെ കിടന്ന ഒരു കോലപാതക കേസിൽ പ്രതിയെ കണ്ടെത്തുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി അവൻ കെനിയായിലേക്ക് പോകുന്നു. തുടർന്നു വായിക്കുക
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി. എരിഞ്ഞടങ്ങുന്ന പകൽ. വിമാനത്താവളത്തിൽ നിന്നും റോബിൻസ് എട്ടുകിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു. കൂടെ അയാളെ സ്വീകരിക്കാൻ വേൾഡ് ടൈംസിന്റെ നെയ്‌റോബി ബ്യൂറോയിൽ നിന്നും എത്തിയ കെവിൻ ഒട്ടീനോ എന്ന ചെറുപ്പക്കാരനുമുണ്ട്.
ഇനിയുമുണ്ട് ആറ് കിലോമീറ്റർ. ചൂടൻ കാറ്റ് ഗ്ലോബൽ പ്രസ്സ് ബ്യൂറോയുടെ മുന്നിലെ ഫ്‌ളാഗ്‌പോൾ ചുറ്റി മെല്ലെ വീശി മടങ്ങുന്നു. കെനിയാട്ട നാഷണൽ ഹോസ്പിറ്റലിന് അടുത്താണ് ദി വേൾഡ് ടൈംസിന്റെ നെയ്‌റോബി ബ്യൂറോ. റോബിൻസ് സഞ്ചരിച്ച ടൊയോട്ട കൊറോള കാർ അപ്പർ ഹിൽ ടോപ്പ് റോഡിലേക്ക് കയറി. നഗരത്തിന്റെ ബഹളങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നു. ഒടുവിൽ കാർ ഹിൽടോപ്പ് റീജൻസിയിലേക്കു കടന്നു നിന്നു.
ഡ്രൈവർ ഭവ്യതയോടെ ഡോർ തുറന്നു കൊടുത്തു. അപ്പോഴേക്കും റോബിൻസിനെ സഹായിക്കാൻ നിയോഗിച്ച കെവിൻ, റോബിൻസിന്റെ സൂട്ട് കെയിസ് എടുക്കാൻ എത്തിയ ഹോട്ടൽ ബോയിയുടെ സഹായത്തിനെത്തി.
എല്ലാം മുൻകൂട്ടി ബ്യൂറോയിൽ നിന്നും ഏർപ്പാടാക്കിയിരുന്നതിനാൽ റിസപ്ഷനിൽ ഇരുന്ന ചുറുചുറുക്കുള്ള യുവതി ഔപചാരികമായി പുഞ്ചിരിച്ചകൊണ്ട് പറഞ്ഞു:
'ഹിൽടോപ്പ് റീജൻസിയിലേക്ക് സ്വാഗതം, മിസ്റ്റർ റോബിൻസ്. നിങ്ങളുടെ റൂം തയ്യാറാണ്. നമ്പർ 402.'
റോബിൻസ് അവരോട് നന്ദി പറഞ്ഞു.
അപ്പോൾ അവിടെ കാത്തു നിന്ന റൂം ബോയിയെ ആ യുവതി വിളിച്ച് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. അവർ നൽകിയ താക്കോലും വാങ്ങി റോബിൻസിന്റെ സൂട്ട് കെയിസുമെടുത്ത് അവൻ ലിഫ്റ്റിനടുത്തേക്കു നീങ്ങി.
റോബിൻസിനോട് യാത്രപറഞ്ഞ് കെവിൻ പത്രം ഓഫീസിലേക്ക് പോയി. റൂം ബോയിയുടെ പിന്നാലെ പോയി മുറിയുടെ സൗകര്യങ്ങളൊന്നും പരിശോധിക്കാൻ ഒരുമ്പെട്ടില്ല റോബിൻസ്. കൗണ്ടറിൽ നിന്നുകൊണ്ടുതന്നെ അയാൾ ആ അന്തരീക്ഷം ഒന്നുവിലയിരുത്തി.
ആ മുറിയിലെ തറയാകെ മാർബിൾ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ചുവരിൽ കൊത്തുപണികൾ നടത്തിയ പൈൻ പലകയും പതിച്ചിരിക്കുന്നു. കൗണ്ടറിനു മുന്നിലുള്ള ചത്വരത്തിൽ കുഷ്യനിട്ട ഇരിപ്പിടങ്ങളും. അതിൽ ഒന്നിൽ റോബിൻസ് ഇരുന്നു. അന്നത്തെ പ്രധാന പത്രങ്ങൾ ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി. അതിൽ ലിബിയായിലെ ഒരു സംഘടനയുടെ പരസ്യം ക്ലാസിഫൈഡ് കോളത്തിൽ കണ്ടു.
'അംഗരക്ഷകരെ ആവശ്യമുണ്ട്, കറുത്ത വംശജരായവർക്ക് മൻഗണന. 35ന് താഴെ പ്രായവും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. മികച്ച ശമ്പളം, ശോഭനമായ ഭാവി, വിദ്യാഭ്യാസം പ്രശ്‌നമല്ല, നിലവിൽ എന്തു ചെയ്യുന്നു എന്ന് വിശദമായി എഴുതി അറിയിക്കുക. ബോക്‌സ് 1174.'
കറുത്ത വംശജനല്ലെങ്കിലും ഒരു തമാശയ്ക്കായി ആ ജോലിക്ക് അപേക്ഷിക്കാൻ റോബിൻസ് തീരുമാനിച്ചു. ഏതുവഴിയാണ് വാർത്ത വരുന്നതെന്നറിയില്ലല്ലോ..!
അപരിചിതങ്ങളായ പ്രദേശത്ത് വാർത്താ റിപ്പോർട്ടിങ്ങിനായി നിയോഗിക്കപ്പെടുമ്പോൾ ആ പ്രദേശത്തെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കണം. എന്നാൽ മാത്രമേ ഒരു പ്രാദേശികത്വം വാർത്തകൾക്ക് അന്തർധാരയായി നൽകാൻ കഴിയു. അക്കാര്യത്തിൽ നിർബന്ധം പിടിക്കുന്ന ആളാണ് വേൾഡ് ടൈംസിന്റെ എക്യസിക്യൂട്ടീവ് എഡിറ്റർ. അത് അക്ഷരം പ്രതി പാലിക്കാൻ താൽപ്പര്യപ്പെടുന്നവനാണ് റോബിൻസ്.
ഇതിനോടകം ആഫ്രിക്കയെക്കുറിച്ചും, പ്രത്യേകിച്ച് കെനിയയെക്കുറിച്ചും സാമാന്യമായ അറിവുണ്ടാക്കാൻ റോബിൻസ് കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. എങ്കിലെ ഇവിടത്തെ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ തീവ്രത പകരാൻ കഴിയു. ഹാൻഡ്ബാഗിൽ സൂക്ഷിച്ചിരുന്ന ഡയറിയെടുത്ത് അയാൾ ഒരു വട്ടം കൂടി പരിശോധിച്ചു. ലൈബ്രറിയിൽ നിന്നും കെനിയയെക്കുറിച്ച് ശേഖരിച്ച കുറിപ്പുകൾ അതിലുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജനങ്ങൾ, സംസാരം, ജീവിതരീതി. ഇനി കെനിയയുടെ ഒരു മാപ്പ് കൂടി സംഘടിപ്പിക്കണം.
അയാൾ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ റസപ്ഷനിസ്റ്റ് പറഞ്ഞു:
'രാത്രി എട്ടരയ്ക്കു മുൻപ് മടങ്ങി വരണേ, അതുകഴിഞ്ഞാൽ റസ്റ്റോറന്റ് അടയ്ക്കും. ങാ..പിന്നെ ഒറ്റയ്ക്കു നടക്കുമ്പോൾ ശ്രദ്ധിക്കണം. പോക്കറ്റടിയും തട്ടിപ്പറിക്കലുമൊക്കെ ഇവിടെ പതിവാ..!'
റോബിൻസ് തല കുലുക്കിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
എന്തായാലും മുറിയിൽ കയറാതെ അയാൾ നഗരം കാണാനിറങ്ങി. പറഞ്ഞു കേട്ടിട്ടുള്ളതും പിന്നെ, പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുള്ളതുമായ കെനിയ..! അതിന്റെ യഥാർത്ഥ മുഖം അടുത്തുകണ്ടപ്പോൾ റോബിൻസിന് അത്ഭുതം തോന്നി. പരിഷ്‌കൃത രാജ്യങ്ങളിലേതുപോലുള്ള കെട്ടിടങ്ങൾ. നഗരത്തിലെ ഏറ്റവും ജനസാന്ദ്രമായ തെരുവിലേക്കു തിരിഞ്ഞു. ഇരുവശവും നിറയെ കടകൾ. മുന്നിൽ വിൽക്കുന്നവരുടേയും വാങ്ങുന്നവരുടേയും വർത്തമാനങ്ങൾ. വിലപേശലുകൾ.
അതിനിടയിൽ ഗ്ലോബുകളും ഭൂപടങ്ങളുമൊക്കെ വിൽക്കുന്ന ഒരു സ്റ്റോർ കണ്ടു. ഉടനെ റോബിൻസ് അങ്ങോട്ടു കയറി. അവിടെ സെയിൽസിൽ നിന്ന സ്ത്രീയോടാണ് ചോദിച്ചത്.
'കെനിയായുടെ ഒരു ഭൂപടം വേണം.'
അയാൾ പറഞ്ഞത് അവർക്ക് മനസ്സിലായില്ലെന്നു തോന്നുന്നു.!
അവർ ചിരിച്ചുകൊണ്ട് കൗണ്ടറിന് അല്പം അകലെയായി ഇരിക്കുന്ന ഒരു മനുഷ്യനെ ചൂണ്ടിക്കാണിച്ചു. അദ്ദേഹം തടിച്ച ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. റോബിൻസ് അദ്ദേഹത്തിന്റെ സമീപത്തെത്തി അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.
'ഗുഡ് ഈവനിംഗ് സാർ'
അപരിചിതനെ കണ്ട് അയാൾ വായന നിർത്തി എഴുന്നേറ്റു.
'വെരി വെരി ഗുഡ് ഈവനിംഗ് '
'എന്താണ് താങ്കൾക്കു വേണ്ടത് '
അദ്ദേഹം ചോദിച്ചു.
'എനിക്ക് കെനിയായുടെ ഒരു ഭൂപടം വേണമായിരുന്നു.'
'തരാമല്ലോ, എന്താവശ്യത്തിലേക്കാണെന്നു പറഞ്ഞാൽ അതരുസരിച്ചുള്ളത് തരാമായിരുന്നു.'
'ഓ... നല്ലത്. ഞാനൊരു പത്രപ്രവർത്തകനാണ്. റോബിൻസ് എന്നാണ് എന്റെ പേര്. കെനിയായിലെ സാമൂഹീകസാമ്പത്തിക അന്തരീക്ഷം പഠിക്കാൻ ന്യൂയോർക്കിൽ നിന്നും വരികയാണ്.'
'വെൽഡൺ... പത്രം ഏതാണെന്നാണ് പറഞ്ഞത്.'
'വേൾഡ് ടൈംസ്.'
'അതുശരി..., നിങ്ങളുടെ സൂസൻ ക്ലാർക്കിന്റെ നയങ്ങളോട് ഏറെ ബഹുമാനമുള്ള ഒരാളാണ് ഞാൻ. മർഡോക്ക് ഇപ്പോൾ പത്രലോകത്ത് അശ്വമേധം നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയല്ലേ? പല വമ്പന്മാർ കടപുഴകി വീണപ്പോഴും അതിനെ ചെറുത്തു നിൽക്കാൻ അവർ കാണിക്കുന്ന ധൈര്യം ചെറുതല്ല.
1971 വാഷിംഗ്ടൺ പോസ്റ്റിന്റെ ഉടമ കാതറിൻ ഗ്രഹാം ലോകത്തെ ഇളക്കിമറിച്ച പെന്റഗൺ പേപ്പേഴ്‌സ് റിപ്പോർട്ടായിരുന്നു മറ്റൊരു ചങ്കൂറ്റം.'
ഒന്നു പുഞ്ചിരിച്ചുകൊണ്ട് റോബിൻസ് ചോദിച്ചു:
'താങ്കൾ സർവ്വീസിൽ...?'
'ഞാനൊരു റിട്ടേർഡ് പ്രൊഫസർ ആണ്. ചരിത്രം ആണ് എന്റെ വിഷയം.' പേര് സൈമൺ ഗിച്ചാരു. കെനിയാട്ട യൂണിവേഴിസിറ്റിയിലായിരുന്നു. ഇതെന്റെ മകന്റെ ഷോപ്പാണ്.'
'ഓ...താങ്കളുമായി പരിചയപ്പെട്ടതിൽ സന്തോഷം. അപ്പോൾ എന്നെ സഹായിക്കാൻ താങ്കൾക്കു കഴിയുമായിരിക്കും.'
എന്റെ സുഹൃത്ത് സിയാറഞ്ചി ചെസൈനക്ക് ആയിരിക്കും എന്നേക്കാൾ അധികം നിങ്ങളെ സഹായിക്കാൻ കഴിയുക. 1991ൽ നെയ്രോബി സർവകലാശാലയിലെ ഫാക്കൽറ്റിയിൽ അവരുണ്ടായിരുന്നു. അക്കാലം മുതൽ എനിക്കവരെ പരിചയമുണ്ട്. അവർ സാഹിത്യം, പ്രത്യേകിച്ച് ആഫ്രിക്കൻ സാഹിത്യം, സ്ത്രീ സാഹിത്യം, വാമൊഴി സാഹിത്യം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ദാരിദ്രത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള പഠനത്തിനായി ഒട്ടേറെ സമയം ചെലവഴിച്ച സ്ത്രീകൂടിയാണ്.
ഞാൻ അവരെ നിങ്ങൾക്കു പരിചയപ്പെടുത്തിത്തരാം.'
'ഓ...താങ്ക് യൂ..!'
റോബിൻസ് തലയാട്ടി സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു.
'ദക്ഷിണാഫ്രിക്കയിലേക്കുള്ള കെനിയയുടെ ഓഫീസ് ഹൈക്കമ്മീഷണർ പദവി അവർക്കു ഉടനെ ലഭിച്ചേക്കുമെന്നു കേൾക്കുന്നുണ്ട്.'
'തീർച്ചയായിട്ടും എനിക്കവരെ പരിചയപ്പെടണം. അങ്ങയുടെ ഫോൺനമ്പർ എനിക്കു തരു.'
റോബിൻസ് ഉടൻ സൈമൺ ഗിച്ചാരുവിന് സ്വന്തം നമ്പർ കൊടുക്കുകയും അദ്ദേഹത്തിന്റെ നമ്പർ വാങ്ങുകയും ചെയ്തു.
ഇതിനിടെ മികച്ച ഒരു ഭൂപടവും കെനിയായുടെ ചരിത്രം അടങ്ങുന്ന ഒരു കൈപ്പുസ്തകവും പാക്ക് ചെയ്ത് എടുക്കാൻ അദ്ദേഹം ഒരുവന് നിർദ്ദേശം നൽകി.
കൗണ്ടറിൽ നിന്നും അത് വാങ്ങിക്കോളാൻ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഹസ്തദാനം നൽകി.
റോബിൻസ് കൗണ്ടറിൽ പണം അടച്ച് പാക്കറ്റും വാങ്ങി അവിടെ നിന്നും ഇറങ്ങി.
അയാൾ നിരത്തിലെത്തിയപ്പോൾ സന്ധ്യയായി. നീയോൺ ലൈറ്റുകൾ തെളിഞ്ഞു. വണ്ടികളിൽനിന്നും ഉയരുന്ന ഹോൺ ശബ്ദം. അതിനിടയിലാണ് സിഡി വില്പനക്കാരുടെ സ്പീക്കറിൽനിന്നുമുള്ള ഇടിമുഴക്കം പോലുള്ള ശബ്ദം. എല്ലാം കൂടി പ്രകമ്പനം കൊള്ളിക്കുമ്പോൾ തന്നെ ആ തെരുവിലേക്ക് ചൂടൻ കാറ്റു വീശിയടിച്ചുകൊണ്ടിരുന്നു.
തെരുവുകളിൽ ചെറുകിട വ്യാപാരികൾ ചായ, ചപ്പാത്തി, സമോസ എന്നിവയുടെ വില്പനകളിൽ മുഴുകിയിരിക്കുകയാണ്. അപ്പോഴാണ് പെട്ടെന്നൊരു ബഹളം. ഒരു ഇലക്ട്രോണിക് കടയുടെ മുന്നിൽനിന്നാണ് ശബ്ദം ഉയരുന്നത്.
ഒരു കെനിയൻ കൗമാരക്കാരൻ. പിടിവലിയിൽ അവന്റെ ഷർട്ട് കീറിയിരുന്നു. കാലിൽ പഴയ റബ്ബർ ഷൂ അവൻ തല താഴ്ത്തി പാഞ്ഞോടി വരുന്നു. അവന്റെ കൈയിൽ ഒരു ടേപ്പ് റെക്കോർഡർ ഉണ്ട്. അതവൻ മാറത്തടക്കിപ്പിടിച്ചിരിക്കുകയാണ്. ഒരു ഇടവഴിയിൽ നിന്നും നേരെ വന്നു നിന്നത് റോബിൻസിന്റെ മുന്നിൽ.
കാര്യം എന്തെന്നു മനസിലാകും മുമ്പ് അവൻ ഇടം വലം നോക്കിയ ശേഷം റോബിൻസിന്റെ വാച്ച് കൈയ്യിൽനിന്നും ബലമായി വലിച്ചുപറിച്ചെടുത്തു. പിന്നെ നിരത്തിലേക്ക് റോബിൻസിനെ ശക്തിയോടെ തള്ളി. വീഴാൻ ഭാവിച്ച റോബിൻസൻസ് ഇടതു കൈ നിലത്തുകുത്തി. അതുകൊണ്ട് രക്ഷപെട്ടു.
അയാൾ റോഡിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും അക്രമി സ്ഥലം വിട്ടിരുന്നു. ഇതിനകം ആ തെമ്മാടിയുടെ പിന്നാലെ ഒരു സംഘം ആളുകൾ വടിയും മറ്റുമായി പാഞ്ഞു പോയി. അവരിലൊരുത്തൻ എന്താണ് പറ്റിയതെന്നു റോബിൻസിനോടു ചോദിച്ചു.
അയാൾ അതിനുത്തരം പറയുംമുമ്പ് മൊബൈൽ ഫോൺ ശബ്ദിച്ചു.
മറുതലയ്ക്കൽ അപ്പോൾ കടയിൽ കണ്ട പ്രൊഫ. സൈമൺ ഗിച്ചാരു ആയിരുന്നു.
'ഹലോ... റോബിൻസ് എന്താണ് സംഭവിച്ചത്..? ഞാനങ്ങോട്ടു വരാം പോലീസിൽ അറിയിക്കണം..
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
