ലക്ഷദ്വീപിലേത് അത്യുന്നത ലക്ഷ്യങ്ങൾ

FEBRUARY 25, 2026, 8:36 AM

ഇസ്‌ളാമിക തീട്ടൂരങ്ങളുടെ അടച്ചുറപ്പുള്ള ഹറാമിനും ഹലാലിനും മധ്യേ അനിവാര്യ തിന്മയായ മദ്യത്തിന് ഇടം നൽകാൻ നിർബന്ധിതമാകുന്നതിന്റെ അസ്വാസ്ഥ്യത്തിൽ ഉലഞ്ഞ് ലക്ഷദ്വീപ്. ടൂറിസ വികസനവും വിനോദ സഞ്ചാരികളെ ആകർഷിക്കലും ചൂണ്ടിക്കാട്ടി ഭരണകൂടം പുതിയ നയത്തിന് അംഗീകാരം നൽകിയതു വഴി മദ്യ നിരോധനത്തിന് അയവു വരുന്നതിനെതിരെ കനത്ത തോതിലുള്ള പ്രതിഷേധമാണ് ദ്വീപ് ജനതയിൽ നിന്നുയരുന്നത്.

നിലവിലെ സ്വച്ഛാന്തരീക്ഷവും സാംസ്‌കാരിക പാരമ്പര്യവും നശിപ്പിക്കുന്ന കോർപ്പറേറ്റ് ടൂറിസ മോഡൽ ദ്വീപിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം വിദഗ്ധരിൽ നിന്നുൾപ്പെടെ ഉയരുമ്പോഴും ഈ കേന്ദ്ര ഭരണ പ്രദേശത്തിനായി അത്തരം പദ്ധതികളും പരിപാടികളും ഒന്നിനു പിന്നാലെ ഒന്നായി ആവിഷ്‌കരിക്കപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ വിവാദപരമായ പരിഷ്‌കാരങ്ങളുടെ പരമ്പര ദ്വീപുവാസികളെ ബുദ്ധിമുട്ടിക്കവേ, കേരളത്തിലും പ്രതിഷേധമുയരുക സ്വാഭാവികം. കേവലം നിയമപരമായ മാറ്റമല്ല, ഒരു ജനതയുടെ സ്വത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ലക്ഷദ്വീപിൽ മദ്യമൊഴുക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമെന്ന ആരോപണമാണുയരുന്നത്. 

കേരളവും ലക്ഷദ്വീപും തമ്മിലുള്ള പൗരാണിക ബന്ധത്തെക്കുറിച്ച് ചരിത്രവും പുരാണങ്ങളും വാചാലമാണ്. എ.ഡി മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിൽ നിന്നുള്ള വള്ളക്കാരാണത്രേ ഈ ചെറു ദ്വീപുകളുടെ കൂട്ടം ആദ്യമായി കണ്ടെത്തിയത്. ഒരു ചേരമാൻ പെരുമാൾ തന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്ന് മക്കയിലേക്ക് ഒളിച്ചോടി. നാട്ടിൽ നിന്നുള്ള തിരച്ചിൽ സംഘങ്ങൾ പല നൗകകളിലായി അദ്ദേഹത്തെ പിന്തുടർന്നു. ഇപ്പോൾ ബംഗാരം എന്നറിയപ്പെടുന്ന ദ്വീപിനരികെ ഒരു കൊടുങ്കാറ്റിൽ ഇവയിലൊന്ന് തകർന്നു. നൗകയിലുണ്ടായിരുന്നവർ രക്ഷപ്പെട്ട് ബംഗാരത്തും സമീപത്തുള്ള അഗത്തിയിലും കുറച്ചു കാലം തങ്ങി. കാലാവസ്ഥ തെളിഞ്ഞ് വൻകരയിലേക്ക് മടങ്ങവേ അവർ കൂടുതൽ ദ്വീപുകൾ കണ്ടു. അവയെല്ലാം ചേർന്നതാണ് ലക്ഷദ്വീപ്.

vachakam
vachakam
vachakam

പരമ്പരാഗതമായ കേരളീയ ഇസ്ലാമിക സംസ്‌കാരം തുടച്ചുനീക്കി ഉത്തരേന്ത്യൻ സംസ്‌കാരം ദ്വീപു നിവാസികളിൽ അടിച്ചേൽപ്പിക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെയും സംഘത്തിന്റെയും ശ്രമമെന്ന് 2021 മുതൽ ഉയർന്നു വരുന്ന ആക്ഷേപം ശക്തമാകാൻ ഇടയാക്കി പുതിയ മദ്യ നയം. ദ്വീപുകാരുടെ ഭാഷ (മലയാളം), വേഷം, ആചാരങ്ങൾ എന്നിവ കേരളവുമായി ഒത്തുപോകുന്നതാണ്. കൊച്ചി, കോഴിക്കോട് തുറമുഖങ്ങളുമായാണ് ലക്ഷദ്വീപ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ചികിത്സ, വിപണനം എന്നിവയ്ക്കായി ദ്വീപ് നിവാസികൾ പ്രധാനമായും കേരളത്തെ് ആശ്രയിക്കുന്നു. ലക്ഷദ്വീപിന്റെ നിയമപരമായ കാര്യങ്ങളുടെ ഉന്നത അധികാരം കേരള ഹൈക്കോടതിക്കാണ്. 2011 ലെ സെൻസസ് പ്രകാരം, ലക്ഷദ്വീപിലെ ജനസംഖ്യ 64,473 മാത്രം. ഇതിൽ 96.5% പേർ മുസ്ലീങ്ങളാണ്. ന്യൂനപക്ഷ ജനസംഖ്യയിൽ ഹിന്ദുക്കളും (2.77%) ക്രിസ്ത്യാനികളും (0.49%) ഉൾപ്പെടുന്നു.

എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ മുസ്ലീം ആധിപത്യം ദ്വീപുകളിൽ വ്യാപിച്ച കാര്യം വ്യക്തമാണ്. 1498ൽ വാസ്‌കോ ഡി ഗാമ കോഴിക്കോട് തീരത്ത് കാലുകുത്തിയ അതേ വർഷം തന്നെ പോർച്ചുഗീസുകാർ ദ്വീപ് പിടിച്ചെടുത്തു. 1545ൽ ദ്വീപുവാസികളുടെ കലാപം തീക്ഷ്ണമായതോടെ ആ ഭരണം അവസാനിച്ചു.പിന്നീട് ദ്വീപുകൾ കണ്ണൂർ അറക്കൽ രാജകുടുംബത്തിന്റെ കീഴിലായി. ബീബിമാർ (സ്ത്രീ ഭരണാധികാരികൾ) ആണു ഭരിച്ചത്. പിന്നെ ടിപ്പു സുൽത്താന്റെ മലബാർ ആക്രമണം ഉണ്ടായി. ലക്ഷദ്വീപ് അദ്ദേഹത്തിന്റെ കൈകളിലെത്തി.

1799 ആയപ്പേഴേക്കും ടിപ്പുവിനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. 1907 വരെ ഇംഗ്ലീഷ് ഭരണം അവ്യക്തമായി തുടർന്നപ്പോൾ മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയുടെ ഭാഗമായി, അതായത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ്. സ്വാതന്ത്ര്യലബ്ധിക്കാലത്തും അതിനുശേഷവും മലബാർ ജില്ലയുടെ ഭാഗമായിരുന്നു. ഈ സ്ഥലം ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലൻ ആണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോടാവശ്യപ്പെട്ടത്. അങ്ങനെ കേരളം പിറന്ന അതേ ദിവസം 1956 നവംബർ 1 ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

രാഷ്ട്രീയ അജണ്ട? 

കേന്ദ്രം ഭരണം നേരിട്ട് നിർവഹിക്കുന്ന ലക്ഷദ്വീപിന് രാഷ്ട്രീയ പ്രാതിനിധ്യം നന്നേ പരിമിതമാണ്. ലോക്‌സഭയിൽ ഒരംഗം മാത്രമുള്ള ഈ ചെറുസമൂഹത്തിന് തങ്ങളുടെ നയപരമായ കാര്യങ്ങൾ നിർണയിക്കാനും നടപ്പാക്കാനും പര്യാപ്തമായ ഭരണഘടനാപരമായ ശക്തിയില്ല. എക്കാലവും പൊതുവിൽ മദ്യനിരോധം നിലനിന്ന പ്രദേശമാണ് ലക്ഷദ്വീപ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശമാണിത്. മദ്യരഹിത അന്തരീക്ഷമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിനോദ സഞ്ചാരികൾക്കായി ജനവാസമില്ലാത്ത ബംഗാര ദ്വീപിൽ മാത്രം ഇതുവരെയും മദ്യം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. പ്രദേശിക ജനങ്ങളുടെ മത സാംസ്‌കാരിക സ്വഭാവവും സാമൂഹിക ഘടനയും പരിഗണിച്ചാണ് ജനവാസമുള്ള ദ്വീപുകളിൽ മദ്യത്തിന് കർശന വിലക്കേർപ്പെടുത്തിയത്. ഈ സവിശേഷതയെയും സംസ്‌കാരത്തെയും അവഗണിച്ചാണ് ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിലും മദ്യം വിളമ്പാൻ അനുമതി നൽകി ഉത്തരവിറക്കിയത്.

അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കാൻ മദ്യം വിളമ്പണമെന്നാണ് വാദം. അതേസമയം, അതാത് പ്രദേശത്തെ ജനങ്ങളുടെ ജീവിത രീതിയും സാംസ്‌കാരിക സവിശേഷതകളും കണക്കിലെടുത്തു വേണം ടൂറിസ വികസനം നടപ്പാക്കേണ്ടതെന്ന അഭിപ്രായവും ശക്തം. ജനവാസ കേന്ദ്രങ്ങളിൽ മദ്യം വിളമ്പിത്തുടങ്ങുന്നതോടെ കുടുംബകലഹങ്ങളും ഗാർഹിക പീഡനങ്ങൾ ഉൾപ്പെടെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും വർധിക്കുകയും യുവതലമുറ ലഹരിക്കടിപ്പെടുകയും ചെയ്യും. ജനങ്ങൾ ഒത്തൊരുമയിലും തികഞ്ഞ ഐക്യത്തിലും പരസ്പര ആശ്രയത്വത്തിലുമാണ് ദ്വീപിൽ കഴിഞ്ഞു വരുന്നത്. മദ്യത്തിന്റെ വ്യാപനം ഈ നല്ല കുടുംബ സാമൂഹിക അന്തരീക്ഷത്തിൽ വില്ലനായി മാറും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യലഭ്യത ഗുരുതര പ്രത്യാഘാതങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു.  

vachakam
vachakam
vachakam

സാമ്പത്തിക ഉന്നതിയാണ് പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമാക്കുന്നതെങ്കിലും ദ്വീപ് നിവാസികൾക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് ജനങ്ങൾ പറയുന്നു. പുറത്ത് നിന്നുള്ള വൻകിട ബിസിനസ്സുകാരുടെയും ഭരണകൂടത്തിന്റെയും ഖജനാവിലേക്ക വരുമാനം പോകും. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകർക്കുന്ന പരിഷ്‌കാരങ്ങൾ വികസനമല്ല, കടുത്ത നാശവും കൊടിയ ദ്രോഹവുമാണ്. വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലവസരങ്ങളും ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെടുത്തിയാണ് ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തേണ്ടത്; മദ്യശാലകളിലൂടെയല്ല. 

സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ അവരുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിച്ചു കൊണ്ട് തന്നെ ടൂറിസം വളർത്തുന്നു. പവിഴപ്പുറ്റുകൾ, അപൂർവ സമുദ്രജീവികൾ, തെളിനീർ തടാകങ്ങൾ, സാഹസിക ജല കായിക വിനോദങ്ങൾ, മലിനമല്ലാത്ത പ്രകൃതി, സമാധാനാന്തരീക്ഷം തുടങ്ങി പ്രകൃതിപരവും പാരമ്പര്യപരവുമായ സവിശേഷതകളാണ് വിനോദസഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ആകർഷിക്കുന്നത്. മദ്യനിരോധം നിലനിൽക്കെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ആളുകൾ ഇവിടെ എത്തിച്ചേരുന്നു. 

പരിസ്ഥിതി ലോലപ്രദേശമാണ് ലക്ഷദ്വീപ്. മദ്യവിതരണം വ്യാപകമാകുന്നതോടെ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കാനിടയാകുകയും ഇത് ദ്വീപിന്റെ ഭൂപ്രകൃതിയെയും കടൽസമ്പത്തിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ജനസംഖ്യയും സ്ഥലപരിമിതിയും കണക്കിലെടുക്കുമ്പോൾ മാലിന്യ സംസ്‌കരണം ഭാവിയിൽ വലിയ വെല്ലുവിളിയായി മാറുകയും ചെയ്യും.

പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ ശേഷം ലക്ഷദ്വീപിൽ വേറെയും പല പരിഷ്‌കരണങ്ങളും നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. വികസന പദ്ധതികളുടെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന ലക്ഷദ്വീപ് വികസന അതോറിറ്റി നിയന്ത്രണം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ നടപ്പാക്കിയ ഗുണ്ടാനിയമത്തിന് സമാനമായ തടങ്കൽ വ്യവസ്ഥ, രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത, ബീഫ് നിരോധം, സർക്കാർ സ്‌കൂളുകളിലെ പ്രദേശിക അധ്യാപകരെ പിരിച്ചുവിടൽ തുടങ്ങി 2021ൽ പ്രഫുൽ ഖോഡ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങൾ കടുത്ത വിമർശവും എതിർപ്പും ക്ഷണിച്ചുവരുത്തി. സമാധാനത്തിന്റെ തുരുത്തിനെ ഹിന്ദുത്വ അജൻഡകളുടെ പരീക്ഷണ ശാലയായി മാറ്റരുതെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam